'മറ്റു പാർട്ടി വേദികളിൽ നൃത്തം ചവിട്ടിയാലും ചുംബിച്ചാലും ഒരു മൗല്യാരും ഒന്നും പറയില്ല, മനസിലാക്കേണ്ടത്, ഇത് ലീഗ് വേദിയാണ്'; വിമർശനവുമായി ഷാഫി ചാലിയം
text_fieldsകോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനങ്ങളിലെ ആൺ-പെൺ കൂടിച്ചേരലുകളിൽ ലീഗ് പ്രവർത്തകർ അച്ചടക്കം പാലിക്കണമെന്ന നിർദേശവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം.
മറ്റുപാർട്ടി വേദികളിൽ മുസ്ലിം ആൺ പെൺകൊടിമാർ ഇട കലർന്ന് നൃത്തം ചവിട്ടിയാലും ചുംബിച്ചാലും കെട്ടിപ്പിടിച്ചാലും ഒരു മൗല്യാരും (മുസ്ലിയാർ) ഒന്നും പറയില്ല. എന്നാൽ ലീഗ് വേദിയിലാണെങ്കിൽ അതിന്റെ സ്വഭാവം മാറും. ആദ്യം അത് മനസ്സിലാക്കേണ്ടത് ലീഗുകാർ തന്നെയാണെന്നായിരുന്നു ഷാഫി ചാലിയം ഫേസ്ബുക്കിൽ കുറിച്ചത്.
ഒരു വിമൺ കോളജ് തെരഞ്ഞെടുപ്പ് വിജയം വിദ്യാർഥിനികൾ ഡാൻസ് കളിച്ചും കെട്ടിപ്പിടിച്ചും ആഘോഷിക്കുന്ന പോലെയല്ല പൊതു നിരത്തിൽ ജെന്ററുകൾ തമ്മിൽ ഇടകലർന്നാൽ ഉണ്ടാകുകയെന്നും അത് സാമൂഹിക അപചയത്തിന് കാരണമാകുമെന്നും ഷാഫി ചാലിയം പറഞ്ഞു.
ഷാഫി ചാലിയത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
"ആഘോഷം അതിര് വിടാതിരിക്കട്ടെ .. വിജയം ആഘോഷിക്കേണ്ടത് തന്നെയാണ്. ഒരു വിമൺ കോളജ് തെരഞ്ഞെടുപ്പ് വിജയം വിദ്യാർഥിനികൾ ഡാൻസ് കളിച്ചും കെട്ടിപ്പിടിച്ചും ആഘോഷിക്കുന്ന പോലെയല്ല പൊതു നിരത്തിൽ ജെന്ററുകൾ തമ്മിൽ ഇടപഴുകി ചെയ്താലുണ്ടാവുക. അത് സാമൂഹിക അപചയത്തിന് ഹേതുവാകും. മറ്റ് പാർട്ടികളെ ഓഡിറ്റ് ചെയ്യുന്ന പോലെയല്ല മുസ്ലിംലീഗിനെ. ഇതര പാർട്ടി വേദികളിൽ മുസ്ലിം ആൺ പെൺകൊടിമാർ ഇട കലർന്ന് നൃത്തം ചവിട്ടിയാലും ചുംബിച്ചാലും കെട്ടിപ്പിടിച്ചാലും ഒരു മൗല്യാരും ഒന്നും പറയില്ല. എന്നാൽ ലീഗ് വേദിയിലാണെങ്കിൽ അതിന്റെ സ്വഭാവം മാറും. ആദ്യം അത് മനസ്സിലാക്കേണ്ടത് ലീഗുകാർ തന്നെയാണ്. നമ്മുടെ മഹത്തായ സംസ്കാരങ്ങളും പാരമ്പര്യങ്ങളും മാറ്റി വെച്ച് ആധുനിക പാശ്ചാത്യ ഡീജേ ഡാൻസുകളും അട്ടഹാസിക്കുന്ന പാട്ടുകളും ഇടകലർന്ന നൃത്തങ്ങളുമായി നമ്മുടെ കുട്ടികളെ കാണുന്നതിൽ ദുഃഖിക്കുന്ന ഒരു രക്ഷാകൃത്ത സമൂഹവും ആദരണീയരായ പണ്ഡിതരും നമ്മുടെ പാർട്ടിയിലുണ്ട്. അവരോടുള്ള ബഹുമാനവും അദബും മറന്ന് നമുക്ക് മുന്നോട്ട് പോവാനാവില്ല. ആഘോഷം അതിര് വിടാതിരിക്കാൻ ശ്രദ്ധിക്കുക."
തെരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനങ്ങളിലെ മുസ്ലിം യുവതി-യുവാക്കളുടെ ആഘോഷ നൃത്തങ്ങളെ വിമർശിച്ച് സമസ്ത നേതാക്കൾ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ആഘോഷപ്രകടനങ്ങൾ ആഭാസകരമാകരുതെന്നും മുസ്ലിം സ്ത്രീകള്‍ പുരുഷന്മാരുമായി ഇടകലര്‍ന്നുള്ള ആഘോഷം ഒഴിവാക്കണമെന്നും നാസര്‍ ഫൈസി കൂടത്തായി ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് നാസര്‍ ഫൈസിയുടെ പോസ്റ്റ്. വിജയാഹ്ളാദപ്രകടനങ്ങള്‍ സ്വാഭാവികമാണെന്നും എന്നാല്‍ അത് അമിതമാകുന്നതും അനിയന്ത്രിതമായ സ്ത്രീ-പുരുഷ സങ്കലനവും ഗുണകരമാവില്ലെന്നാണ് നാസര്‍ ഫൈസി വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെയാണ് ലീഗ് സംസ്ഥാന സെക്രട്ടറിയായ ഷാഫി ചാലിയത്തിന്റെ വിമർശനവും വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

