‘മോദി വന്ന് ഗുജറാത്തിയിൽ ശരണം വിളിച്ചു പോയതാണ്, ശബരിമല പ്രശ്നം പരിഹരിക്കപ്പെടണമെന്ന് ബി.ജെ.പിക്കും ആഗ്രഹമൊന്നുമില്ല’ -സന്ദീപ് വാര്യർ
text_fieldsപാലക്കാട്: ശബരിമല പ്രശ്നത്തിൽ ഭരണഘടനാപരമായ പരിഹാരം കണ്ടെത്തുമെന്ന് 2019ലെ പ്രകടനപത്രിയിൽ പറഞ്ഞ ബി.ജെ.പിക്ക് പ്രശ്നം പരിഹരിക്കപ്പെടണമെന്ന് ആഗ്രഹമൊന്നുമില്ലെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സുപ്രീംകോടതി വിധി വന്ന ഉടനെ അതിനെ സ്വാഗതം ചെയ്യുകയും ജന്മഭൂമി പത്രത്തിൽ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് വെണ്ടയ്ക്കനിരത്തുകയും ചെയ്ത സംഘപരിവാറിന് എങ്ങനെ ആഗ്രഹമുണ്ടാവാനാണെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു.
‘നരേന്ദ്രമോദി പത്തനംതിട്ടയിൽ വന്ന് ഗുജറാത്തിയിൽ ശരണം വിളിച്ചു പോയതാണ് അഞ്ചുവർഷം കഴിഞ്ഞ് വീണ്ടുമൊരു തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ബിജെപി വാഗ്ദാനം പാലിച്ചില്ല. കെ. സുരേന്ദ്രൻ ഫേസ്ബുക്കിൽ ആചാരലംഘനത്തെ അനുകൂലിച്ചു. പിന്നീട് ഭക്തരുടെ വികാരം എതിരാണെന്ന് മനസ്സിലാക്കിയപ്പോൾ തന്ത്രപൂർവ്വം നിലപാട് മാറ്റുകയായിരുന്നു. ശബരിമലയിൽ ആചാര സംരക്ഷണത്തിനുവേണ്ടി കൃത്യമായ നിലപാടെടുത്ത ഏക പാർട്ടിയും സർക്കാരും കോൺഗ്രസിന്റെതായിരുന്നു. ക്രൈസ്തവ വിശ്വാസിയായിരുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ആ സത്യവാങ്മൂലമാണ് പിണറായി സർക്കാർ തിരുത്തിയത്. ഉമ്മൻചാണ്ടി സർക്കാർ ശബരിമലയിൽ ആചാര സംരക്ഷണത്തിന് വേണ്ടി വാദിക്കുന്ന സമയത്ത് യുവതി പ്രവേശനം അനുവദിക്കണം എന്നതായിരുന്നു സംഘപരിവാർ നിലപാട്’ -സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി.
കുറിപ്പിന്റെ പൂർണരൂപം:
2019ലെ ബിജെപി പ്രകടനപത്രിയിൽ ശബരിമല പ്രശ്നത്തിൽ ഭരണഘടനാപരമായ പരിഹാരം കണ്ടെത്തുമെന്ന് പറഞ്ഞിരുന്നു. എന്നാൽ അഞ്ചുവർഷം കഴിഞ്ഞ് വീണ്ടുമൊരു തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ബിജെപി വാഗ്ദാനം പാലിച്ചില്ല. നരേന്ദ്രമോദി പത്തനംതിട്ടയിൽ വന്ന് ഗുജറാത്തിയിൽ ശരണം വിളിച്ചു പോയതാണ്. ശബരിമല പ്രശ്നം പരിഹരിക്കപ്പെടണമെന്ന് ബിജെപിക്കും ആഗ്രഹമൊന്നുമില്ല.
എങ്ങനെ ആഗ്രഹമുണ്ടാവാനാണ്.. സുപ്രീംകോടതി വിധി വന്ന ഉടനെ അതിനെ സ്വാഗതം ചെയ്യുകയായിരുന്നു സംഘപരിവാർ. ജന്മഭൂമി പത്രത്തിൽ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് വെണ്ടയ്ക്കനിരത്തി. കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ ആചാരലംഘനത്തെ അനുകൂലിച്ചു. പിന്നീട് ഭക്തരുടെ വികാരം എതിരാണെന്ന് മനസ്സിലാക്കിയപ്പോൾ തന്ത്രപൂർവ്വം നിലപാട് മാറ്റുകയായിരുന്നു.
ശബരിമലയിൽ ആചാര സംരക്ഷണത്തിനുവേണ്ടി കൃത്യമായ നിലപാടെടുത്ത ഏക പാർട്ടിയും സർക്കാരും കോൺഗ്രസിന്റെതായിരുന്നു. ക്രൈസ്തവ വിശ്വാസിയായിരുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ആ സത്യവാങ്മൂലമാണ് പിണറായി സർക്കാർ തിരുത്തിയത്. ഉമ്മൻചാണ്ടി സർക്കാർ ശബരിമലയിൽ ആചാര സംരക്ഷണത്തിന് വേണ്ടി വാദിക്കുന്ന സമയത്ത് യുവതി പ്രവേശനം അനുവദിക്കണം എന്നതായിരുന്നു സംഘപരിവാർ നിലപാട്.
സുപ്രീംകോടതിയിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ശ്രീ സുകുമാരൻ നായർ സ്വീകരിച്ച ധീരമായ നിലപാട് ഈ അവസരത്തിൽ വിസ്മരിക്കാൻ പാടുള്ളതല്ല. ആചാര സംരക്ഷണത്തിന് വേണ്ടി കെ പരാശരനെ കൊണ്ടുവന്ന് സുപ്രീംകോടതിയിൽ കേസ് നടത്തിയ എൻഎസ്എസ് നേതൃത്വത്തെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല.
ശബരിമല സിപിഎമ്മിനും ബിജെപിക്കും പൊളിറ്റിക്കൽ ടൂൾ മാത്രമാണ്.
യഥാർത്ഥ വിശ്വാസികൾക്ക് വേണ്ടി നിലകൊണ്ടത് കോൺഗ്രസും യുഡിഎഫ് സർക്കാരുമാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ സംഗമങ്ങൾക്ക് അയ്യൻ്റെ പേര് ഉപയോഗിക്കുന്നത് യഥാർത്ഥ വിശ്വാസികൾ അംഗീകരിക്കുകയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

