‘പാക് തീവ്രവാദത്തെയും റേറ്റിങ്ങിനായുള്ള ചാനലുകളുടെ അസത്യ പ്രചാരണങ്ങളെയും നമ്മൾ അതിജീവിക്കും’ -വ്യാജ വാർത്തകൾക്കെതിരെ രാഹുൽ മാങ്കൂട്ടത്തിലും വി.ടി. ബൽറാമും
text_fieldsപാലക്കാട്: പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും വി.ടി. ബൽറാമും. പാകിസ്താന്റെ തീവ്രവാദത്തെയും ചില ചാനലുകളുടെ റേറ്റിങ് മത്സരത്തിന് വേണ്ടിയുള്ള അസത്യ പ്രചാരണങ്ങളെയും നമ്മൾ അതിജീവിക്കുമെന്നാണ് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചത്.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചു, കറാച്ചി തുറമുഖം ഇന്ത്യൻ സേന ആക്രമിച്ചു, ഇന്ത്യയുടെ യുദ്ധ വിമാനങ്ങൾ പാകിസ്താൻ വെടിവെച്ചിട്ടു, പാക് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരനെ പാക് തീവ്രവാദിയാക്കി ചിത്രീകരിച്ചു തുടങ്ങി നിരവധി വ്യാജ വാർത്തകളാണ് സംസ്ഥാന, ദേശീയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്. ഇപ്പോഴത്തെ ആക്രമണം എന്നപേരിൽ ചാനലുകളിൽ ഉൾപ്പെടെ പ്രചരിക്കുന്ന പല ദൃശ്യങ്ങളും മുൻപുള്ളതോ മറ്റ് പലയിടങ്ങളിലുള്ളതോ ആണെന്ന് സൈന്യം തന്നെ വ്യക്തമാക്കിയിരുന്നു. ഗുജറാത്തിലെ ഹാസിറ തുറമുഖം ആക്രമിച്ചെന്ന പേരില്‍ കഴിഞ്ഞദിവസം മുതൽ പ്രചരിക്കുന്ന വിഡിയോ വ്യാജമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി) യുടെ ഫാക്ട് ചെക് വിഭാഗം അറിയിച്ചു. 2021 ജൂലൈ ഏഴിന് നടന്ന ഓയില്‍ ടാങ്കര്‍ സ്ഫോടനത്തിന്റെ ദൃശ്യങ്ങളാണ് തങ്ങള്‍ ആക്രമിച്ച് തകര്‍ത്തത് എന്ന അവകാശവാദത്തോടെ പാകിസ്താന് പ്രചരിപ്പിച്ചത്.
മാധ്യമങ്ങളും വിവിധ നേതാക്കളും പ്രചരിപ്പിച്ച അസത്യവാർത്തകൾ അക്കമിട്ട് നിരത്തിയാണ് വി.ടി. ബൽറാം പ്രതികരിച്ചത്. ഒമ്പത് സംഭവങ്ങളാണ് ബൽറാം ചൂണ്ടിക്കാട്ടിയത്.
ബൽറാമിന്റെ കുറിപ്പിൽ നിന്ന്:
ഇന്ത്യ-പാക് സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്നതും പൊളിച്ചടുക്കപ്പെട്ടതുമായ പ്രധാന നുണപ്രചരണങ്ങൾ:
1) പാകിസ്താനിലെ ഭീകരവാദ കേന്ദ്രങ്ങൾ തകർത്തുകൊണ്ടുള്ള ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷന്റെ പശ്ചാത്തലത്തിൽ ബിജെപി നേതാവ് കെ.സുരേന്ദ്രനും മറ്റ് പലരും പങ്കുവെച്ച വിഡിയോ വ്യാജമായിരുന്നു. 2024 ഒക്ടോബറിൽ ഇറാൻ ഇസ്രയേലിലേക്ക് നടത്തിയ വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങളാണ് ഓപ്പറേഷൻ സിന്ദൂറിന്റെ എന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ടത്. സുരേന്ദ്രൻ പിന്നീട് ഈ വിഡിയോ പിൻവലിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ യഥാർത്ഥ ചിത്രങ്ങളും വിവരങ്ങളും സൈന്യം തന്നെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.
2) ഇന്ത്യയുടെ 7 വിമാനങ്ങൾ പാക് പട്ടാളം വെടി വച്ച് വീഴ്ത്തി എന്ന് പറഞ്ഞ് ക്രിസംഘി യൂട്യൂബർ മാത്യു സാമുവൽ ചെയ്ത വിഡിയോയും അസ്സൽ നുണപ്രചരണമായിരുന്നു. ദി ഹിന്ദു പത്രവും അതിനെ ഉദ്ധരിച്ച് റോയിട്ടേഴ്സും ചൈനീസ് മാധ്യമങ്ങളുമൊക്കെ ഈ വ്യാജ വാർത്ത പ്രചരിപ്പിരുന്നു. ദി ഹിന്ദു പിന്നീടിത് പിൻവലിച്ചു. മാത്യു സാമുവലിന്റെ യൂട്യൂബ് ചാനൽ കേന്ദ്ര സർക്കാർ ഇടപെട്ട് പൂട്ടിക്കെട്ടിയെന്ന് പറയപ്പെടുന്നു.
3) ഇന്ത്യൻ സൈന്യം കറാച്ചി തുറമുഖം ആക്രമിച്ചുവെന്ന് മാതൃഭൂമി ന്യൂസും മറ്റ് പലരും വ്യാജവാർത്ത നൽകിയിരുന്നു. ഫിലഡൽഫിയയിലെ ഒരു വിമാനാപകടത്തിന്റെ ദൃശ്യങ്ങളാണ് ഇതിനൊപ്പം നൽകിയിരുന്നത്. എന്നാൽ ഇതുവരെ കറാച്ചി ആക്രമിച്ചിട്ടില്ലായെന്ന് ഇന്ത്യൻ സൈന്യം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്. വ്യാജ വാർത്ത മാതൃഭൂമി പിന്നീട് തിരുത്തി.
4) പാക് മിസൈലുകളെ ഇന്ത്യ നിർവീര്യമാക്കുന്നതിന്റെ ദൃശ്യങ്ങൾ എന്ന മട്ടിൽ 24 ന്യൂസ് വ്യാജ വിഡിയോ ഇന്നലെ പ്രചരിപ്പിച്ചിരുന്നു. ഇസ്രയേലിന്റെ അയേൺ ഡോം വ്യോമാക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇങ്ങനെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.
5) ഇന്ത്യയിലെ എല്ലാ എയർപോർട്ടുകളും അടച്ചിരിക്കുന്നു എന്ന് വ്യാജ വാർത്ത നൽകി റിപ്പോർട്ടർ ടിവിയും ബിനീഷ് കോടിയേരിയുമൊക്കെ ജനങ്ങളെ പരിഭ്രാന്തരാക്കുന്നു. എന്നാൽ എയർപോർട്ടുകളിലെ സുരക്ഷ വർദ്ധിപ്പിക്കുകയും ടെർമിനലുകൾക്കകത്ത് സന്ദർശകരെ നിയന്ത്രിക്കുകയുമാണ് യഥാർത്ഥത്തിൽ ഉണ്ടായിട്ടുള്ളത്.
6) അമൃത്സർ മിലിറ്ററി ബേസ് ബോംബിട്ട് തകർത്തു എന്ന് പാക് മാധ്യമങ്ങൾ വ്യാജ പ്രചരണം നടത്തുന്നുണ്ട്. എന്നാൽ 2024ലെ ഒരു കാട്ടുതീയുടെ ദൃശ്യങ്ങളാണ് ഈ നുണപ്രചരണത്തിനായി ഉപയോഗിക്കപ്പെടുന്നത്.
7) ജമ്മു എയർബേസ് ബോംബിട്ട് തകർത്തു എന്ന നിലയിലും പാകിസ്ഥാൻ വ്യാജ പ്രചരണം നടത്തുന്നുണ്ട്. എന്നാൽ ഇതിന്റേതെന്ന നിലയിൽ നൽകുന്ന ദൃശ്യങ്ങൾ കാബൂൾ എയർപോർട്ടിൽ മുമ്പുണ്ടായ ഒരു അപകടത്തിന്റേതാണ് എന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്.
8.) ഗുജറാത്തിലെ ഹസീറ തുറമുഖം പാക്കിസ്ഥാൻ തകർത്തു എന്ന പേരിലും വ്യാജ വിഡിയോ പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ വിഡിയോ യഥാർത്ഥത്തിൽ 2021ലെ ഒരു ഓയിൽ ടാങ്കർ സ്ഫോടനത്തിന്റേതാണ്.
9) "പാക് സൈനിക മേധാവി കസ്റ്റഡിയിൽ എന്ന് റിപ്പോർട്ട്" എന്ന് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നുണ്ട്’’ -വി.ടി. ബൽറാം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ചാനലുകൾക്കിത് സുവർണാവസരമാണെന്നും ആഞ്ഞു പിടിച്ചു ബാർക് റേറ്റിങ്ങിൽ മുന്നിലെത്താനും പരസ്യ വരുമാനം കൂട്ടാനുമുള്ള പോരാട്ടമാണ് നടക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിലിന്റെ പോസ്റ്റിന് താഴെ ഒരാൾ കുറിച്ചു. ‘ശ്രദ്ധിക്കുക യുദ്ധമൊരു ബിസിനസോ ദൃശ്യ വിരുന്നോ അല്ല. പൂർണമായ വിവരങ്ങൾക്കായി ഇന്ത്യൻ പ്രതിരോധ വൃത്തങ്ങളുടെയോ ആർമിയുടെയോ ഔദ്യോഗിക മീഡിയ ഹാൻഡ്ലുകളെ ആശ്രയിക്കുക’ എന്നും ഓർമപ്പെടുത്തുന്നു.
‘അതെയതെ ചില വാർത്ത ചാനലുകൾ അങ്ങ് ആഘോഷിക്കുകയാണ്... ഐ.പി.എൽ പോലെയും തെരഞ്ഞെടുപ്പ് റിസൾട്ട് പറയുന്നത് പോലെയുമൊക്കെയാണ് രാജ്യത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ ഇവർ ആഘോഷിക്കുന്നത്’, രാജ്യം ഇത്രയും സങ്കീർണമായ അവസ്ഥായിലൂടെ കടന്നു പോകുന്ന സമയത്ത് പുര കത്തുമ്പോൾ വാഴ വെട്ടുന്ന കുറെ മലയാളം ചാനലുകൾ ഉണ്ട്’, ‘യുദ്ധമാണ്..... പൂരമല്ല.... വാർത്തകേട്ടാൽ തോന്നും ഒരു കയ്യിൽ എ.കെ 47ഉം മറുകയ്യിൽ ക്യാമറയും തൂക്കി നിൽക്കുവാണെന്ന്.. അവാസ്തവമായ കാര്യങ്ങൾ പ്രചരപ്പിക്കുന്ന മാധ്യങ്ങൾക്ക് എതിരെ കർശനനടപടി എടുക്കാൻ മന്ത്രാലയങ്ങൾ തയാറാകണം... കഴിവതും വിശ്വാസയോഗ്യമായ പേജിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുക…’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

