പാവങ്ങളുടെ ചോരപ്പണം കുതിരക്കച്ചവടത്തിന്? വടക്കാഞ്ചേരിയിലേത് ചുവപ്പൻ അഴിമതിയുടെ വികൃതമുഖം -സന്ദീപ് വാര്യർ
text_fieldsപാലക്കാട്: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിക്കാൻ ലീഗ് സ്വതന്ത്രന് സി.പി.എം 50 ലക്ഷം രൂപ ഓഫർ ചെയ്തുവെന്ന വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ജനാധിപത്യ വിശ്വാസികളെയും സാധാരണക്കാരെയും ഒരുപോലെ ഞെട്ടിക്കുന്ന വാർത്തകളാണ് വടക്കാഞ്ചേരിയിൽ നിന്ന് പുറത്തുവരുന്നത്. ഒരു ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിക്കാൻ ലീഗ് സ്വതന്ത്രന് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്ത സി.പി.എം നേതാക്കളുടെ ശബ്ദരേഖ, ആ പാർട്ടി എത്രത്തോളം രാഷ്ട്രീയ ജീർണ്ണതയിൽ എത്തിനിൽക്കുന്നു എന്നതിന്റെ തെളിവാണെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘പാവപ്പെട്ടവന്റെ വിയർപ്പിന്റെ വിഹിതം മോഷ്ടിച്ചവർ, ആ പണം കൊണ്ട് ജനവിധിയെ അട്ടിമറിക്കാൻ തുനിഞ്ഞിറങ്ങുന്നത് കേരളത്തിന് അപമാനമാണ്. ഒരു ബ്ലോക്ക് പഞ്ചായത്ത് ഭരണം നിലനിർത്താൻ പോലും കോടികൾ എറിയുന്ന സി.പി.എം, അധികാരക്കൊതിക്കായി ഏത് അഴുക്കുചാലിലും വീഴാൻ തയ്യാറാണെന്ന് തെളിയിച്ചിരിക്കുകയാണ്. ജനാധിപത്യത്തെ വെറും കമ്പോളച്ചരക്കാക്കി മാറ്റുന്ന ഈ 'ഗുണ്ടാ-മാഫിയ' രാഷ്ട്രീയത്തിന് മുന്നിൽ ജനങ്ങൾ ഉത്തരം നൽകുക തന്നെ ചെയ്യും’ -സന്ദീപ് പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
ജനാധിപത്യത്തെ ലേലം വിളിക്കുന്ന സി.പി.എം; വടക്കാഞ്ചേരിയിൽ വെളിവാകുന്നത് ചുവപ്പൻ അഴിമതിയുടെ വികൃതമുഖം
ജനാധിപത്യ വിശ്വാസികളെയും സാധാരണക്കാരെയും ഒരുപോലെ ഞെട്ടിക്കുന്ന വാർത്തകളാണ് വടക്കാഞ്ചേരിയിൽ നിന്ന് പുറത്തുവരുന്നത്. ഒരു ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിക്കാൻ ലീഗ് സ്വതന്ത്രന് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്ത സി.പി.എം നേതാക്കളുടെ ശബ്ദരേഖ, ആ പാർട്ടി എത്രത്തോളം രാഷ്ട്രീയ ജീർണ്ണതയിൽ എത്തിനിൽക്കുന്നു എന്നതിന്റെ തെളിവാണ്.
പാവങ്ങളുടെ ചോരപ്പണം കുതിരക്കച്ചവടത്തിന്?
കരുവന്നൂർ സഹകരണ ബാങ്ക് കൊള്ളയടിച്ച് സാധാരണക്കാരന്റെ ജീവിതം തെരുവിലാക്കിയ അതേ സി.പി.എം നേതാക്കളാണ് ഈ കുതിരക്കച്ചവടത്തിന് പിന്നിലെന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. പാവപ്പെട്ടവന്റെ വിയർപ്പിന്റെ വിഹിതം മോഷ്ടിച്ചവർ, ആ പണം കൊണ്ട് ജനവിധിയെ അട്ടിമറിക്കാൻ തുനിഞ്ഞിറങ്ങുന്നത് കേരളത്തിന് അപമാനമാണ്.
അധികാരത്തിനായി എന്ത് നികൃഷ്ടതയും.
ഒരു ബ്ലോക്ക് പഞ്ചായത്ത് ഭരണം നിലനിർത്താൻ പോലും കോടികൾ എറിയുന്ന സി.പി.എം, അധികാരക്കൊതിക്കായി ഏത് അഴുക്കുചാലിലും വീഴാൻ തയ്യാറാണെന്ന് തെളിയിച്ചിരിക്കുകയാണ്. ജനാധിപത്യത്തെ വെറും കമ്പോളച്ചരക്കാക്കി മാറ്റുന്ന ഈ 'ഗുണ്ടാ-മാഫിയ' രാഷ്ട്രീയത്തിന് മുന്നിൽ ജനങ്ങൾ ഉത്തരം നൽകുക തന്നെ ചെയ്യും.
അഴിമതിപ്പണം കൊണ്ട് ജനവിധിയെ വിലയ്ക്കെടുക്കാമെന്ന സി.പി.എമ്മിന്റെ അഹങ്കാരം കേരളത്തിലെ ബോധമുള്ള ജനത അറബിക്കടലിൽ തള്ളും. രാഷ്ട്രീയ ധാർമ്മികതയുടെ തരിമ്പുപോലും അവശേഷിപ്പിക്കാത്ത ഇത്തരം നികൃഷ്ട നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

