'മലപ്പുറത്ത് ജയിച്ചവരുടെ പേരുകൾ നോക്കിയാൽ കാണുന്നത് തന്നെയാണ് തോറ്റ എൽ.ഡി.എഫ് സ്ഥാനാർഥികളുടെ പേരുകൾ നോക്കിയാലും കാണുന്നത്, വ്യത്യാസം ബി.ജെ.പിയിലാണ്, അവരെ ജയിപ്പിക്കണോ.. മന്ത്രീ..!?'
text_fieldsമലപ്പുറം: വർഗീയ ധ്രുവീകരണം എന്തെന്ന് മനസ്സിലാക്കാൻ കാസർകോടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാൽ മതിയെന്ന് മന്ത്രി സജി ചെറിയാന്റെ വർഗീയ പരാമർശത്തിൽ പ്രതികരണവുമായി ഉമേഷ് വള്ളിക്കുന്ന്.
നിയമസഭ ഇലക്ഷനിൽ മലപ്പുറത്ത് ജയിച്ചവരുടെ പേരുകൾ നോക്കിയാൽ കാണുന്നത് തന്നെയാണ് തോറ്റ എൽ.ഡി.എഫ് സ്ഥാനാർഥികളുടെ പേരുകൾ നോക്കിയാലും കാണുന്നതെന്ന് ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കിൽ കുറിച്ചു.
ബി.ജെ.പി സ്ഥാനാർത്ഥികളുടെ പേരുകളാണ് വ്യത്യാസം ഉള്ളത്. അവരെ ജയിപ്പിക്കണം എന്നാണോ മന്ത്രി ഉദ്യേശിക്കുന്നതെന്ന ചോദ്യവും ഉമേഷ് ചോദിക്കുന്നു.
കെ.ടി.ജലീൽ, പി.വി.അൻവർ, വി.അബ്ദുറഹിമാൻ, നിയാസ് പുളിക്കലകത്ത്, ഗഫൂർ ലില്ലിസ്, എൻ.എ.മുഹമ്മദ് കുട്ടി, എ.പി അബ്ദുൽ വഹാബ്, പി.അബ്ദുറഹ്മാൻ, ടി.കെ.റഷീദലി, സുലൈമാൻ ഹാജി, കെ.ടി.അബ്ദുറഹ്മാൻ, ഡിബോന നാസർ, കെ.പി മുസ്തഫ എന്നിവരായിരുന്നു കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മലപ്പുറത്ത് നിർത്തിയ സ്ഥാനാർഥികൾ.
വർഗീയ ധ്രുവീകരണം എന്തെന്ന് മനസ്സിലാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ കാസർകോട്ടും മലപ്പുറത്തും വിജയിച്ചവരുടെ പേരുകൾ നോക്കിയാൽ മതിയെന്നായിരുന്നു സജി ചെറിയാൻ പറഞ്ഞത്. ലീഗിന്റെ രാഷ്ട്രീയം ഈ കേരളത്തിൽ വർഗീയത വളര്ത്തുന്ന രാഷ്ട്രീയമാണെന്ന് സജി ചെറിയാൻ പറഞ്ഞു. ആർ.എസ്.എസിന്റെ മറുഭാഗമാണ് ലീഗ് പറയുന്നതെന്നും ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിച്ചാണ് ലീഗ് നിൽക്കുന്നതെന്നും സജി ചെറിയാന് കുറ്റപ്പെടുത്തി.
കാസർകോട്ടും മലപ്പുറത്തും വിജയിച്ചവരുടെ പേരുകൾ നോക്കിയാൽ വർഗീയ ധ്രുവീകരണമുണ്ടോയെന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് നഗരസഭാ ഫലം പരിശോധിച്ചാൽ മതി, ആർക്കൊക്കെ എവിടെയൊക്കെ ഭൂരിപക്ഷമുണ്ടോ, ആ സമുദായമേ ജയിക്കൂ. സമുദായത്തിന് ഭൂരിപക്ഷമില്ലാത്തവർ എവിടെ നിന്നാലും ജയിക്കില്ല. അങ്ങനെ കേരളം പോണോ? ഇന്ത്യയിലെ പല സ്റ്റേറ്റിലും അതല്ലേ സംഭവിച്ചുകൊണ്ടിരിക്കുന്നത്? ലീഗിന്റെ രാഷ്ട്രീയം ഈ കേരളത്തിൽ വർഗീയത വളര്ത്തുന്ന രാഷ്ട്രീയമാണ് എന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്. ആ കാര്യത്തിൽ യാതൊരു വ്യത്യാസമില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
വിശദീകരണവുമായി സജി ചെറിയാൻ
തിരുവനന്തപുരം: വർഗീയ ധ്രുവീകരണം എന്തെന്ന് മനസ്സിലാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ കാസർകോട്ടും മലപ്പുറത്തും വിജയിച്ചവരുടെ പേരുകൾ നോക്കിയാൽ മതിയെന്ന വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ.
ആർ.എസ്.എസ് ഉയർത്തുന്ന ഭൂരിപക്ഷ വർഗീയതയെ വളർത്താൻ കഴിയുന്ന സമീപനമാണ് ലീഗ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഒരു ഉദാഹരണമാണ് ഞാൻ പറഞ്ഞത് -കാസർകോട് മുനിസിപ്പാലിറ്റി. അവിടുത്തെ ആളുകളുടെ പേര് നോക്കണമെന്ന് ഞാൻ പറഞ്ഞത് ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ പേര് നോക്കാനല്ല. അവിടെ 39 സീറ്റുണ്ട്. മതേതരത്വം പറഞ്ഞ ഞങ്ങളുടെ പാർട്ടിക്ക് കിട്ടിയത് ഒരു സീറ്റാണ്. അവിടെ വർഗീയത പറഞ്ഞ ബി.ജെ.പിക്ക് ഹിന്ദു ഭൂരിപക്ഷ മേഖലയിൽ 12 സീറ്റ് കിട്ടി. ഏത് മതവിഭാഗത്തിന്റെ വോട്ടാണ് അവർക്ക് കിട്ടിയത്? അവിടുത്തെ ലീഗ് മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് 22 സീറ്റ് ജയിച്ചു. ഈ പറഞ്ഞ ബി.ജെ.പി ജയിപ്പിച്ച ആളുകളുടെ പേരും ലീഗ് ജയിപ്പിച്ച ആളുകളുടെ പേരും വായിക്കാനേ ഞാൻ പറഞ്ഞുള്ളൂ. അതുകൊണ്ട് കേരളത്തിലെ മറ്റു സ്ഥലങ്ങളിൽ നമ്മൾ ശ്രദ്ധിക്കണം -സജി ചെറിയാൻ പറഞ്ഞു.
ബഹുമാന്യനായ പ്രതിപക്ഷ നേതാവ്, ബഹുമാന്യനായ കാന്തപുരത്തിന്റെ സമ്മേളനത്തിൽ ആ പറഞ്ഞ പദം പറയാൻ പാടില്ല. അദ്ദേഹം ഉദ്ദേശിച്ച രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ, അത് അവിടെ പറയാൻ പാടില്ല. ന്യൂനപക്ഷ വിഭാഗത്തിൽപെട്ട പതിനായിരക്കണക്കിന് ആളുകൾ ഇരിക്കുന്ന സ്ഥലത്ത് കേരളത്തിലെ മുഖ്യമന്ത്രിയെ ടാർഗറ്റ് ചെയ്തു. കേരളത്തിലെ മുഖ്യമന്ത്രിയെ പോലൊരു മതേതരവാദി ഇന്ത്യയിലുണ്ടോ? ഏത് പ്രതിസന്ധിയിലാണ് കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ കൂടെ മുഖ്യമന്ത്രി നിൽക്കാതിരുന്നത്? -സജി ചെറിയാൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

