തനിക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി എൻ. പ്രശാന്ത്: ‘ഈ അധിക്ഷേപം എന്താണെന്നറിയാൻ വലിയ ആകാംക്ഷയുണ്ട്...’
text_fieldsതിരുവനന്തപുരം: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചുവെന്ന പേരിൽ തനിക്കെതിരെ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി എൻ.പ്രശാന്ത് ഐ.എ.എസ്. എന്തായിരുന്നു ഈ ‘അധിക്ഷേപം’ എന്ന് അറിയാൻ വലിയ ആകാംക്ഷയുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
‘അഴിമതിയും വ്യാജരേഖ ചമയ്ക്കലും സർക്കാർ ഫയലിൽ കൃത്രിമം കാണിക്കലും കയ്യോടെ പൊക്കി പൊതുജനമധ്യത്തിൽ ഇടുന്നതിനെ എന്തിനാണാവോ 'അധിക്ഷേപിച്ചു' എന്ന് വിശേഷിപ്പിക്കുന്നത്? ഞാനെന്താണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതെന്ന് അവിടെപ്പോയി വായിച്ചാൽ ഇപ്പോഴും കാണാം. ചെയ്തത് പുറത്തറിഞ്ഞതിലുള്ള ജാള്യതയാണോ ഈ 'അധിക്ഷേപം'? നരേറ്റീവ് മാറ്റാനും ഉന്നയിച്ച വിഷയം കുഴിച്ച് മൂടാനും ഇതുകൊണ്ടാവില്ല’ -പ്രശാന്ത് തുടർന്നു.
അഡീ ചീഫ് സെക്രട്ടറി രാജന് ഖൊബ്രഗഡെയുടെ നേതൃത്വത്തിലാണ് പ്രശാന്തിനെതിരെയുള്ള പരാതി അന്വേഷിക്കുക. പ്രിന്‍സിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ആണ് പ്രസന്റിങ് ഓഫീസര്‍. മൂന്ന് മാസമാണ് അന്വേഷണ സമയ പരിധി. സസ്പെന്‍ഡ് ചെയ്ത് ആറ് മാസത്തിനകം അന്വേഷണ റിപ്പോർട്ട് നല്‍കണമെന്നാണ് ചട്ടം. എന്നാൽ പ്രശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നത് സസ്പെന്‍ഡ് ചെയ്ത് ഒൻപത് മാസങ്ങള്‍ക്ക് ശേഷമാണ്. ഇതിനിടയിൽ മൂന്ന് തവണ സസ്പെന്ഷൻ നീട്ടുകയും ചെയ്തിരുന്നു.
പ്രശാന്തിന്റെ കുറിപ്പിന്റെ പൂർണരൂപം:
എന്തായിരുന്നു ഈ ‘അധിക്ഷേപം’ എന്ന് അറിയാൻ വലിയ ആകാംക്ഷയുണ്ട്. അഴിമതിയും വ്യാജരേഖ ചമയ്ക്കലും സർക്കാർ ഫയലിൽ കൃത്രിമം കാണിക്കലും കയ്യോടെ പൊക്കി പൊതുജനമധ്യത്തിൽ ഇടുന്നതിനെ എന്തിനാണാവോ 'അധിക്ഷേപിച്ചു' എന്ന് വിശേഷിപ്പിക്കുന്നത്? ഞാനെന്താണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതെന്ന് അവിടെപ്പോയി വായിച്ചാൽ ഇപ്പോഴും കാണാം. ചെയ്തത് പുറത്തറിഞ്ഞതിലുള്ള ജാള്യതയാണോ ഈ 'അധിക്ഷേപം'? നരേറ്റീവ് മാറ്റാനും ഉന്നയിച്ച വിഷയം കുഴിച്ച് മൂടാനും ഇതുകൊണ്ടാവില്ല.
ആരോപണങ്ങൾ തെളിവ് സഹിതം നൽകിയിട്ടും അന്വേഷിക്കില്ലെന്നും, അത് സംബന്ധിച്ച വിവരങ്ങൾ പരാതിക്കാരനായ എനിക്ക് നൽകാൻ യാതൊരു ബാധ്യതയുമില്ലെന്നും മുൻ ചീഫ് സെക്രട്ടറി ഒരു അഭിമുഖത്തിൽ പറഞ്ഞത് എല്ലാവരെയും ഞെട്ടിച്ചതാണ്. എന്നാൽ ഒന്നോർക്കുക, കേവലം ഐ.എ.എസ് പോരെന്നും അധിക്ഷേപമെന്നും വരുത്തിത്തീർത്ത് ഡോ. ജയതിലകും (സ്പൈസസ് ബോർഡ് ഫേം) ഗോപാലകൃഷ്ണനും (വർഗീയ വാട്സാപ് ഗ്രൂപ്പ് ഫേം) ചെയ്ത ഗുരുതരമായ കുറ്റങ്ങൾ എക്കാലവും മറയ്ക്കാൻ സാധിക്കില്ല.
2008 ൽ മസൂറി ട്രെയിനിങ് കഴിഞ്ഞ്, ബഹു. മുൻ മുഖ്യമന്ത്രി വി.എസിന്റെ മുന്നിലാണ് ഞാനും എന്റെ ബാച്ച് മേറ്റ് അജിത് പാട്ടേലും റിപ്പോർട്ട് ചെയ്യുന്നത്. കൂടുതൽ പറയുന്നില്ല, വസ്തുനിഷ്ഠമായ ആരോപണവും അധിക്ഷേപവും തമ്മിലുള്ള വ്യത്യാസം നാട്ടുകാർക്ക് നന്നായറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

