‘ഒരു മുസ്ലിം സഖാവ് എസ്.ഡി.പി.ഐ വിജയാഘോഷത്തിൽ പങ്കെടുത്താൽ നിങ്ങൾ എങ്ങനെ കാണും?’ -ചോദ്യവുമായി സുദേഷ് എം രഘു
text_fieldsകൊച്ചി: മണ്ണാർക്കാട് നഗരസഭയിലെ 24ാം വാർഡ് സ്ഥാനാർഥി അഞ്ജു സന്ദീപ് ബി.ജെ.പി സ്ഥാനാർഥിയുടെ വിജയാഹ്ലാദത്തിൽ പങ്കെടുത്ത് നൃത്തംചെയ്തതിൽ ചോദ്യവുമായി സാമൂഹിക പ്രവർത്തകൻ സുദേഷ് എം രഘു. ഒരു മുസ്ലിം സഖാവ് ഇതു പോലെ, ഒരു എസ്.ഡി.പി.ഐക്കാരന്റെ വിജയാഘോഷത്തിൽ പങ്കെടുത്തിട്ടു വന്നാൽ നിങ്ങൾ എങ്ങനെ കാണും അതിനെ? അവർ തമ്മിൽ വ്യക്തി ബന്ധം ഉണ്ടെന്നു കൂടി പറഞ്ഞാലോ? ‘നുഴഞ്ഞു കയറിയ മുസ്ലിം തീവ്രവാദി’ ആയിട്ടല്ലാതെ, നിങ്ങൾക്കു പിന്നെ ആ സഖാവിനെ കാണാൻ കഴിയുമോ?’ -അദ്ദേഹം ചോദിച്ചു.
‘‘ഗോലി മാരോ സാലോ കോ എന്ന് പൗരത്വ സമരക്കാരെപ്പറ്റി പ്രസംഗിച്ച അനുരാഗ് ഠാക്കൂറിനെ, "സ്വന്തം സഹോദരനെപ്പോലെ " എന്നാണ് എം ബി രാജേഷ് വിശേഷിപ്പിച്ചത്. സൗഹൃദം രാഷ്ട്രീയത്തിനതീതമാണെന്നും.
അവിടെയും എന്റെ മറ്റൊരു ചോദ്യം: മൂവാറ്റുപുഴ അഷ്റഫ് മൗലവി തന്റെ സഹോദരനെപ്പോലെയാണെന്ന് എ എ റഹീം പോസ്റ്റ് ഇടുന്നത് ഒന്നോർത്തു നോക്ക്? അല്ലെങ്കിൽ, ജയിലിൽക്കിടക്കുന്ന ഒരു പിഎഫ്ഐ നേതാവിനെ ഇതുപോലെ സഹോദര തുല്യനായിട്ട് റിയാസ് പറയുന്നത് ഓർത്തു നോക്കൂ? (ഒരിക്കലും റിയാസോ റഹീമോ അങ്ങനെ പറയില്ലെന്നതു വേറെ കാര്യം.എന്നു മാത്രമല്ല, തങ്ങൾ നേരിടുന്ന സ്ക്രൂട്ടിനി എന്താണെന്ന് അവർക്കു ബോധ്യവുമുണ്ട് )’ -സുദേഷ് എം. രഘു ചോദിച്ചു.
മണ്ണാർക്കാട് നഗരസഭയിലെ 24ാം വാർഡായ നമ്പിയംപടിയിൽ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ മത്സരിച്ച അഞ്ജു സന്ദീപാണ് ബി.ജെ.പി സ്ഥാനാർഥിയുടെ വിജയാഹ്ലാദത്തിൽ പങ്കെടുത്തത്. 30 വാർഡുകളുള്ള നഗരസഭയിൽ എട്ടിടങ്ങളിലാണ് സി.പി.എം സ്വന്തം ചിഹ്നത്തിൽ മത്സരിച്ചത്. അതിൽ പെട്ടതായിരുന്നു അഞ്ജു മത്സരിച്ച വാർഡായ നമ്പിയംപടി. ഇവിടെ യു.ഡി.എഫിന്റെ ഷീജ രമേശാണ് വിജയിച്ചത്.
ഇതിനുപിന്നാലെയാണ് കാരാകുറുശ്ശി പഞ്ചായത്തിലെ ആറാംവാർഡിൽ വിജയിച്ച ബി.ജെ.പി സ്ഥാനാർഥി സ്നേഹ രാമകൃഷ്ണന്റെ വിജയാഹ്ലാദ റാലിയിൽ അഞ്ജു പങ്കെടുത്തത്. പാട്ടിനനുസരിച്ച് അഞ്ജു നൃത്തം വെക്കുന്നതും പുറത്തുവന്ന വിഡിയോയിൽ കാണാം. അതേസമയം, ബി.ജെ.പി സ്ഥാനാർഥിയായ സ്നേഹ തന്റെ അടുത്ത സുഹൃത്താണെന്നും കൂടപ്പിറപ്പിനെ പോലെയാണെന്നുമാണ് അഞ്ജു പ്രതികരിച്ചത്. അടിയുറച്ച സഖാവായ താൻ ബി.ജെ.പിയിൽ ചേർന്നിട്ടില്ലെന്നും അവർ വ്യക്തമാക്കി.
സുദേഷ് എം രഘുവിന്റെ കുറിപ്പിന്റെ പൂർണരൂപം:
ലെഫ്റ്റ് സ്പെക്ട്രത്തിൽ നിൽക്കുന്ന ആൾക്കാരുടെ തന്നെ ചില സമയത്തെ ഒരു "സ്വയം വിമർശനം " ഉണ്ട്:
ഇടതുപക്ഷം / സിപിഎം മുസ്ലിം (വർഗീയ) സംഘടനകളെ ഒന്നും ചെയ്യുന്നില്ല, അവരെ വിമർശിക്കുന്നില്ല, അവരെ തഴുകുന്നു എന്നൊക്കെ.
ഇവർ പൊതുവേ, മുസ്ലിം വർഗീയത = ഹിന്ദു വർഗീയത എന്നു പറയുന്നവരും രണ്ടിനേം "ഒരുപോലെ " എതിർക്കണം എന്ന വാദക്കാരുമാണ്. (ചില ഇടതു സ്വയം വിമർശകർ, ഒരു പരിധികൂടി കടന്ന് മുസ്ലിം വർഗീയത, രാഷ്ട്രാന്തര തീവ്രവാദമാണെന്നും ഹിന്ദുത്വ, കേവലം ട്രോളുകൾ കൊണ്ടു നേരിടാവുന്ന ചീളു കേസാണെന്നും പറയുന്നുമുണ്ട് )
അവരോടാണ് എന്റെ ചോദ്യം:
ഒരു മുസ്ലിം സഖാവ് ഇതു പോലെ, ഒരു എസ്ഡിപിഐക്കാരന്റെ വിജയാഘോഷത്തിൽ പങ്കെടുത്തിട്ടു വന്നാൽ നിങ്ങൾ എങ്ങനെ കാണും അതിനെ? അവർ തമ്മിൽ വ്യക്തി ബന്ധം ഉണ്ടെന്നു കൂടി പറഞ്ഞാലോ? "നുഴഞ്ഞു കയറിയ മുസ്ലിം തീവ്രവാദി" ആയിട്ടല്ലാതെ, നിങ്ങൾക്കു പിന്നെ ആ സഖാവിനെ കാണാൻ കഴിയുമോ?
"ഗോലി മാരോ സാലോ കോ " എന്നു പൗരത്വ സമരക്കാരെപ്പറ്റി പ്രസംഗിച്ച അനുരാഗ് ഠാക്കൂറിനെ, "സ്വന്തം സഹോദരനെപ്പോലെ " എന്നാണ് എം ബി രാജേഷ് വിശേഷിപ്പിച്ചത്.. സൗഹൃദം രാഷ്ട്രീയത്തിനതീതമാണെന്നും.
അവിടെയും എന്റെ മറ്റൊരു ചോദ്യം:
മൂവാറ്റുപുഴ അഷ്റഫ് മൗലവി തന്റെ സഹോദരനെപ്പോലെയാണെന്ന് എ എ റഹീം പോസ്റ്റ് ഇടുന്നത് ഒന്നോർത്തു നോക്ക്? അല്ലെങ്കി, ജയിലിൽക്കിടക്കുന്ന ഒരു പിഎഫ്ഐ നേതാവിനെ ഇതുപോലെ സഹോദര തുല്യനായിട്ട് റിയാസ് പറയുന്നത് ഓർത്തു നോക്കൂ? (ഒരിക്കലും റിയാസോ റഹീമോ അങ്ങനെ പറയില്ലെന്നതു വേറെ കാര്യം.എന്നു മാത്രമല്ല, തങ്ങൾ നേരിടുന്ന സ്ക്രൂട്ടിനി എന്താണെന്ന് അവർക്കു ബോധ്യവുമുണ്ട് )
ബിജെപിക്കുള്ള ലെജിറ്റിമസി എന്നത് ഇവിടത്തെ ഒരു സൊകോൾഡ് "മുസ്ലിം വർഗീയ പാർട്ടിക്കും" ഇല്ല എന്നത് സഖാക്കളും മറ്റു "മതേതര" പാർട്ടിക്കാരും മനസ്സിലാക്കുന്ന അന്നേ, ഈ "ഒരു പോലെ എതിർക്കൽ" പരിപാടി നിൽക്കൂ..
സിപിഎമ്മിൽ നിൽക്കുന്ന ഹിന്ദു/ ക്രിസ്ത്യൻ വിഭാഗക്കാർക്കൊന്നുംതന്നെ, മുസ്ലിങ്ങൾക്കുള്ള പോലെ ബിജെപി വിരോധം ഒന്നുമില്ലെന്നും പലർക്കും കക്ഷിരാഷ്ട്രീയം, ഒരു മമ്മൂട്ടി- മോഹൻലാൽ ഫാൻ ഫൈറ്റ് പോലത്തെ നേരം പോക്കുവിഷയമാണെന്നും കൂടി തിരിച്ചറിയേണ്ടതുണ്ട്..
സുദേഷ് എം രഘു
2025 ഡിസംബർ 15 (6.45 പീഎം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

