50 അടി താഴ്ചയുള്ള കിണറ്റിൽ വീണ് കരിമ്പുലി; 36 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം -വിഡിയോ
text_fieldsരത്നഗിരി: മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ 50 അടി താഴ്ചയുള്ള കിണറ്റിൽനിന്ന് അപൂർവമായ കരിമ്പുലിയെ 36 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ പുറത്തെടുത്തു. കൊളംബെ ഗ്രാമത്തിലാണ് സംഭവം. രക്ഷാപ്രവർത്തനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പശുക്കുട്ടിയെ പിന്തുടരുന്നതിനിടെ മാമ്പഴത്തോട്ടത്തിലെ വലിയ കിണറ്റിൽ വീഴുകയായിരുന്നു കരിമ്പുലി. തുടർന്ന് പ്രാദേശിക അധികൃതർ വനംവകുപ്പിനെ വിവരം അറിയിക്കുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു.
കിണറ്റിനുള്ളിൽ സ്ഥാപിച്ച കൂട്ടിനുള്ളിൽ പുലി കയറാത്തതിനെ തുടർന്ന് രക്ഷാപ്രവർത്തനം വൈകുകയായിരുന്നു. വെള്ളം കുറവായതിനാൽ പുലി കിണറ്റിലെ ചെറിയ ഗുഹയിൽ കയറി. തുടർന്ന് പുലിയെ രക്ഷപ്പെടുത്താൻ പരമ്പരാഗത രീതികൾ പരാജയപ്പെട്ടതോടെ രണ്ടു വെള്ള ടാങ്കറുകൾ ഉപയോഗിച്ച് കിണറ്റിലെ ജലനിരപ്പ് ഉയർത്തുകയും പുലിയെ ഗുഹയിൽനിന്ന് പുറത്തുചാടിക്കുകയുമായിരുന്നു. ഗുഹയുടെ മുൻഭാഗത്തുതന്നെ സ്ഥാപിച്ച രക്ഷാകവചത്തിൽ കയറിയതോടെ പുലിയെ വനംവകുപ്പ് പുറത്തെത്തിച്ചു. മൂന്നുവയസ്സുള്ള ആൺ കരിമ്പുലിയാണ് കിണറ്റിൽ അകപ്പെട്ടതെന്നും കരിമ്പുലിക്ക് പരിക്കുകളില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കരിമ്പുലിയെ വനംവകുപ്പ് വൈദ്യപരിശോധനക്കായി കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

