"ജയിലിൽ പോയപ്പോൾ സക്കരിയ ഏൽപ്പിച്ചതാണ് വീട്ടിൽ പോയി ഉമ്മയെ കാണണമെന്ന്, പോകുമ്പോഴെല്ലാം മനസിലുണ്ടാകുന്ന അസ്വസ്ഥത ‘എന്റെ മോൻ എപ്പോ വരും’ എന്ന ചോദ്യമാണ്"
text_fieldsസക്കരിയുടെ മാതാവ് ബിയ്യുമ്മക്കൊപ്പം സാദിഖ് ഉളിയിൽ, സക്കരിയ
മലപ്പുറം: 'എന്റെ മോൻ എപ്പോ വരുമെന്ന് വീണ്ടും ചോദിച്ചു. ഉടൻ വരുമെന്ന് ആശ്വസിപ്പിക്കാനല്ലാതെ നമുക്കെന്ത് കഴിയും'- ബംഗളൂരു സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ട് വിചാരണ തടവുകാരനായി ബംഗളൂരുവിലെ ജയിലിൽ കഴിയുന്ന പരപ്പനങ്ങാടി സ്വദേശി സക്കരിയയുടെ മാതാവ് ബിയ്യുമ്മയെ സന്ദർശിച്ച ശേഷം മനുഷ്യാവകാശ പ്രവർത്തകനും വെൽഫയർപാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ സാദിഖ് ഉളിയിൽ സമൂഹമാധ്യങ്ങളിൽ പങ്കുവെച്ച വാക്കുകളാണ്.
ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെത്തി സക്കരിയയെ സന്ദർശിച്ചതിന് പിന്നാലെയാണ് സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മാഈലിനൊപ്പം സാദിഖ് ഉളിയിൽ പരപ്പനങ്ങാടിയിലെ സക്കരിയയുടെ വീട്ടിലുമെത്തിയത്.
സാദിഖ് ഉളിയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
"പരപ്പനങ്ങാടി ബിയ്യുമ്മയെ കാണാൻ പോകാൻ നേരത്തെ തീരുമാനിച്ചതായിരുന്നു. സകരിയ്യയെ സന്ദർശിക്കാൻ ബംഗളൂരുവിലെ ജയിലിൽ പോയപ്പോൾ സക്കരിയ്യ കൂടി ഏൽപ്പിച്ചതാണ് വീട്ടിൽ പോവണം, ഉമ്മയെ കാണണം, വിവരങ്ങൾ ധരിപ്പിക്കണമെന്നൊക്കെ. പലപ്പോഴും ബീയുമ്മയെ കാണാൻ പോകുമ്പോൾ മനസ്സിലുണ്ടാകുന്ന അസ്വസ്ഥത ‘‘എന്റെ മോൻ എപ്പോ വരും’’ എന്ന ചോദ്യത്തിന് നൽകേണ്ട ഉത്തരത്തെ കുറിച്ചാലോചിച്ചായിരുന്നു. എന്നാൽ കേസ് വിചാരണ പൂർത്തിയാവുന്നു. വേഗം വരും എന്ന മറുപടി ആത്മവിശ്വാസത്തോടെ പറയാൻ കഴിയുമല്ലോ എന്ന ആശ്വാസത്തിലാണ് ഇത്തവണ സോളിഡാരിറ്റി യൂത്ത്മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മാഈലിനൊപ്പം പരപ്പനങ്ങാടിയിലെ ആ വീടിന്റെ പടി കടന്നുചെന്നത്.
എന്നാൽ, സാധാരണയിൽനിന്ന് വ്യത്യസ്ഥമായി, കുറച്ചുകൂടി ആരോഗ്യം ‘അഭിനയിച്ച്’ നമ്മെ കാത്തുനിൽക്കുന്ന ബിയ്യുമ്മയെ അല്ല കാണാൻ കഴിഞ്ഞത്. കുറച്ചുദിവസമായി കുടുംബത്തിലെ വേണ്ടപ്പെട്ടവരുടെ മരണവും മറ്റും കൂടുതൽ തളർത്തിയിരിക്കുന്നു. അടുത്തിരുന്ന് കുറേ സംസാരിച്ചപ്പോൾ അൽപം ഉന്മേഷവദിയായെങ്കിലും പതിവിൽനിന്ന് ഏറെ മാറിയിരിക്കുന്നു. പതിഞ്ഞ വാക്കുകൾക്കിടയിൽ കേസിനെകുറിച്ച് പിന്നെയും പിന്നെയും ചോദിച്ചറിഞ്ഞു. ശേഷം മുഖത്തുനോക്കി ‘‘എന്റെ മോൻ എപ്പോ വരും’’ എന്ന് വീണ്ടും ചോദിച്ചു. ഉടൻ വരുമെന്ന് ആശ്വസിപ്പിക്കാനല്ലാതെ നമുക്കെന്ത് കഴിയും. ജയിലിൽ സകരിയ്യയെ കണ്ട കാര്യം പറഞ്ഞപ്പോൾ ‘‘അവൻ ഉഷാറായിട്ടുണ്ടോ’’ എന്നായിരുന്നു ചോദ്യം.
ബിയ്യുമ്മ നിരന്തരമായി മകനുവേണ്ടിയും അവനുവേണ്ടി പ്രവർത്തിക്കുന്നവർക്കുവേണ്ടിയും പ്രാർഥിച്ചുകൊണ്ടേയിരുന്നു. മോൻ തിരിച്ചുവന്ന് അവനോടൊപ്പം കുറച്ചുകാലം ജീവിക്കണമെന്ന് മാത്രമാണ് ആഗ്രഹം എന്ന് പറയുന്നുണ്ടായിരുന്നു. പതിവുപോലെ എന്റെ വിശേഷങ്ങൾ, കുടുംബ വിശേഷങ്ങൾ, ടി. മുഹമ്മദ് വേളം, ജിഷ എന്നിവരുടെ സുഖവിവരങ്ങൾ തിരക്കി. അൽപം നീണ്ട കൂടിക്കാഴ്ചക്കൊടുവിൽ വിടപറയുമ്പോൾ ‘‘ഇനി എപ്പോളാ കാണുക. കുടുംബത്തോട് അന്വേഷണം പറയണം’’ എന്ന് പറയുന്നുണ്ടായിരുന്നു. കുടുംബക്കാരോട് സംസാരിച്ചപ്പോൾ അവർ പറഞ്ഞത് ദിവസം കഴിയുന്തോറും ആരോഗ്യം വീക്കായി വരുന്നു, നിങ്ങൾ വരുമ്പോഴും സക്കരിയ്യ കുറിച്ച് സംസാരിക്കുമ്പോഴുമാണ് അല്പം സന്തോഷം മുഖത്ത് കാണുന്നത്. സോളിഡാരിറ്റിയാണ് ഉമ്മാന്റെ പ്രതീക്ഷ എന്നാണ്.
വീട്ടിൽനിന്നിറങ്ങി നാട്ടിലേക്കുള്ള യാത്രയിൽ ഞാൻ ആകെ തളർന്നു പോകുന്നത് പോലെതോന്നി. അറസ്റ്റ് ചെയ്ത അന്നുമുതൽ പ്രതിക്ഷയോടെ കാത്ത് കാത്തിരിക്കുന്ന ആ ഉമ്മയെ, അതുപോലുള്ള ഉമ്മമാരെ, അവർ കാണിക്കുന്ന ക്ഷമയും സ്വബ്റും -----നാഥാ നീ ആരോഗ്യവും ധീർഘായുസ്സും നൽകണേ. സന്തോഷത്തോടെ നിരപരാധിയായി തിരിച്ച് വന്ന് ഉമ്മയോടെത്തുള്ള ജീവിതം സക്കരിയ്യക്ക് നീ നൽകണേ നാഥാ."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

