‘ഇവിടെയാണ് ആ ഇടം, അയ്യപ്പന്റെ സന്നിധാനം.. വിവേചനമില്ലാത്ത ഇടം’ -രാഷ്ട്രപതിയുടെ ശബരിമല ദർശന ചിത്രം പങ്കുവെച്ച് പി.കെ. ശ്രീമതി
text_fieldsകണ്ണൂർ: ശബരിമല സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ഫോട്ടോ പങ്കുവെച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. ‘ഇവിടെയാണ് ആ ഇടം. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ എല്ലാവർക്കും പ്രവേശിക്കാവുന്ന അയ്യപ്പന്റെ സന്നിധാനം. വിവേചനമില്ലാത്ത ഇടം. സമാദരണീയയായ രാഷ്ട്രപതി ദ്രൗപദി മുർമു സാധാരണക്കാരിൽ സാധാരണക്കാരിയായി പതിനെട്ടുപടിയും ചവിട്ടി അയ്യപ്പസന്നിധിയിൽ എത്തി’ എന്ന അടിക്കുറിപ്പോടെയാണ് അയ്യപ്പനെ തൊഴുന്ന ചിത്രം ശ്രീമതി പങ്കുവെച്ചത്. ദേവസ്വം മന്ത്രി വി.എൻ. വാസവനും രാഷ്ട്രപതിയോടൊപ്പം ഉണ്ട്.
ഇരുമുടിക്കെട്ടേന്തിയാണ് രാ്ഷട്രപതി പതിനെട്ടാം പടി കയറിയറിയത്. രാഷ്ട്രപതിക്കൊപ്പം അംഗരക്ഷകരും ഇരുമുടി കെട്ടേന്തിയാണ് മല കയറിയത്. പമ്പയിലെത്തിയ രാഷ്ട്രപതി അവിടെ നിന്നും കെട്ടുനിറച്ചാണ് ശബരിമല കയറിയത്. പ്രത്യേക വാഹനത്തിൽ 11.45നാണ് രാഷ്ട്രപതി ശബരിമലയിൽ എത്തിയത്. പടി കയറി കൊടിമരച്ചുവട്ടിൽ എത്തുമ്പോൾ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിച്ചു.
അർച്ചനയും നെയ്യഭിഷേക വഴിപാടും നടത്തി. ദർശനത്തിനു ശേഷം ദേവസ്വം ഗസ്റ്റ് ഹൗസിലാണു ഭക്ഷണവും വിശ്രമവും. മൂന്നുമണിയോടെ ദർശനം കഴിഞ്ഞ് രാഷ്ട്രപതി മടങ്ങി.
മലകയറും മുമ്പ് രാഷ്ട്രപതിക്ക് പമ്പാ സ്നാനം നടത്താൻ ത്രിവേണിയിൽ ജലസേചന വകുപ്പ് താൽക്കാലിക സ്നാനഘട്ടം ഒരുക്കിയിരുന്നു. നേരത്തെ, രാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നിരുന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടിൽ ഇറങ്ങിയ ഹെലികോപ്റ്ററാണ് കോൺക്രീറ്റ് ചെയ്ത ഹെലിപാഡിൽ താഴ്ന്നത്. പൊലീസും അഗ്നിരക്ഷ സേനയും ചേർന്നാണ് ഹെലികോപ്റ്റർ തള്ളിനീക്കിയത്. രാഷ്ട്രപതിയുടെ യാത്രക്ക് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. സുരക്ഷിതമായിത്തന്നെ ആയിരുന്നു ഇറങ്ങിയത്. എന്നാൽ ഇറങ്ങിയ ശേഷമാണ് ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നത്. ചൊവ്വാഴ്ച വൈകീട്ടാണ് പ്രമാടത്ത് കോൺക്രീറ്റ് ഇട്ടത്.
രാഷ്ട്രപതി എത്തുന്ന ഹെലികോപ്ടർ നിലക്കലിൽ ഇറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കാലാവസ്ഥ പ്രതികൂലമായതിനാൽ പ്രമാടത്തേക്ക് മാറ്റുകയായിരുന്നു. തുടർന്ന് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലാണ് ഇറക്കിയത്. കോൺക്രീറ്റ് പ്രതലം ഉറക്കാത്തതാണ് ടയർ താഴ്ന്നുപോകാനിടയാക്കിയത്.
രാവിലെ 8.40ന് പ്രത്യേക ഹെലികോപ്റ്ററിൽ എത്തിയ രാഷ്ട്രപതിയെ ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആന്റോ ആന്റണി എം.പി, കെ.യു. ജനീഷ് കുമാർ എം.എൽ.എ, പ്രമോദ് നാരായണ്‍ എം.എൽ.എ, ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്, ജില്ല പൊലിസ് മേധാവി ആര്. ആനന്ദ് എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു. ശബരിമല ദർശനമടക്കം നാല് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

