ജയിൽ മോചനത്തിന് പിന്നാലെ നീണ്ട കുറിപ്പുമായി സന്ദീപ് വാര്യർ: ‘10 ദിവസത്തെ ജയിൽവാസം ശാരീരികമായി ക്ഷീണിപ്പിച്ചിട്ടുണ്ടാവാം, എന്നാൽ പോരാട്ടവീര്യം കുറക്കാൻ പിണറായി പൊലീസിന് കഴിഞ്ഞില്ല’
text_fieldsപാലക്കാട്: 10 ദിവസത്തെ ജയിൽവാസവും പൊലീസ് മർദനവും ശാരീരികമായി ക്ഷീണിപ്പിച്ചിട്ടുണ്ടാവാമെങ്കിലും പോരാട്ടവീര്യം ഒരിഞ്ച് പോലും കുറക്കാൻ പിണറായി പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് ദേവസ്വം ഓഫിസിലേക്ക് മാർച്ച് നടത്തിയതിന്റെ പേരിലാണ് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കേസിൽ ഇന്നലെയാണ് സന്ദീപ് വാര്യർക്കും യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമടക്കം 16 പേർക്കും ജാമ്യം ലഭിച്ചത്.
ആദ്യ രണ്ടു ദിവസം കൊട്ടാരക്കര സബ് ജയിലിലും പിന്നീട് തിരുവനന്തപുരത്തെ സ്പെഷ്യൽ സബ് ജയിലിരുമായിരുന്നു ഇവരെ പാർപ്പിച്ചത്. മികച്ച അഭിഭാഷക സംഘത്തെ തന്നെ നിയോഗിച്ചാണ് പാർട്ടി ജാമ്യം നേടിത്തന്നതെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. ജയിൽവാസകാലത്ത് കെപിസിസിയുടെയും പത്തനംതിട്ട തിരുവന്തപുരം ഡിസിസികളുടെയും പരിപൂർണ്ണമായ പിന്തുണയും സഹകരണവും ലഭിച്ചതായുംഎഐസിസി ജന സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡണ്ട് അഡ്വ സണ്ണി ജോസഫ് എന്നിവർ വിവരങ്ങൾ നേരിട്ട് അന്വേഷിച്ചുവെന്നും സന്ദീപ് വാര്യർ പറഞ്ഞു.
ജയിലിൽ തങ്ങളെ സന്ദർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, കെപിസിസി വർക്കിങ്ങ് പ്രസിഡന്റുമാരായ എപി അനിൽകുമാർ, പീസി വിഷ്ണുനാഥ്, എംപിമാരായ ആന്റോ ആന്റണി, രാജ്മോഹൻ ഉണ്ണിത്താൻ, എംഎൽഎമാർ, കെപിസിസി, ഡിസിസി, യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കൾ തുടങ്ങിയവർക്ക് നന്ദി അറിയിച്ചു.
കുറിപ്പിന്റെ പൂർണരൂപം വായിക്കാം:
ശബരിമല സ്വർണ്ണപ്പാളി മോഷണത്തിനെതിരെ പത്തനംതിട്ട ദേവസ്വം ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനെതിരെ പോലീസ് കേസെടുത്ത് ഞാനടക്കം 17 കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കഴിഞ്ഞ 10 ദിവസമായി അന്യായമായി ജയിലിലടച്ചിരിക്കുകയായിരുന്നു. ആദ്യ രണ്ടു ദിവസം കൊട്ടാരക്കര സബ് ജയിലിലും പിന്നീട് തിരുവനന്തപുരത്തെ സ്പെഷ്യൽ സബ് ജയിലിരുമായിരുന്നു ഞങ്ങളെ തടവിൽ പാർപ്പിച്ചത്. ഇതിനിടയ്ക്ക് ഒരിക്കൽ ഞങ്ങളുടെ ജാമ്യാപേക്ഷ പോലീസ് എതിർത്ത് തള്ളിക്കുകയും ചെയ്തു. എന്നാൽ മികച്ച അഭിഭാഷക സംഘത്തെ തന്നെ നിയോഗിച്ച് എൻറെ പാർട്ടി ഞങ്ങൾക്ക് ജാമ്യം നേടിത്തന്നു.
ജയിൽവാസകാലത്ത് കെപിസിസിയുടെയും പത്തനംതിട്ട തിരുവന്തപുരം ഡിസിസികളുടെയും പരിപൂർണ്ണമായ പിന്തുണയും സഹകരണവും ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട എഐസിസി ജന സെക്രട്ടറി ശ്രീ.കെ സി വേണുഗോപാൽ, ബഹുമാനപ്പെട്ട കെപിസിസി പ്രസിഡണ്ട് അഡ്വ സണ്ണി ജോസഫ് എന്നിവർ വിവരങ്ങൾ നേരിട്ട് അന്വേഷിക്കുന്നുണ്ടായിരുന്നു. ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ ഞങ്ങളെ ജയിലിൽ സന്ദർശിച്ചു. ബഹു മുൻ അഭ്യന്തര മന്ത്രി ശ്രീ. രമേശ് ചെന്നിത്തല, ബഹുമാനപ്പെട്ട യുഡിഎഫ് കൺവീനർ ശ്രീ അടൂർ പ്രകാശ്, കെപിസിസി വർക്കിങ്ങ് പ്രസിഡന്റുമാരായ ശ്രീ എപി അനിൽകുമാർ mla, ശ്രീ പീസി വിഷ്ണുനാഥ് mla, എംപിമാരായ ശ്രീ ആന്റോ ആന്റണി, ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ, എംഎൽഎമാർ, കെപിസിസി, ഡിസിസി, യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കൾ തുടങ്ങി നൂറുകണക്കിന് പേരാണ് പിന്തുണയുമായി ജയിലിൽ എത്തിയത്.
ലക്ഷക്കണക്കിന് കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകർ ഞങ്ങൾക്ക് നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും ഒരായിരം നന്ദി അർപ്പിക്കുന്നു. തികഞ്ഞ അഭിമാനബോധത്തോടെയും അയ്യപ്പ വിശ്വാസി എന്നുള്ള നിലയ്ക്കുമാണ് അയ്യനു വേണ്ടിയുള്ള പോരാട്ടത്തിൽ ജയിലിൽ പോയത്.
അയ്യപ്പന് ഭക്തർ സമർപ്പിച്ച സ്വർണം മാത്രമല്ല കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിൽ ഭക്തർ സമർപ്പിച്ച സ്വർണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പിണറായി വിജയൻ്റെ ഭരണകാലത്ത് സിപിഎം നേതാക്കൾ മോഷ്ടിച്ചു എന്നാണ് പുറത്ത് വരുന്ന തെളിവുകൾ സൂചിപ്പിക്കുന്നത്. ശബരിമല വിശ്വാസത്തെ കറവപ്പശുവാക്കി കോടികൾ സമ്പാദിക്കുന്ന സിപിഎം നേതൃത്വത്തിന്റെ ക്ഷേത്ര കൊള്ളക്കെതിരെ മുഴുവൻ വിശ്വാസികളും അണിനിരക്കേണ്ട സമയമാണ്. അതുകൊണ്ടുതന്നെ വിശ്വാസി സമൂഹത്തിൻറെ ഹൃദയവികാരം മനസ്സിലാക്കിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വലിയ ബഹുജനപ്രക്ഷോഭവുമായി രംഗത്തിറങ്ങിയിട്ടുള്ളത്. ഇന്നുമുതൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന വിശ്വാസ സംരക്ഷണ ജാഥയിൽ പങ്കെടുക്കും.
പത്ത് ദിവസത്തെ ജയിൽവാസവും പോലീസ് മർദ്ദനവും ശാരീരികമായി ക്ഷീണിപ്പിച്ചിട്ടുണ്ടാവാം. എന്നാൽ ഞങ്ങളുടെ ആരുടെയും മനസ്സിനെ, പോരാട്ടവീര്യത്തെ ഒരിഞ്ചുപോലും പിറകോട്ടാക്കാൻ പിണറായി വിജയൻറെ പോലീസിന് കഴിഞ്ഞിട്ടില്ല.
സ്വാമിയേ ശരണമയ്യപ്പ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

