പി.എം ശ്രീ: ചർച്ചയായി മന്ത്രി റിയാസിന്റെ പഴയ 15 പോയിന്റുകൾ; ‘കാവിവൽകരണത്തിന് പ്രേരണ നൽകുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല...’
text_fieldsകോഴിക്കോട്: മുന്നണി മര്യാദകൾ വരെ ലംഘിച്ച് എൽ.ഡി.എഫിൽ ചർച്ച ചെയ്യാതെ രഹസ്യമായി പി.എം ശ്രീയുടെ ധാരണപത്രത്തിൽ കേരളം ഒപ്പിട്ട പശ്ചാത്തലത്തിൽ ചർച്ചയായി മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പഴയ ഫേസ്ബുക് കുറിപ്പ്. ‘പുത്തൻ ദേശീയ വിദ്യാഭ്യാസ നയം എന്തുകൊണ്ട് എതിർക്കപ്പെടണം?’ എന്ന തലക്കെട്ടിൽ 15 കാരണങ്ങളാണ് അദ്ദേഹം ഇതിൽ അക്കമിട്ട് നിരത്തിയിരിക്കുന്നത്. വിദ്യാഭ്യാസ കച്ചവടത്തിനും വർഗീയവൽക്കരണത്തിനും കാരണമാകുന്നതോടൊപ്പം രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തെ ഹനിക്കുന്നതുമാണ് പുത്തൻ ദേശീയ വിദ്യാഭ്യാസ നയമെന്ന് അദ്ദേഹം വിലയിരുത്തുന്നു. 2020 ജൂലൈ 30നാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
2022ൽ കേന്ദ്ര സർക്കാർ തുടങ്ങിയ പി.എം ശ്രീ പദ്ധതിയുടെ നിഗൂഢ ചരട് മുൻനിർത്തിയാണ് കേരളം ഒപ്പിടുന്നതിൽനിന്ന് പിന്തിരിഞ്ഞുനിന്നത്. ആർ.എസ്.എസ് താൽപര്യപ്രകാരം കാവിവത്കരണ അജണ്ടയിൽ തയാറാക്കിയ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി -2020) പൂർണാർഥത്തിൽ നടപ്പാക്കണമെന്നാണ് പദ്ധതിക്കായുള്ള ധാരണപത്രത്തിലെ ഒന്നാമത്തെ വ്യവസ്ഥ. ഈ വ്യവസ്ഥക്ക് കീഴിലാണ് പി.എം ശ്രീക്കായി കേരളം ഒപ്പിട്ടത്. േബ്ലാക്കുകളിൽ രണ്ട് സ്കൂളുകളെ വീതം തെരഞ്ഞെടുത്ത് അടിസ്ഥാന സൗകര്യവികസനം ഉൾപ്പെടെയുള്ളവക്ക് പി.എം ശ്രീ പദ്ധതി വഴി ഫണ്ട് അനുവദിക്കും. എന്നാൽ, ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനപ്പെടുത്തിയുള്ള പാഠ്യപദ്ധതിയും ബോധനരീതിയും വിലയിരുത്തലുമായിരിക്കണം ഈ സ്കൂളുകൾ പിന്തുടരേണ്ടത്. പി.എം ശ്രീ എന്ന് ചേർത്ത് സ്കൂളിന്റെ പേര് മാറ്റുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെക്കുകയും വേണം. പദ്ധതിയുടെ ഭാഗമാകുന്ന സ്കൂളുകളുടെ പേര് പിന്നീട് മാറ്റാൻ പാടില്ലെന്നതടക്കം വ്യവസ്ഥകളും ധാരണപത്രത്തിലുണ്ട്.
‘നിലപാട് ആണ് സാറേ ഇവരുടെ മെയിൻ’ എന്നാണ് റിയാസിന്റെ പോസ്റ്റിന് കീഴിൽ ഒരാൾ കമന്റ് ചെയ്തത്. ‘ജോർജ് കുട്ടിയെ പോലെ, അറക്കൽ മാധവൻ ഉണ്ണിയെ പോലെ കുടുംബത്തിന് വേണ്ടി എന്ത് തെറ്റും ചെയ്യാൻ തയാറാവുന്നവർ മലയാളികൾക്ക് ഹീറോ ആണ്. നിങ്ങൾ കുടുംബത്തെ രക്ഷിക്കാൻ ധൈര്യമായി നിലപാട് മാറ്റുക. ഒരു ഹീറോ ആവുക. പറ്റുമെങ്കിൽ ഒറ്റുകൊടുത്ത പൈസ ഒപ്പിട്ട് വാങ്ങുമ്പോൾ ഒരു റീലും സെറ്റ് ആക്കുക’ -മറെറാരാൾ പരിഹസിച്ചു. ‘നമ്മളെതിർക്കും പദ്ധതിയെല്ലാം നമ്മുടെതാകും പൈങ്കിളിയെ....’ എന്നായിരുന്നു മറ്റൊരു കുറിപ്പ്.
മന്ത്രി റിയാസിന്റെ പഴയ കുറിപ്പിന്റെ പൂർണരൂപം വായിക്കാം:
പുത്തൻ ദേശീയ വിദ്യാഭ്യാസ നയം
എന്തുകൊണ്ട് എതിർക്കപ്പെടണം?
വിദ്യാഭ്യാസ കച്ചവടത്തിനും വർഗീയവൽക്കരണത്തിനും കാരണമാകുന്നതോടൊപ്പം രാജ്യത്തിന്റെ
ഫെഡറൽ സ്വഭാവത്തെ ഹനിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നതാണ് പുത്തൻ ദേശീയ വിദ്യാഭ്യാസ നയം.
പുതിയ ദേശീയ വിദ്യാഭ്യാസ നയം
എന്തുകൊണ്ടാണ് എതിർക്കപ്പെടുന്നത്...
ചില കാരണങ്ങൾ.
1. 'നാനാത്വത്തിൽ ഏകത്വം' എന്ന മഹത് ദർശനം ഉയർത്തിപ്പിടിക്കുന്ന വൈവിധ്യങ്ങളുടെ ഈറ്റില്ലമായ ഇന്ത്യയിൽ ഓരോ പ്രദേശത്തിന്റെയും സാധ്യതകൾക്കും പരിമിതകൾക്കും അനുസരിച്ചുള്ള വിദ്യാഭ്യാസ രീതിയാണ് നിലവിൽ പിന്തുടർന്ന് വരുന്നത്. കേന്ദ്രീകൃത വിദ്യാഭ്യാസ രീതിയേക്കാൾ പ്രായോഗികമായ രീതിയാണത്. എന്നാൽ
ഓരോ സംസ്ഥാനങ്ങളും വിദ്യാഭ്യാസ രംഗത്ത് പിന്തുടരുന്ന വ്യത്യസ്ത സമീപനങ്ങളെ പുതിയ നയം അംഗീകരിക്കില്ല.
2. കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിദ്യാഭ്യാസ മേഖലയിൽ ഇടപെടാനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തെ ചുരുക്കുകയും,മെല്ലെ മെല്ലെ ഇല്ലാതാക്കുകയും ചെയ്യുന്നതലൂടെ,ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ഫെഡറലിസത്തിനെതിരാവുകയാണ് പുത്തൻ വിദ്യാഭ്യാസ നയം.
3. കോത്താരി കമ്മീഷൻ മുന്നോട്ടു വച്ച, പത്താം ക്ലാസുവരെ പൊതുപഠനവും തുടർന്ന് രണ്ട് വർഷം വിവിധ സ്ട്രീമുകളായുള്ള +2 പഠനവുമെന്ന അക്കാഡമിക് രീതി കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഫലപ്രദമായി നടന്നു വരുന്നതാണ്. ഈ രീതി ഏകപക്ഷീയമായി ഇല്ലാതാക്കുകയും ഒരു തയ്യാറെടുപ്പുമില്ലാതെ പുതിയ ഘടന അടിച്ചേല്പിക്കുകയും ചെയ്യുന്നത് നോട്ട് നിരോധനം പോലെ ഒരു തുഗ്ലക് പരിഷ്കാരമായി മാറുകയേ ഉള്ളൂ.
4. ഉന്നതപഠനത്തിൽ സർക്കാരിനുള്ള പങ്കിന് ഊന്നൽ നൽകാത്ത ബിൽ M Phil, PhD കോഴ്സുകളിലെ സീറ്റ് വെട്ടികുറക്കൽ സംബന്ധിച്ച് പരാമർശിക്കുന്നില്ലെന്ന് മാത്രമല്ല MPhil കോഴ്സ് തന്നെ എടുത്തുകളയാൻ ശ്രമിക്കുകയാണ്.
5. പുതിയ നയം മുന്നോട്ട് വെയ്ക്കുന്ന 'സാമ്പത്തിക സ്വയംഭരണം' എന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫീസ് ഉയർത്തിയും ചെലവ് ചുരുക്കിയും തങ്ങളുടെ സാമ്പത്തികാവിശ്യങ്ങൾക്കുള്ള പണം ചിലവ് കണ്ടെത്തുന്ന രീതിയാണ്. അറിവ് ധനികരുടെ മാത്രം കുത്തകയായി മാറുകയാണിവിടെ ചെയ്യുന്നത്.
6. വിദേശ സർവകലാശാല ബിൽ വഴി ഇന്ത്യയിലെ സമ്പന്നരായ വിദ്യാർത്ഥികൾക്ക് ചെലവേറിയ വിദ്യാഭ്യാസം
ഉറപ്പാക്കുമ്പോൾ പണമില്ലാത്തവർ എന്തുചെയ്യുമെന്ന് ചർച്ച ചെയ്യപ്പെടുന്നില്ല.
7. വിദ്യാർത്ഥികൾ സ്കോളർഷിപ്പില്ലാതെ ദുരിതമനുഭവിക്കുന്ന, പണവിതരണം പ്രവർത്തനരഹിതമായ ഈ മഹാമാരിക്കാലത്തെ മറികടക്കാൻ NEP ഒരു പരിഹാരവു൦ മുന്നോട്ടു വെയ്ക്കുന്നില്ല.
8. ചോയ്സ് അധിഷ്ഠിത ക്രെഡിറ്റ് സംവിധാനം നടപ്പിലാക്കിയ ഇടങ്ങളിലെല്ലാം പരാജയപ്പെട്ട അനുഭവമാണുള്ളത്. അടിസ്ഥാനപരമായി ഒരു വിഷയത്തിന്റെ ആരോഗ്യകരമായ പഠനത്തിന് എതിരാണത്.
9. കോഴ്സിനുള്ളിലെ എക്സിറ്റ് പ്ലാനുകൾ പരാജയപ്പെട്ട ഒരു സിസ്റ്റത്തിന്റെ പ്രവർത്തനമാണ് സൂചിപ്പിക്കുന്നത്. അത് എല്ലാവർക്കും പഠിക്കാൻ ഉതകുന്ന ഒരിടം സൃഷ്ടിക്കുന്നില്ല. ഫാൻസി വാക്കുകളിലൂടെ അത് മറയ്ക്കാൻ സാധിക്കില്ല.
10. ഗവേഷണത്തിനായുള്ള നിയന്ത്രണ അതോറിറ്റി ചില പ്രത്യേക വിഷയങ്ങളിലേക്കുള്ള ഗവേഷണ ഗ്രാന്റിലൂടെ, കാവിവൽക്കരണത്തിന് വ്യാപക പ്രേരണ നൽകുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല.
11. അവസാനമായി നടപ്പാക്കിയ വിദ്യാഭ്യാസ നയത്തിന്റെ 34 വർഷത്തിനു ശേഷവും, തദ്ദേശീയ സാങ്കേതികവിദ്യ എങ്ങനെ നിർമ്മിക്കാമെന്നതിനെ കുറിച്ചോ, ഗവേഷണ മേഖലയുടെ വികസനത്തിന് ഊന്നൽ നൽകുന്നതിനെക്കുറിച്ചോ ഒരു രൂപരേഖയും ബിൽ മുന്നോട്ട് വെയ്ക്കുന്നില്ല.
12. സ്വകാര്യ പങ്കാളികൾക്ക് വിദ്യാഭ്യസരംഗം തുറന്ന് നൽകാൻ സഹായകമായ നിർദേശങ്ങളാണ് പുതിയ നയത്തിൽ ഉടനീളമുള്ളത്.
13. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത, സോഷ്യലിസം തുടങ്ങിയ മൂല്യ സങ്കൽപ്പങ്ങൾ നിരസിക്കുന്നതാണ് പുതിയ നയം.
14. ഉന്നതവിദ്യാഭ്യാസ മേഖലയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ജാതി വിവേചനങ്ങളെ ഇല്ലാതാക്കാനും, സംവരണ അട്ടിമറി മറികടക്കാനുമുള്ള യാതൊരു നിർദേശവും പുതിയ നയത്തിലില്ല. അരികുവൽകരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ പ്രാതിനിധ്യത്തിലെ വലിയ കുറവ് പരിഹരിക്കാനാവശ്യമായ ഇടപെടലുകലും പുതിയ നയത്തിൽ കാണാനാകില്ല.
15. GDP വിഹിതത്തിൽ നിന്നും കേന്ദ്ര ബജറ്റിൽ നിന്നും വിദ്യാഭ്യാസ മേഖലയ്ക്കുള്ള സാമ്പത്തിക നീക്കിവെയ്പ്പ് വർദ്ധിപ്പിക്കാനുള്ള യാതൊരു ശുപാർശയും പുതിയ നയത്തിലില്ല.
ഈ നിലയിൽ, ഇതുവരെ തുടർന്നു വന്ന വികേന്ദ്രീകരണ വിദ്യാഭ്യാസ നയത്തിൽ നിന്ന് യാതൊരു മുന്നൊരുക്കവും കൂടാതെ കേന്ദ്രീകരണ നയങ്ങളിലേക്ക് ചുവട് മാറ്റുക വഴി വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യ ഇതുവരെ ആർജിച്ച നേട്ടങ്ങളെ തകർക്കാൻ കാരണമായേക്കാവുന്ന NEPയെ ഗൗരവമായ വിമർശനത്തിന് വിധേയമാക്കാൻ അക്കാഡമിക് സമൂഹവും ജനാധിപത്യ പ്രസ്ഥാനങ്ങളും മുന്നോട്ട് വരേണ്ടതുണ്ട്.
-പി.എ മുഹമ്മദ് റിയാസ്-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

