ഹിന്ദുത്വ വൈറസ് ബാധിത സി.പി.എമ്മിനെ ജാഗ്രതയോടെ കാണണം -ഡോ. ആസാദ്
text_fieldsമലപ്പുറം: തീവ്ര വലതു ഹിന്ദുത്വപാർട്ടിയുടെ ഭാഷയിലേക്കും പ്രവൃത്തിപഥത്തിലേക്കും അതിവേഗമാണ് സി പി എം എത്തിച്ചേർന്നതെന്ന് ഇടതുചിന്തകൻ ഡോ. ആസാദ്. ആദ്യം ഒളിപ്രവൃത്തിയായി തുടങ്ങിയ ഈ ദിശാമാറ്റം ഇപ്പോൾ ഒട്ടും മറച്ചുപിടിക്കാനാവാത്ത വിധം പ്രകടമാണ്. ബി.ജെ.പിയാണ് കേരളം ഭരിക്കുന്നതെങ്കിൽപോലും ഇത്ര സുഗമമായി ആർ എസ് എസ് പദ്ധതി നടപ്പാക്കാൻ കഴിയുമായിരുന്നില്ല. തൊഴിലാളിവർഗ സമര രാഷ്ട്രീയത്തിന്റെ വഴിപിഴച്ച പിന്മുറക്കാരെക്കൊണ്ട് സ്വന്തം അജണ്ട നടപ്പാക്കിക്കാൻ ആർ എസ് എസ്സിന് കഴിഞ്ഞിരിക്കുന്നു. ഉയരാവുന്ന പ്രതിഷേധങ്ങളെ അവർ സമർത്ഥമായി വകഞ്ഞു മാറ്റിയിരിക്കുന്നു. കുഞ്ഞുന്നാളിലേ പിടികൂടുക എന്ന ഫാഷിസ്റ്റുകളുടെ അടിസ്ഥാന പദ്ധതിക്കാണ് സി പി എം പിന്തുണ നൽകിയിരിക്കുന്നത് -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ഇന്ത്യൻ ഇടതുപക്ഷം ഹിന്ദുത്വ വൈറസ് ബാധിത സി.പി.എമ്മിനെ ജാഗ്രതയോടെ കാണണമെന്ന് അവർക്കുള്ള മുന്നറിയിപ്പാണ് സി.പി.ഐയുടെ ഇക്കാര്യത്തിലുള്ള പ്രതികരണം. അവർ നിലപാടിൽ ഉറച്ചു നിൽക്കുമോ എന്നേ ഇനി അറിയാനുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുറിപ്പിന്റെ പൂർണരൂപം:
കേരളത്തിലെ ഫാഷിസ്റ്റ് വിരുദ്ധ സമരത്തിന്റെ അമരക്കാരെന്ന് അവകാശപ്പെട്ടുപോന്ന ഇടതുപക്ഷത്തെ പ്രമുഖ പാർട്ടി ചേരി മാറിയിരിക്കുന്നു. വാക്കിൽ സംഘപരിവാരങ്ങൾക്ക് എതിരാണ്. പ്രവൃത്തിയിൽ അവരുടെ കൈക്കോടാലി.
ആർ എസ് എസ് ആവിഷ്കരിച്ച് കേന്ദ്രസർക്കാർ നടപ്പാക്കിയ പദ്ധതിയുടെ പണം വാങ്ങും, പദ്ധതി മാത്രം നടപ്പാക്കില്ല എന്നാണ് ഇപ്പോഴത്തെ വാദം. സർക്കാർ ഓരോ പദ്ധതിയിലും അനുവദിക്കുന്ന പണം കൈപ്പറ്റി മറ്റൊരു തരത്തിൽ ഉപയോഗിക്കാൻ പഴുതുകൾ കണ്ടെത്തുന്നതിൽ തെറ്റില്ല എന്ന് കരുതുന്നത് ഒരർത്ഥത്തിൽ അഴിമതിയാണ്. സംസ്ഥാന സർക്കാറിന്റെ പദ്ധതിപണവും ഇങ്ങനെ ആർക്കും ഉപയോഗിക്കാം എന്ന സമ്മതപത്രമാവുമോ ഇത്?
സി പി എം ഇപ്പോൾ നേരിടുന്നത് അവർ പുലർത്തിയ നിലപാടുകളെയാണ്. പറഞ്ഞുപോയ വാക്കുകളെ, ചെയ്തുപോന്ന സമരങ്ങളെ, പാർട്ടിയുടെ വിശ്വാസ്യതയെ എല്ലാം അവർ തെരുവിൽ നേരിടുന്നു. സ്വന്തം നിഴലിനെ ഭയന്ന് അതിനോട് യുദ്ധത്തിനിറങ്ങുന്നു!
സർക്കാറിന് വഴിതെറ്റുമ്പോൾ തിരുത്തേണ്ടത് പാർട്ടിയാണ്. ആ വഴിത്തെറ്റിന് ന്യായം ചമച്ച് പിറകേ നടക്കലല്ല പാർട്ടി നേതൃത്വത്തിന്റെ ചുമതല. ഒരു വ്യക്തിയുടെ പിശകിനോ ഗൂഢതാൽപ്പര്യത്തിനോ വഴങ്ങി പാർട്ടിയെ വ്യക്തിക്കും പ്രതിലോമ ആശയങ്ങൾക്കും അടിമപ്പെടുത്തുന്നത് ആത്മഹത്യാപരമാണ്. പറഞ്ഞത് മുഴുവൻ വിഴുങ്ങേണ്ടിവരുന്നത് മാത്രമല്ല പ്രശ്നം. പാർട്ടിയുടെ മുഖവും ദിശയും മാറുന്നു എന്നതുകൂടിയാണ്.
മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കും എം എ ബേബിയുമെല്ലാം തൊണ്ണൂറുകൾ മുതൽ ആരംഭിച്ച, സോഷ്യലിസം മാത്രമല്ല ബദൽ എന്ന നാലാംലോക ആശയ പ്രചാരണത്തിന്റെ അനിവാര്യമായ അവസാന ഘട്ടമാണിത്. വലതുപക്ഷ നിലപാടുകളുടെ വലത്തേയറ്റത്തേക്ക്, സംഘപരിവാരങ്ങളുടെ ശബ്ദത്തിലേക്കും രൂപത്തിലേക്കും സി പി എം എത്തിയിരിക്കുന്നു.
ഇപ്പോൾ ഈ പാർട്ടിയെ ന്യായീകരണംകൊണ്ട് രക്ഷിക്കാം എന്നു കരുതുന്നവർക്ക് ഈ പാർട്ടി എന്തായിരുന്നുവെന്നോ എന്തിനുവേണ്ടി രൂപപ്പെട്ടുവെന്നോ അറിയില്ല. ഇടതുപക്ഷം എന്താണെന്നോ വലതുപക്ഷ പാർട്ടികളിൽനിന്ന് എങ്ങനെ വേർപെട്ടു നിൽക്കണമെന്നോ ഒരു ധാരണയുമില്ല. തീവ്ര വലതു ഹിന്ദുത്വപാർട്ടിയുടെ ഭാഷയിലേക്കും പ്രവൃത്തിപഥത്തിലേക്കും അതിവേഗമാണ് സി പി എം എത്തിച്ചേർന്നത്. ആദ്യം ഒളിപ്രവൃത്തിയായി തുടങ്ങിയ ഈ ദിശാമാറ്റം ഇപ്പോൾ ഒട്ടും മറച്ചുപിടിക്കാനാവാത്ത വിധം പ്രകടമാണ്.
ബി ജെ പിയാണ് കേരളം ഭരിക്കുന്നതെങ്കിൽപോലും ഇത്ര സുഗമമായി ആർ എസ് എസ് പദ്ധതി നടപ്പാക്കാൻ കഴിയുമായിരുന്നില്ല. തൊഴിലാളിവർഗ സമര രാഷ്ട്രീയത്തിന്റെ വഴിപിഴച്ച പിന്മുറക്കാരെക്കൊണ്ട് സ്വന്തം അജണ്ട നടപ്പാക്കിക്കാൻ ആർ എസ് എസ്സിന് കഴിഞ്ഞിരിക്കുന്നു. ഉയരാവുന്ന പ്രതിഷേധങ്ങളെ അവർ സമർത്ഥമായി വകഞ്ഞു മാറ്റിയിരിക്കുന്നു. കുഞ്ഞുന്നാളിലേ പിടികൂടുക എന്ന ഫാഷിസ്റ്റുകളുടെ അടിസ്ഥാന പദ്ധതിക്കാണ് സി പി എം പിന്തുണ നൽകിയിരിക്കുന്നത്.
ഇടതുപക്ഷത്തെ മാത്രമല്ല, ഇന്നത്തെ നിലയിൽ ഫാഷിസ്റ്റ് ഭരണത്തെ തോൽപ്പിക്കാൻ ശക്തിപ്പെടേണ്ട ഇന്ത്യാമുന്നണിയെയും ദുർബ്ബലപ്പെടുത്തുന്ന പ്രവൃത്തിയാണ് സി പി എമ്മിൽനിന്നും ഉണ്ടായിരിക്കുന്നത്. ബിഹാർ തെരഞ്ഞെടുപ്പ് നേരിടുന്ന ഘട്ടത്തിലാണ് പി എം ശ്രീ ഒപ്പിടൽ എന്നോർക്കണം. ഇന്ത്യൻ ഇടതുപക്ഷം ഹിന്ദുത്വ വൈറസ് ബാധിത സി പി എമ്മിനെ ജാഗ്രതയോടെ കാണണമെന്ന് അവർക്കുള്ള മുന്നറിയിപ്പാണ് സി പി ഐയുടെ ഇക്കാര്യത്തിലുള്ള പ്രതികരണം. അവർ നിലപാടിൽ ഉറച്ചു നിൽക്കുമോ എന്നേ ഇനി അറിയാനുള്ളു.
ആസാദ്
26 ഒക്ടോബർ 2025
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

