ദയവായി അത് തിരിച്ചുതരൂ; നിങ്ങൾക്ക് പുതിയ സ്കൂട്ടർ വാങ്ങിത്തരാം -അമ്മയുടെ സ്കൂട്ടർ മോഷ്ടിച്ചയാളോട് പുനെ യുവാവ്
text_fieldsപുനെ: അമ്മയുടെ ഓർമകളുള്ള സ്കൂട്ടർ മോഷണം പോയതിൽ ഹൃദയം തൊടുന്ന കുറിപ്പ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച് പുനെ സ്വദേശി. മോഷ്ടിക്കപ്പെട്ട സ്കൂട്ടർ തിരിച്ചു നൽകാൻ സൻമനസ് കാണിച്ചാൽ പുതിയ സ്കൂട്ടർ വാങ്ങിത്തരാമെന്നാണ് അഭയ് ചാഗൂൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
അഭയ് യുടെ കറുത്ത നിറത്തിലുള്ള ആക്ടീവയാണ് മോഷ്ടാവ് കൊണ്ടുപോയത്. സ്കൂട്ടറിനായി ഏറെ തിരച്ചിൽ നടത്തിയെങ്കിലും കിട്ടിയില്ല. പൊലീസിലും പരാതി നൽകി. എന്നിട്ടും കണ്ടെത്താനായില്ല. അമ്മ മരിക്കുന്നതിന് കുറച്ചു വാങ്ങിനൽകിയതാണ് ആ സ്കൂട്ടർ എന്നും അഭയ് കുറിപ്പിൽ പറയുന്നു. അമ്മയുടെ സമ്മാനമാണത്. അർബുദവുമായുള്ള പോരാട്ടത്തിനൊടുവിലാണ് അമ്മ മരിച്ചത്. അതിനും രണ്ടുവർഷം മുമ്പ് അഭയ്ക്ക് അച്ഛനെയും നഷ്ടമായിരുന്നു. കോവിഡ് ബാധിച്ച് പിതാവ് മരിക്കുകയായിരുന്നു.
സ്കൂട്ടർ കണ്ടെത്തുന്നവർക്ക് വിവരം നൽകാനായി കുറിപ്പിൽ തന്റെ മൊബൈൽ നമ്പറും അഭയ് പങ്കുവെച്ചിട്ടുണ്ട്. ആക്ടീവ, ബ്ലാക്ക് ആക്ടീവ മിസ്സിങ് എന്ന ഹാഷ്ടാഗിലാണ് കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്. നിരവധി പേരാണ് പിന്തുണയറിയിച്ച് കുറിപ്പിന് പ്രതികരിച്ചത്. പൊലീസ് സ്കൂട്ടർ കണ്ടെത്തിത്തരുമെന്നും പലരും ആശ്വസിപ്പിച്ചു.
കുറിപ്പിനൊടുവിലാണ് സ്കൂട്ടർ തിരിച്ചു നൽകിയാൽ പുതിയതൊന്ന് വാങ്ങിത്തരാമെന്ന് അഭയ് പറയുന്നത്. യുവാവ് അത്രയധികം വിലമതിക്കുന്ന ഒന്നാണതെന്ന് കുറിപ്പ് വായിക്കുന്നവർക്ക് മനസിലാകും.

