'മോനെ ഷുഹൈബേ.. ഞാൻ ജയിച്ചടാ..'; കൊല്ലപ്പെട്ട ഷുഹൈബിന്റെ ഖബറിടം സന്ദർശിച്ച് റിജിൽ മാക്കുറ്റി
text_fieldsകണ്ണൂർ: കണ്ണൂർ കോർപറേഷനിലെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് വിജയിച്ച യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂർ ഷുഹൈബിന്റെ ഖബറിടം സന്ദർശിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് റിജിൽ ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. ശേഷം ഷുഹൈബിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളോട് സംസാരിക്കുന്ന ചിത്രമാണ്
'ഞാൻ ജയിച്ചടാ മോനെ ഷുഹൈബേ.... പ്രിയപ്പെട്ടവന്റെ ഖബറിടത്തിൽ എന്റെ ഈ വിജയം ഷുഹൈബ് ഉണ്ടെങ്കിൽ ഏറ്റവും കൂടുതൽ ആഘോഷിക്കുക അവനായിരിക്കും. അവൻ ഉണ്ടെങ്കിൽ ഒരിക്കലും തോൽക്കുന്ന സീറ്റിൽ മത്സരിക്കാൻ വിടില്ലായിരുന്നു. ജയിച്ചിട്ടെ അവന്റെ അടുത്ത് പോകാൻ പറ്റും.'- റിജിൽ ഫേസ്ബുക്കിൽ കുറിച്ചു.
എടയന്നൂരിലെ സ്കൂൾ പറമ്പത്ത് വീട്ടിൽ മുഹമ്മദിന്റെ മകനാണ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് എസ്.പി. ഷുഹൈബ് (29). 2018 ഫെബ്രുവരി 12 ന് രാത്രി പത്തരക്ക് ശേഷം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നു. കേസിൽ സി.പി.എം പ്രവർത്തകരാണ് പിടിയിലായത്.
കെ.പി.സി.സി അംഗമായ റിജിൽ മാക്കുറ്റി ആദികടലായി ഡിവിഷനിൽ നിന്നാണ് ജയിച്ച് കയറിയത്. ഇടതുപക്ഷം കഴിഞ്ഞ രണ്ടുതവണയും വിജയിച്ച ഡിവിഷനിലാണ് ഞെട്ടിക്കുന്ന ജയം.
റിജില് മാക്കുറ്റിക്കെതിരെ സി പി എമ്മും, ബി ജെ പിയും ശക്തമായ പ്രചാരണവുമായി രംഗത്തുണ്ടായിരുന്നു. ഇതിനെയൊക്കെ മറികടന്നാണ് മികച്ച വിജയം കൈവരിച്ചത്. റിജിൽ മാക്കുറ്റി 1404 വോട്ടും സി.പി.ഐയിലെ എം.കെ. ഷാജി 691 വോട്ടും നേടി. എസ്.ഡി.പി.ഐയുടെ മുബഷിർ ടി.കെ 223 വോട്ടും സ്വതന്ത്രനായി മത്സരിച്ച വി. മുഹമ്മദലി 197 വോട്ടും ബി.ജെ.പിയുടെ സായൂജ് യു.കെ 143 വോട്ടും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

