ടി.ജി. മോഹൻദാസിന്റെ അറസ്റ്റ്; പ്രവർത്തകർക്ക് ഒരു പ്രശ്നം വരുന്നത് വരെ സംഘം കാവലുണ്ടാവും, വന്ന് കഴിഞ്ഞാൽ സംഘം സ്കൂട്ട് ആവും -സന്ദീപ് വാര്യർ
text_fieldsടി.ജി. മോഹൻദാസ്, സന്ദീപ് വാര്യർ
തിരുവനന്തപുരം: സംഘ്പരിവാർ സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിനെ അറസ്റ്റ് ചെയ്തതിൽ സംഘടനയെ പരിഹസിച്ച് തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർ. സമൂഹ മാധ്യമത്തിലൂടെയാണ് സന്ദീപ് ആർ.എസ്.എസിനെയും ടി.ജി. മോഹൻദാസിനെയും പരിഹസിച്ച് കുറിപ്പിട്ടിരിക്കുന്നത്. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡൽഹിയിൽ നടന്ന സി.ജെ.പി പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകളെ സമൂഹ മാധ്യമം വഴി അധിക്ഷേപിച്ച കേസിലാണ് സംഘ്പരിവാർ സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിനെ ഇന്നലെ വീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന്, കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെ സൈബർ ആസ്ഥാനത്തെത്തിച്ച മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മോഹൻദാസിനെ ഇന്ന് രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരാക്കും.
മോഹൻദാസിനെ അറസ്റ്റ് ചെയ്ത നടപടിയിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ പോസ്റ്റിലൂടെ അഭിനന്ദിക്കുന്ന സന്ദീപ്, ഇപ്പോൾ ഭരിക്കുന്നത് പിണറായി വിജയൻ അല്ലാത്തത് കൊണ്ടും ആഭ്യന്തര മന്ത്രിയുടെ പേര് രമേശ് ചെന്നിത്തല എന്നായതിനാലും അദ്ദേഹത്തിന് നട്ടെല്ല് ഉള്ളത് കൊണ്ടും കേരളത്തിൽ സംഘത്തിന്റെ ആസ്ഥാന ബുദ്ധിജീവി അറസ്റ്റ് ചെയ്യപ്പെട്ടു എന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. കാപ്പ ക്രിമിനൽ കേസ് പ്രതിക്ക് വേണ്ടി പരിവാർ മൊത്തമിളകി പൊലീസ് സ്റ്റേഷനിലെത്തി. ആസ്ഥാന ബുദ്ധിജീവിക്ക് വേണ്ടി നിലവിളിക്കാൻ ഒരുത്തനുമില്ലായെന്നും പങ്കുവെച്ച കുറിപ്പിലൂടെ സന്ദീപ് പരിഹസിക്കുന്നുണ്ട്.
സത്യത്തിൽ സംഘ്പരിവാർ മനസ്സിൽ ചിന്തിക്കുന്നതാണല്ലോ ടി.ജി മോഹൻദാസ് തുറന്ന് പറഞ്ഞത്. ഞാനായിരുന്നെങ്കിൽ വിദ്യാർഥികളെ വെടിവെക്കുമായിരുന്നു എന്ന മോഹൻദാസിന്റെ വിദ്വേഷ പ്രസ്താവന അക്ഷരാർഥത്തിൽ അമിത് ഷാ നടപ്പിലാക്കിയല്ലോ. യഥാർഥ തോക്കിന് പകരം പെല്ലറ്റ് ഗൺ ആയത് കൊണ്ട് കുട്ടികളുടെ ജീവൻ നഷ്ടപ്പെട്ടില്ല എന്നല്ലേ ഉള്ളൂ എന്നും സന്ദീപ് കുറിച്ചു.
ഞാനിതാണ് പണ്ടേ പറയുന്നത്. പ്രവർത്തകർക്ക് ഒരു പ്രശ്നം വരുന്നത് വരെ സംഘം കാവലുണ്ടാവും. വന്ന് കഴിഞ്ഞാൽ സംഘം സ്കൂട്ട് ആവും. ആദ്യം തള്ളിപ്പറയുന്നതും പിന്നിൽ നിന്ന് കുത്തുന്നതും സംഘം ആയിരിക്കും. കാര്യാലയത്തിൽ കുത്തിയിരിക്കുന്നവനെ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കരുത് എന്ന് ഈ സംഭവത്തോടെ സൈബർ സംഘികൾക്ക് ബോധ്യപ്പെട്ടിരിക്കും. നിങ്ങളും തൈപ്പിച്ച് വച്ചോ ഒരെണ്ണം എന്ന സിനിമ ഡയലോഗിലൂടെ പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഇന്നലെ വൈകിട്ടോടെയാണ് ടി.ജി. മോഹൻദാസിനെ തിരുവനന്തപുരത്ത് നിന്നുള്ള സൈബർ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. കൊച്ചി മട്ടാഞ്ചാരിയിലെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത മോഹൻദാസിനെ തിരുവനന്തപുരത്തെ ആസ്ഥാനത്തെത്തിച്ചു. ജൂലൈ 29നാണ് ഇയാൾക്കെതിരെ കലാപാഹ്വാനത്തിന് പൊലീസ് കേസെടുത്തത്. അർജുൻ ആയങ്കിയുടെ അറസ്റ്റിനു പിന്നാലെ ടി.ജി മോഹൻ ദാസിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പൊലീസിൻറെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

