കേരള പൊലീസ് മുന്നറിയിപ്പ്..!, 'അതിജീവിതയുടെ പേരിൽ സമൂഹ മാധ്യമങ്ങൾ വഴി വാർത്തകൾ പ്രചരിപ്പിക്കരുത്..കർശന നടപടി സ്വീകരിക്കും'
text_fieldsതിരുവനന്തപുരം: പീഡന പരാതിയിലെ അതിജീവിതയുടെ പേരിൽ സമൂഹ മാധ്യമങ്ങൾ വഴി വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. കേരള പൊലീസ് മിഡിയ സെന്റർ സമൂഹമാധ്യമങ്ങളിലൂടെയാണ് മുന്നറിയിപ്പ് പങ്കുവെച്ചത്.
നിയമ നടപടികൾക്ക് പുറമെ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കാനും ജില്ല പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. അതിജീവിതയെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ചാൽ കർശന നടപടിയെടുക്കുമെന്ന് സൈബര്‍ ഓപറേഷൻ ചുമതലയുള്ള എ.ഡി.ജി.പി എസ്. ശ്രീജിത്തും വ്യക്തമാക്കി. ഇരക്ക് സംരക്ഷണം കൊടുക്കാൻ പൊലീസ് ബാധ്യസ്ഥരാണ്. അതിജീവിതയുടെ സ്വത്വം വെളിപ്പെടുത്താന്‍ പാടില്ലെന്നും അദ്ദേഹം അറിയിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവതിക്ക് നേരെയാണ് സൈബർ ആക്രമണം ഉണ്ടായത്. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തും വിധമുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
അതേസമയം, അതിജീവിതയെ സൈബർ ഇടത്തിൽ അധിക്ഷേപിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സൈബർ പൊലീസ് കസ്റ്റഡിയിലെടുത്ത രാഹുലിനെ തിരുവനന്തപുരം എ.ആർ. ക്യാമ്പിലേക്ക് കൊണ്ടുപോയി. പരാതിയിൽ രാഹുലിനെ വിശദമായി ചോദ്യം ചെയ്യുകയാണ് സൈബർ പൊലീസ് സംഘം.
യുവതി നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സൈബർ പൊലീസ് വീട്ടിലെത്തി നോട്ടീസ് നൽകിയിരുന്നു. ഇതുപ്രകാരം സ്വന്തം വാഹനത്തിൽ ഭാര്യക്കൊപ്പമാണ് രാഹുൽ എ.ആർ. ക്യാമ്പിലെത്തിയത്. തുടർന്ന് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൂടാതെ, യൂട്യൂബ് ചാനലിൽ വിഡിയോ പോസ്റ്റ് ചെയ്ത രാഹുലിന്റെ ലാപ്ടോപ് പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ, ലാപ്ടോപ് തന്റെ കൈവശമില്ലെന്നും ഓഫിസിലാണെന്നും രാഹുൽ മറുപടി നൽകി. ചാനൽ ചർച്ചകൾ വഴി പരാതിക്കാരിയായ യുവതിയെ അപമാനിക്കുന്ന തരത്തിൽ പരാമർശനങ്ങൾ നടത്തുകയും യൂട്യൂബ് ചാനലിൽ വിഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തെന്നാണ് രാഹുൽ ഈശ്വറിനെതിരായ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

