സോഷ്യൽ മീഡിയ ഫീഡുകൾ ഇനി ‘ആറ്റി’ക്കുറുക്കിത്തരും
text_fields‘ആറ്റി’യിൽ ഉപയോക്താവിന് ലളിതമായ ഭാഷയിൽ നിർദേശങ്ങൾ നൽകി തങ്ങൾക്ക് കാണേണ്ടതും വായിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി സ്വന്തം ഫീഡുകൾ നിർമിക്കാം
നവ സമൂഹ മാധ്യമങ്ങൾക്ക് എഡിറ്റർ ഇല്ല എന്നാണ് പറയാറുള്ളതെങ്കിലും, അവിടെ നാം എന്ത് കാണണം, വായിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് അൽഗോരിതമാണ്. അൽഗോരിതത്തിന്റെ സൂത്രവാക്യങ്ങൾ ഉപയോഗിച്ച് ചില കാര്യങ്ങൾ കാണിക്കാനും മറ്റു ചിലത് മറച്ചുവെക്കാനും നവ സമൂഹ മാധ്യമങ്ങൾക്ക് കഴിയും. എന്നാൽ, ഇനി ആ രീതി മാറാൻ പോകുന്നു. ഉപയോക്താക്കൾക്ക് സ്വന്തം താൽപര്യത്തിനനുസരിച്ച് സോഷ്യൽ മീഡിയ ഫീഡുകൾ രൂപകൽപന ചെയ്യാൻ സഹായിക്കുന്ന ആപ് തയാറായി. ബ്ലൂസ്കൈ ആണ് ‘ആറ്റി’ (Attie) എന്ന പേരിൽ പുതിയ ആപ് അവതരിപ്പിച്ചിരിക്കുന്നത്.
കാനഡയിൽ നടന്ന ‘അറ്റ്മോസ്ഫിയർ’ ഉച്ചകോടിയിലാണ് ‘ആറ്റി’യുടെ ബീറ്റാ വേർഷൻ ഔദ്യോഗികമായി അവതരിപ്പിച്ചത്. നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ‘ആറ്റി’, സോഷ്യൽ മീഡിയ അനുഭവത്തെ പൂർണമായും ഉപയോക്താവിന്റെ നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നു. വൈബ് കോഡിങ്ങിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. സാധാരണഗതിയിൽ ഒരു സോഫ്റ്റ്വെയർ നിർമിക്കാൻ നമുക്ക് പ്രോഗ്രാമിങ് ഭാഷ അറിയണം.
എന്നാൽ, എ.ഐ ടൂളുകൾക്ക് നിർദേശങ്ങൾ നൽകി (പ്രോംപ്റ്റിങ്) സോഫ്റ്റ്വെയർ സാധ്യമാക്കുന്ന രീതിയാണ് വൈബ് കോഡിങ്. ‘ആറ്റി’യിൽ ഉപയോക്താവിന് ലളിതമായ ഭാഷയിൽ നിർദേശങ്ങൾ നൽകി തങ്ങൾക്ക് കാണേണ്ടതും വായിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി സ്വന്തം ഫീഡുകൾ നിർമിക്കാം. അഥവാ, ഉപയോക്താവ് സ്വന്തം അൽഗോരിതം രൂപപ്പെടുത്തുകയാണ് ഇവിടെ ചെയ്യുന്നത്. ആന്ത്രാപിക്കിന്റെ ക്ലോഡ് (Claude) എന്ന എ.ഐ മോഡൽ അടിസ്ഥാനമാക്കിയാണ് ‘ആറ്റി’ വികസിപ്പിച്ചിരിക്കുന്നത്. ആറ്റി യാഥാർഥ്യമാകുന്നതോടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ നവ സമൂഹ മാധ്യമങ്ങൾ പ്രതിസന്ധിയിലാകും. കാരണം, ഈ പ്ലാറ്റ്ഫോമുകളിൽ പലപ്പോഴും അൽഗോരിതം വില്ലനാകുന്നുണ്ട്. ആറ്റി വരുന്നതോടെ ഈ രണ്ട് പ്ലാറ്റ്ഫോമുകളെയും ബ്ലൂ സ്കൈ കവച്ചുവെക്കാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

