'ആണുങ്ങളെ ദ്രോഹിച്ചാൽ ആരുമില്ലേ ചോദിക്കാൻ'; 'ദേശീയ പുരുഷ കമീഷൻ' വേണമെന്ന് സമൂഹമാധ്യമങ്ങളിൽ കാമ്പയിൻ
text_fieldsപുരുഷന്മാരെ സ്ത്രീകൾ ഉപദ്രവിക്കുന്ന സംഭവങ്ങൾ വർധിച്ചുവരികയാണെന്നും ഇതിനെതിരെ നടപടിയെടുക്കാൻ ദേശീയ തലത്തിൽ വനിതാ കമീഷന് സമാനമായി 'ദേശീയ പുരുഷ കമീഷൻ' വേണമെന്നും ആവശ്യമുയർത്തി സമൂഹമാധ്യമങ്ങളിൽ കാമ്പയിൻ. സമീപകാലത്തുണ്ടായ ഏതാനും സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം 'പുരുഷ കമീഷൻ' ആവശ്യവുമായി കാമ്പയിൻ നടത്തുന്നത്.
നോയിഡയിൽ ഏതാനും ദിവസങ്ങൾ മുമ്പ് സുരക്ഷ ജീവനക്കാരനെ അഭിഭാഷകയായ ഭാവ്യ റോയ് അകാരണമായി മർദിച്ച സംഭവം വിവാദമായിരുന്നു. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ഇവർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ സംഭവം പുരുഷന്മാരുടെ നേരെയുള്ള അതിക്രമത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായാണ് 'പുരുഷ കമീഷൻ' വാദക്കാർ ചൂണ്ടിക്കാട്ടുന്നത്.
സമാനമായ മറ്റൊരു സംഭവത്തിൽ നോയിഡയിൽ ഇ-റിക്ഷ ഡ്രൈവറെ പൊതുമധ്യത്തിൽ മർദിച്ച സ്ത്രീയെയും അറസ്റ്റ് ചെയ്തിരുന്നു. കിരൺ സിങ് എന്ന സ്ത്രീയെയാണ് അറസ്റ്റ് ചെയ്തത്. 17 തവണയാണ് ഇവർ റിക്ഷ ഡ്രൈവറെ മുഖത്തടിച്ചത്. ഇവരുടെ കാറും റിക്ഷയും ഉരസിയതുമായി ബന്ധപ്പെട്ടായിരുന്നു മർദനം. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെയാണ് പുറംലോകമറിഞ്ഞത്.
മിസോറാം മുഖ്യമന്ത്രി സോറാംതാംഗയുടെ മകൾ മിലാരി ഛധ്തേ ഒരു ഡോക്ടറെ മർദിച്ച സംഭവവും വിവാദമായിരുന്നു. ഐസ്വാളിലെ ത്വക്ക് രോഗവിദഗ്ധനെയാണ് മകൾ മിലാരി ഛങ്തേ മർദിച്ചത്. മുൻകൂട്ടി ബുക്ക് ചെയ്യാതെ എത്തിയ മിലാരിയെ പരിശോധിക്കാൻ ഡോക്ടർ വിസമ്മതിച്ചതിൽ പ്രകോപിതയായാണ് മർദനം. ക്ലിനിക്കില്‍ ചികില്‍സയ്ക്ക് വരുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്നാണ് ഡോക്ടറുടെ നിബന്ധന. ഇത് പാലിക്കാന്‍ മിലാരി തയാറായില്ല. ബുക്ക് ചെയ്തു വന്നാല്‍ മാത്രമേ ചികില്സിക്കുകയുള്ളൂ എന്ന് ഡോക്ടര്‍ അറിയിച്ചു. ഇതുകേട്ട് രോഷാകുലയായ മിലാരി ഡോക്ടറുടെ മുഖത്തടിച്ചു. വിവാദമായതോടെ സംഭവത്തിൽ മാപ്പു പറഞ്ഞ് മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു.
നവി മുംബൈയിൽ മദ്യപിച്ചെത്തിയ യുവതി പൊലീസുകാരനോട് മോശമായി പെരുമാറിയ സംഭവമാണ് മറ്റൊരു അതിക്രമമായി ചൂണ്ടിക്കാട്ടുന്നത്. മദ്യപിച്ചെത്തിയ യുവതി പൊലീസുകാരനെ കുത്തിന് പിടിക്കുന്നതും തള്ളുന്നതും ചവിട്ടാൻ ശ്രമിക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം.
ലഖ്നോയിൽ കാബ് ഡ്രൈവറെ യുവതി 20 തവണ മുഖത്തടിച്ചതാണ് മറ്റൊരു സംഭവം. യുവതി റോഡ് മുറിച്ചുകടക്കവേയായിരുന്നു സംഭവം. ഡ്രൈവർ അമിതവേഗത്തിലാണ് കാറോടിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മർദനം.
സ്ത്രീയാണെന്ന ആനുകൂല്യം മുതലെടുത്താണ് ഈ സംഭവങ്ങളിലെല്ലാം അതിക്രമം നടന്നതെന്ന് 'പുരുഷ കമീഷൻ' വാദക്കാർ പറയുന്നു. ഈ സംഭവങ്ങളിലെല്ലാം സ്ത്രീകൾക്ക് പകരം പ്രതിസ്ഥാനത്ത് പുരുഷനായിരുന്നെങ്കിൽ സമൂഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരിക്കില്ലെന്നും ഇവർ പറയുന്നു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഇടപെടാൻ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വനിത കമീഷനുകൾ ഉണ്ട്. ഇത്തരത്തിൽ പുരുഷന്മാർക്കെതിരായ അതിക്രമങ്ങളിലും ഇടപെടാൻ ഒരു കമീഷൻ വേണമെന്നാണ് കാമ്പയിനിൽ പങ്കാളികളായവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

