‘പഞ്ചാബിലെ ക്രിസ്ത്യൻ സ്കൂളുകളിൽ ശിരോവസ്ത്ര നിരോധനമില്ല, തലപ്പാവു ധരിച്ചു തന്നെ സിഖ് വിദ്യാർഥികൾ പഠിക്കുന്നു’ -ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി സുദേഷ് എം. രഘു
text_fieldsകൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ വിവാദ ശിരോവസ്ത്ര നിരോധനവും പഞ്ചാബിലെ ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളുകളുടെ ഈ വിഷയത്തിലുള്ള നിലപാടും ചർച്ചയാക്കി ആക്ടിവിസ്റ്റ് സുദേഷ് എം. രഘു. പഞ്ചാബിലെ സേക്രഡ് ഹാർട്സ് കോൺവെൻറ് സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിൽ സിഖ് ടർബൻ ധരിച്ച സിഖ് വിദ്യാർഥികളുടെ ചിത്രം അടക്കം പങ്കുവെച്ചാണ് സുദേഷിന്റെ ഫേസ്ബുക് കുറിപ്പ്.
‘സിഖ് കുട്ടികൾ അവരുടെ തലപ്പാവു ധരിച്ചു തന്നെ, അതു ധരിക്കാത്ത മറ്റു കുട്ടികളോടൊപ്പം ഇത്തരം ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളുകളിൽ പഠിക്കുന്നുണ്ട്. പഞ്ചാബിലെ ഒരു സ്കൂളിൽ പോലും യൂണിഫോമിറ്റി തകർന്ന് തരിപ്പണമായിപ്പോകുമെന്നു പേടിച്ചു ശിരോവസ്ത്ര നിരോധനം ക്രിസ്ത്യൻ മാനേജ്മെന്റ് നടത്തിയിട്ടില്ല. അത് കോമൺ സെൻസ് ആവാം, സിഖുകാരോടുള്ള വെറുപ്പില്ലായ്മ ആവാം, സിഖുകാരെ എക്സ്ക്ലൂഡ് ചെയ്തു് പഞ്ചാബിൽ നിൽക്കാൻ കഴിയില്ലെന്ന പേടിയാവാം, അങ്ങനൊരു ഇഷ്യു ഉണ്ടായാൽ സമൂഹം ഒന്നടങ്കം സിഖുകാർക്കൊപ്പം നിൽക്കും എന്ന ബോധ്യമാവാം, ഇറക്കത്തിൽ തള്ളും പോലെ ഈസി ആയി ചെയ്യാൻ പറ്റുന്ന മുസ്ലിം വിരോധം പോലെ സിഖുകാരോടു കാണിക്കാൻ പറ്റില്ലെന്ന തിരിച്ചറിവാവാം.. എന്തുമാവാം’ -സുദേഷ് അഭിപ്രായപ്പെട്ടു.
പഞ്ചാബിലെ സിഖ് കുട്ടി തകർക്കാത്ത യൂണിഫോമിറ്റി കേരളത്തിലെ മുസ്ലിം കുട്ടി തകർക്കും എന്ന ചിന്തയാണ് ആന്റി മുസ്ലിം സെന്റിമെന്റ്സ്.. അതിനി മുസ്ലിംകൾ ആയിട്ടു കൂട്ടാനോ കുറക്കാനോ ഒന്നും പറ്റില്ല. എന്നിരുന്നാലും, മുസ്ലിംകൾ ഈ വിഷയത്തിൽ ഇടപെടുമ്പോൾ, അപര വിദ്വേഷം ഉണ്ടാക്കാത്ത രീതിയിലുള്ള സൂക്ഷ്മത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
പഞ്ചാബിൽ നൂറോളം സ്കൂളുകൾ കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. നൂറു കണക്കിനു സിഖ് വിദ്യാർഥികളും അല്ലാത്തവരും അവിടെ പഠിച്ചിറങ്ങുന്നുണ്ട്. സിഖ് കുട്ടികൾ അവരുടെ എസെൻഷ്യൽ റിലീജ്യസ് പ്രാക്ടീസ് ആയ തലപ്പാവു ധരിച്ചു തന്നെ, അതു ധരിക്കാത്ത മറ്റു കുട്ടികളോടൊപ്പം പഠിക്കുന്നുണ്ട്. പഞ്ചാബിലെ ഒരു സ്കൂളിൽ പോലും യൂണിഫോമിറ്റി തകർന്ന് തരിപ്പണമായിപ്പോകുമെന്നു പേടിച്ചു ശിരോവസ്ത്ര നിരോധനം ക്രിസ്ത്യൻ മാനേജ്മെന്റ് നടത്തിയിട്ടില്ല.
അത് കോമൺ സെൻസ് ആവാം, സിഖുകാരോടുള്ള വെറുപ്പില്ലായ്മ ആവാം, സിഖുകാരെ എക്സ്ക്ലൂഡ് ചെയ്തു് പഞ്ചാബിൽ നിൽക്കാൻ കഴിയില്ലെന്ന പേടിയാവാം, അങ്ങനൊരു ഇഷ്യു ഉണ്ടായാൽ സമൂഹം ഒന്നടങ്കം സിഖുകാർക്കൊപ്പം നിൽക്കും എന്ന ബോധ്യമാവാം, ഇറക്കത്തിൽ തള്ളും പോലെ ഈസി ആയി ചെയ്യാൻ പറ്റുന്ന മുസ്ലിം വിരോധം പോലെ സിഖുകാരോടു കാണിക്കാൻ പറ്റില്ലെന്ന തിരിച്ചറിവാവാം.. എന്തുമാവാം.
ഞാൻ ഈ ചേർത്തേക്കുന്ന ഫോട്ടോ പഞ്ചാബിലെ സെയ്ക്രെഡ് ഹാർട്സ് കോൺവെൻറ് സ്കൂളിലെ ഒരു ക്രിസ്മസ് സെലിബ്റേഷൻ ആണ്. ടർബൻ ധരിച്ച സിഖ് വിദ്യാർഥികൾ യൂണിഫോമിറ്റിക്ക് വല്ല തടസ്സവും ഉണ്ടാക്കുന്നതായി പരാതി ഉണ്ടോ..??
ഇത്രയും പറയാതെ ഞാൻ, "ഒരു സിഖ് വിദ്യാർത്ഥി പഠിക്കാൻ വന്നാൽ നിങ്ങൾ എന്തു ചെയ്യും " എന്നു ചോദിച്ചാൽ അതു ഹൈപ്പോതെറ്റിക്കൽ ചോദ്യം എന്നു പറഞ്ഞു കളയും. അതാണ് ഇത്രയും ഡീറ്റെയിലായി പറഞ്ഞത്.
കുറച്ചൂടെ പറയണമല്ലോ. ഓസ്ട്രേലിയയിലെ ഒരു ക്രിസ്ത്യൻ സ്കൂളിൽ ടർബന്റെ പേരിൽ സിഖ് കുട്ടിയെ പുറത്താക്കിയപ്പോൾ നിയമയുദ്ധം നടത്തി ആ കുട്ടിയെ തിരിച്ചെടുപ്പിച്ചു കുടുംബം.ഫ്രാൻസിലെ സ്കൂളിൽ ഇതു പോലെ സിഖ് കുട്ടിയെ പുറത്താക്കിയപ്പോൾ യുഎന്നിൽ പോയി വാദിച്ചാണു സിഖുകാർ കേസ് ജയിച്ചത്.. ഈ രണ്ടു രാജ്യങ്ങളിലും സിഖുകാർ മൈക്രോ മൈനോരിറ്റി ആണെന്നോർക്കണം.
പറഞ്ഞു വരുന്നത്, കേരളത്തിലെ ചില ക്രിസ്ത്യൻ സ്കൂളുകളിലെ ഈ ശിരോവസ്ത്ര നിരോധനം - ആരാണ് ഈ നിയമം വഴി എക്സ്ക്ലൂഡ് ചെയ്യപ്പെടുന്നതെന്ന് അറിഞ്ഞുകൊണ്ടു നിർമ്മിച്ചതു തന്നെയാണ്. മുസ്ലീങ്ങളുടെ ഡ്രസ്സ്, ചിഹ്നങ്ങൾ എല്ലാം തന്നെ "ഭീകരവാദ"മായും "മതഭ്രാന്താ"യും കാണുന്ന ഒരു സമൂഹത്തിൽ ഈ നിയമം വളരെ ഈസിയായി പൊതുസമൂഹം സ്വീകരിക്കും. ഇപ്പോൾത്തന്നെ സ്കൂളിനു കിട്ടുന്ന ആ പിന്തുണ എന്നത് "മുസ്ളീങ്ങളുടെ മത ഭ്രാന്തിനെതിരെ " എന്ന മട്ടിൽ ഉള്ളതു തന്നെയാണ്.
NB: ഒരു ലെഫ്റ്റ് ലിബറൽ വ്യക്തി എഴുതിയ പോസ്റ്റിൽ "ഇപ്പോ തന്നെ ക്രിസ്ത്യൻ സ്കൂളുകളിൽ ആന്റി മുസ്ലിം വികാരം രൂക്ഷമാണ്. മുസ്ലീങ്ങൾ വെറുതെ പ്രശ്നം രൂക്ഷമാക്കരുത് " എന്ന വാണിങ് കണ്ടു. പഞ്ചാബിലെ സിഖ് കുട്ടി തകർക്കാത്ത യൂണിഫോമിറ്റി കേരളത്തിലെ മുസ്ലിം കുട്ടി തകർക്കും എന്ന ചിന്തയാണ് ആ ആന്റി മുസ്ലിം സെന്റിമെന്റ്സ്.. അതിനി മുസ്ലീങ്ങൾ ആയിട്ടു കൂട്ടാനോ കുറക്കാനോ ഒന്നും പറ്റില്ല. എന്നിരുന്നാലും, മുസ്ലിങ്ങൾ ഈ വിഷയത്തിൽ ഇടപെടുമ്പോൾ, അപര വിദ്വേഷം ഉണ്ടാക്കാത്ത രീതിയിലുള്ള സൂക്ഷ്മത പാലിക്കണമെന്ന് എന്റെ മുൻപോസ്റ്റിൽ സൂചിപ്പിച്ചത് ഓർക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

