‘എവിടെ മാധ്യമങ്ങൾ? ഇത് നേരെ തിരിച്ചാണെങ്കിൽ എന്തായിരിക്കും സംഭവിക്കുക?’ -മുസ്ലിം അധ്യാപകനെ നീക്കാൻ കുട്ടികൾക്ക് ശ്രീരാമ സേന വിഷം കൊടുത്തതിനെതിരെ രാജ്ദീപ് സർദേശായി
text_fieldsന്യൂഡൽഹി: മുസ്ലിം പ്രധാനാധ്യാപകനെ സ്ഥലം മാറ്റാൻ വേണ്ടി സർക്കാർ സ്കൂളിലെ കുടിവെള്ളത്തിൽ ശ്രീരാമ സേന വിഷം കലർത്തിയ സംഭവത്തിൽ പ്രതികരണവുമായി പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. ഈ കേസിൽ ശ്രീരാമ സേന നേതാവടക്കം മൂന്ന് തീവ്ര ഹിന്ദുത്വ പ്രവർത്തകർ അറസ്റ്റിലായിരുന്നു. സംഭവത്തിൽ പ്രതികളും ഇരകളും നേരെ തിരിച്ചായിരുന്നെങ്കിൽ എന്തായിരിക്കും ഇവിടെ സംഭവിക്കുകയെന്ന് സങ്കൽപിച്ചുനോക്കൂ എന്ന് രാജ്ദീപ് സർദേശായി പറഞ്ഞു. മീഡിയ ഫാക്ടറികൾ എന്തെടുക്കുകയാണെന്നും അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചോദിച്ചു.
‘കർണാടകയിലെ ബലഗാവിയിൽ നിന്നുള്ള ഞെട്ടിക്കുന്ന സംഭവം. ഒരു മുസ്ലിം പ്രധാനാധ്യാപകനെ അപകീർത്തിപ്പെടുത്താനും സ്ഥലം മാറ്റാനും വേണ്ടി സർക്കാർ സ്കൂളിലെ കുടിവെള്ളത്തിൽ വിഷം കലർത്തിയ കേസിൽ ശ്രീരാമ സേനയുടെ പ്രാദേശിക നേതാവ് അറസ്റ്റിൽ. മീഡിയ ഫാക്ടറികൾ എന്തെടുക്കുകയാണ്? ഇതിൽ (പ്രതികളും ഇരകളും) നേരെ തിരിച്ചാണെന്ന് സങ്കൽപ്പിച്ചുനോക്കൂ’ -അദ്ദേഹം ട്വീറ്റിൽ ചോദിച്ചു.
ബെളഗാവി ജില്ലയിലെ ഹൂലിക്കട്ടി ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിന്റെ കുടിവെള്ള ടാങ്കിലാണ് ശ്രീരാമ സേന നേതാവും രണ്ട് കൂട്ടാളികളും വിഷം കലർത്തിയത്. മുസ്ലിമായ പ്രധാനാധ്യാപകനെ പ്രതിയാക്കി അദ്ദേഹത്തിന്റെ ജനസമ്മതി തകർക്കാൻ അറസ്റ്റിലായവർ കുത്സിത നീക്കം നടത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. സംഭവത്തിൽ ശ്രീരാമ സേന നേതാവ് സാഗർ പാട്ടീൽ(40), സഹായികളായ നാഗനഗൗഡ പാട്ടീൽ(33), കൃഷ്ണ മദാര(35) എന്നിവരെ സവദന്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സ്കൂൾ പ്രധാനാധ്യാപകനായി 13 വർഷത്തിലേറെയായി സേവനമനുഷ്ഠിക്കുന്ന സുലെമാൻ ഗൊരിനായകയുടെ പ്രശസ്തിക്ക് കളങ്കം വരുത്തുക എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യം. സാഗർ പാട്ടീലാണ് ഗൂഢാലോചനയുടെ മുഖ്യ ആസൂത്രകനെന്ന് ബെളഗാവി ജില്ല പൊലീസ് സൂപ്രണ്ട് ഡോ. ഭീമശങ്കർ ഗുലേദ് ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ‘സാമുദായിക സംഘർഷം സൃഷ്ടിക്കാനും പ്രധാനാധ്യാപകനെ മനഃപൂർവമായ അശ്രദ്ധയുടെ പേരിൽ കേസിൽ കുടുക്കി സ്ഥലം മാറ്റാനും സാഗർ ഉദ്ദേശിച്ചിരുന്നു’ -എസ്.പി പറഞ്ഞു.
മറ്റ് രണ്ട് പ്രതികൾക്കും സാഗറുമായി അടുത്ത ബന്ധമുണ്ടായിരുന്നു. നാഗനഗൗഡ സാഗറിന്റെ ബന്ധുവാണ്. കൃഷ്ണ നേരത്തെ ഇയാളുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്. സാഗർ സഹകരിക്കാൻ നിർബന്ധിച്ചുവെന്നാണ് മറ്റു രണ്ട് പ്രതികളും പൊലീസിനോട് പറഞ്ഞത്. പദ്ധതി നടപ്പിലാക്കുന്നതിനായി പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ സ്കൂളിലെ കുടിവെള്ള ടാങ്കിലേക്ക് കീടനാശിനി ഒഴിക്കാൻ ഉപയോഗിച്ചതായി എസ്.പി കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം 14നാണ് സംഭവം നടന്നത്. ഉച്ചഭക്ഷണത്തിന് ശേഷം ഈ വെള്ളം കുടിച്ച 11 വിദ്യാർഥികൾക്ക് വയറുവേദനയും ക്ഷീണവും അനുഭവപ്പെടുകയായിരുന്നു. കുട്ടികൾക്ക് പെട്ടെന്ന് അസുഖം ബാധിച്ചത് രക്ഷിതാക്കളിലും സ്കൂൾ ജീവനക്കാരിലും പരിഭ്രാന്തി പരത്തി. സവദത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അടിയന്തര അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതാണ് പ്രധാനാധ്യാപകനെ കുടുക്കാൻ നടത്തിയ മനഃപൂർവമായ ശ്രമത്തിന്റെ ചുരുളഴിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

