റെജി ലൂക്കോസ് ബി.ജെ.പിയിൽ ചേർന്നത് പിണറായിയുടെ ദൂതനായി -സന്ദീപ് വാര്യർ
text_fieldsപാലക്കാട്: സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്ന റെജി ലൂക്കോസ് പിണറായി വിജയന്റെ ദൂതുമായി 'ഡെപ്യൂട്ടേഷൻ' പോലെ പോയതാണോ എന്ന് സംശയമുണ്ടെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സിപിഎം സഹയാത്രികനായ, പിണറായി വിജയന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ഒരാളെ ബിജെപിയിലേക്ക് പറഞ്ഞയക്കുമ്പോൾ ഇത് ഒരു ഡീലിന്റെ ഭാഗമാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
‘തീർച്ചയായും ഇതൊരു ജനാധിപത്യ രാജ്യമാണ്, എല്ലാവർക്കും അവരുടേതായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കാൻ സ്വാതന്ത്ര്യമുണ്ട്. സിപിഎം സഹയാത്രികനായ, പിണറായി വിജയന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ഒരാളെ ബിജെപിയിലേക്ക് പറഞ്ഞയക്കുമ്പോൾ ഇത് ഒരു ഡീലിന്റെ ഭാഗമാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാവില്ല. ചാനൽ ചർച്ചകളിൽ കണ്ടുപരിചയമുള്ള ഒരു സുഹൃത്ത് എന്ന നിലയിൽ അദ്ദേഹം ബിജെപിയിലേക്ക് പോകുമ്പോൾ, അദ്ദേഹം പിണറായി വിജയന്റെ ഒരു ദൂതുമായി പോയതാണോ അതോ ഒരു 'ഡെപ്യൂട്ടേഷൻ' പോലെ പോയതാണോ എന്ന സംശയമാണ് ഉയരുന്നത്’ -സന്ദീപ് വാര്യർ പ്രതികരിച്ചു.
ബി.ജെ.പിയിൽ ചേർന്നവരുടെ പട്ടികയും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു. ‘സമീപ കാലത്ത് ബിജെപിയിൽ ചേർന്നവർ പത്മജ വേണുഗോപാൽ, അനിൽ ആൻറണി, ടോം വടക്കൻ, റെജി ലൂക്കോസ്... ബിജെപിയിൽ നിന്ന് രാജി വച്ച് കോൺഗ്രസിൽ ചേർന്നവൻ
സന്ദീപ് വാര്യർ’ എന്നാണ് അദ്ദേഹം കുറിച്ചത്. ‘ബിജെപിയിലേക്ക് പോയത് നത്തോലി, മത്തി, മാന്തൾ, ചാള... അതിന് പകരം നമുക്ക് കിട്ടിയതോ നല്ല ഒന്നാന്തരം കൊമ്പൻ സ്രാവ്, അതാണ് സന്ദീപ് വാര്യർ .......’ എന്നായിരുന്നു ഇതിന് ഒരാളുടെ കമന്റ്.
അതേസമയം, ബിജെപി എന്ന കിണർ വൃത്തിയാക്കിയപ്പോൾ അതിൽ കിടന്ന ചെളിയും ചൊറിതവളയും പുറത്തു പോയി പകരം നല്ല വെള്ളവും മീനും കയറി വന്നു എന്ന് കമന്റ് ചെയ്ത ബി.ജെ.പി അനുഭാവിക്ക് സന്ദീപ് വാര്യർ മറുപടി കൊടുത്തു. ‘ബിജെപി ഒരു പൊട്ടക്കിണർ ആണെന്ന് സമ്മതിച്ചല്ലോ’ എന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

