'വാളയാറിലേത് ആൾക്കൂട്ട ആക്രമണമല്ല, ആർ.എസ്.എസ് ക്രിമിനലുകൾ നടപ്പിലാക്കിയ പച്ചയായ വർഗീയ കൊലപാതകം, യു.പി മോഡൽ'; സന്ദീപ് വാര്യർ
text_fieldsപാലക്കാട്: വാളയാറിലെ ആൾക്കൂട്ട കൊലപാതകം ഉത്തർപ്രദേശിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആർ.എസ്.എസ് ക്രിമിനലുകൾ നടപ്പിലാക്കിയ പച്ചയായ വർഗീയ കൊലപാതകമാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.
ബംഗ്ലാദേശുകാരനാണോ എന്ന് ചോദിച്ചായിരുന്നു ആ മർദനം. കേവലം സംശയത്തിന്റെ പേരിലല്ല, മറിച്ച് വിദ്വേഷം തലക്ക്പിടിച്ച ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരാണ് ഈ ക്രൂരതക്ക് പിന്നിലെന്നും സംഘപരിവാർ പടച്ചുവിടുന്ന അപരവിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരയായി റാം നാരായൺ മാറിപ്പോയി എന്നത് മാത്രമാണ് ഇവിടെ സംഭവിച്ചതെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
ഈ കൊലയാളികളെ സംരക്ഷിക്കാനും നിയമത്തിൽ നിന്ന് രക്ഷിക്കാനും ബി.ജെ.പി-ആർ.എസ്.എസ് സംസ്ഥാന-ജില്ല നേതാക്കൾ സജീവമായി രംഗത്തുണ്ടെന്നും ഭരണകൂടം ഈ ഒത്തുകളി അനുവദിക്കരുതെന്നും സന്ദീപ് പറഞ്ഞു. മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത ഈ വിദ്വേഷ പ്രത്യയശാസ്ത്രത്തെ നമുക്ക് ചെറുത്തെ മതിയാകൂവെന്നും സന്ദീപ് കൂട്ടിച്ചേർത്തു.
വാളയാർ അള്ളപ്പട്ടത്ത് ആൾക്കൂട്ട മർദനത്തിലാണ് ഛത്തീസ്ഗഢ് സ്വദേശി രാംനാരായണൻ (31) കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചക്ക് ശേഷം രണ്ടരയോടെ അട്ടപ്പള്ളം മാതാളികാട് ഭാഗത്തായിരുന്നു സംഭവം. തൊഴിലുറപ്പ് തൊഴിലാളികൾ ജോലി ചെയ്തിരുന്ന സ്ഥലത്ത് വീടിനും കടകൾക്കും സമീപം സംശയാസ്പദ രീതിയിൽ രാംനാരായണിനെ കണ്ടെത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. സമീപത്തുണ്ടായിരുന്ന യുവാക്കൾ സ്ഥലത്തെത്തി ഇയാളെ പിടികൂടി. മോഷണക്കുറ്റം ആരോപിച്ച് ഇവർ മർദിച്ചെന്നും രക്തം ഛർദിച്ചെന്നുമാണ് അറിയുന്നത്. അതേസമയം, കൈയിൽ മോഷണവസ്തുക്കളൊന്നുമുണ്ടായിരുന്നില്ല. കുഴഞ്ഞുവീണ ഇയാളെ രാത്രി ആറോടെ പൊലീസെത്തി ആംബുലൻസിൽ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോകുംവഴി പുതുശ്ശേരിയിലെത്തിയതോടെ കുഴഞ്ഞുവീണു. ജില്ല ആശുപത്രിയിലെത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ട രാം നാരായണിന്റെ ശരീരത്തിൽ നാൽപതിലധികം മുറിവുകളാണ് കണ്ടെത്തിയത്. നിലത്തിട്ട് ചവിട്ടി വലിച്ചതിന്റെയും പാടുകളുണ്ട്.
മോഷ്ടാവെന്നാരോപിച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ അട്ടപ്പള്ളം സ്വദേശികളായ കല്ലങ്കാട് വീട്ടിൽ അനു (38), മഹൽകാഡ് വീട്ടിൽ പ്രസാദ് (34), മഹൽകാഡ് വീട്ടിൽ മുരളി (38), കിഴക്കേ അട്ടപ്പള്ളം ആനന്ദൻ (55), വിനീത നിവാസിൽ ബിപിൻ (30) എന്നിവരെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്. ആൾക്കൂട്ട ആക്രമണത്തിന് ഭാരതീയ ന്യായ സംഹിത 103 (2) പ്രകാരമാണ് കേസെടുത്തത്. പ്രതികളെ റിമാൻഡ് ചെയ്തു. ഇനിയും പ്രതികളെ പിടികൂടാനുണ്ട്.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്
"പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് ഛത്തീസ്ഗഡ് സ്വദേശിയായ റാം നാരായൺ എന്ന യുവാവിനെ തല്ലിക്കൊന്ന വാർത്ത കേവലം ഒരു 'ആൾക്കൂട്ട ആക്രമണമല്ല'. ഇത് ഉത്തർപ്രദേശിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആർഎസ്എസ് ക്രിമിനലുകൾ നടപ്പിലാക്കിയ പച്ചയായ വർഗീയ കൊലപാതകമാണ്.
"നീ ബംഗ്ലാദേശുകാരനാണോ?" എന്ന് ചോദിച്ചായിരുന്നു ആ മർദ്ദനം. കേവലം സംശയത്തിന്റെ പേരിലല്ല, മറിച്ച് വിദ്വേഷം തലയ്ക്കുപിടിച്ച ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് ഈ ക്രൂരതയ്ക്ക് പിന്നിൽ. സംഘപരിവാർ പടച്ചുവിടുന്ന അപരവിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരയായി റാം നാരായൺ മാറിപ്പോയി എന്നത് മാത്രമാണ് ഇവിടെ സംഭവിച്ചത്. ഈ കൊലപാതകത്തിൽ ശക്തമായ അന്വേഷണം വേണം. ഗൂഢാലോചന പുറത്തുകൊണ്ടുവരണം: പിടിയിലായ പ്രതികൾ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ്. ഇവരുടെ ഫോൺ കോളുകൾ അടിയന്തരമായി പരിശോധിക്കണം.
ഈ കൊലയാളികളെ സംരക്ഷിക്കാനും നിയമത്തിൽ നിന്ന് രക്ഷിക്കാനും ബിജെപി-ആർഎസ്എസ് സംസ്ഥാന-ജില്ലാ നേതാക്കൾ സജീവമായി രംഗത്തുണ്ട്. ഭരണകൂടം ഈ ഒത്തുകളി അനുവദിക്കരുത്. കേരളത്തിന്റെ മണ്ണിൽ ഉത്തരേന്ത്യൻ മോഡൽ വിദ്വേഷ രാഷ്ട്രീയത്തിന് വിത്തിടാൻ ശ്രമിക്കുന്നവർക്കുള്ള താക്കീതാവണം ഈ കേസ്. മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത ഈ വിദ്വേഷ പ്രത്യയശാസ്ത്രത്തെ നമുക്ക് ചെറുത്തെ മതിയാകൂ. റാം നാരായണന് നീതി ലഭിക്കും വരെ പ്രതിഷേധം തുടരും. പ്രതികളെയും അവരെ സഹായിക്കുന്ന നേതാക്കളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

