പിഎം ശ്രീ സ്വീകാര്യമല്ലെന്ന ഒറ്റനിലപാടേ മതേതര ജനാധിപത്യ പക്ഷത്തുള്ള ആർക്കും സ്വീകരിക്കാനാവൂ -ഡോ. ആസാദ്
text_fieldsമലപ്പുറം: പിഎം ശ്രീ തള്ളിക്കളയാനും ഒരു ഫെഡറൽ സംസ്ഥാനത്തിന്റെ അഭിമാനവും അവകാശവും അധികാരവും നിലനിർത്തി നമ്മുടെ ഭാഷയുടെയും വിദ്യാഭ്യാസത്തിന്റെയും കാതൽ സംരക്ഷിക്കാനും നമുക്ക് കഴിയണമെന്ന് ഇടതുചിന്തകനും ആക്ടിവിസ്റ്റുമായ ഡോ. ആസാദ്. ഒരു യൂണിയൻ ഗവണ്മെന്റിൽനിന്നു ലഭിക്കേണ്ട അവകാശപ്പെട്ട സകലതും നേടിയെടുക്കാൻ ജനാധിപത്യപരവും ഭരണഘടനാപരവുമായ വഴികളെല്ലാം തേടണം. അതിനു നേതൃത്വം നൽകുകയാണ് കേരളസർക്കാർ ചെയ്യേണ്ടത്. സംഘപരിവാര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കാനുള്ള ശാഖകളല്ല കേരളത്തിലെ വിദ്യാലയങ്ങളെന്ന് ഉറപ്പിച്ചു പറയാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
‘കരിക്കുലത്തിൽ എന്തെങ്കിലും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവില്ല കേന്ദ്ര ബി ജെ പി സർക്കാറെന്ന് ഇതുവരെയുള്ള അനുഭവംകൊണ്ട് അറിഞ്ഞതല്ലേ? പുത്തൻ വിദ്യാഭ്യാസനയത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ലക്ഷ്യം അതല്ലേ? കാവിവത്കരണവും കേന്ദ്രീകരണവും കച്ചവടവത്ക്കരണവും ഇഴചേർത്ത് ഒരുക്കിയ വിദ്യാഭ്യാസ നയത്തിൽ ഇല്ലാത്ത പഴുതു കണ്ടെത്താൻ മുഖ്യമന്ത്രി സതീശൻ ശ്രമിക്കുകയാണോ? പി എം ശ്രീ സ്വീകാര്യമല്ലെന്ന ഒറ്റനിലപാടേ മതേതര ജനാധിപത്യ രാഷ്ട്രീയ പക്ഷത്തുള്ള ആർക്കും സ്വീകരിക്കാനാവൂ’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
പാഠ്യപദ്ധതിയിൽ ഇടപെടില്ലെന്ന് തീർച്ചയുണ്ടെങ്കിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കാമെന്നാണ് സർക്കാർ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ പത്രസമ്മേളനം സംബന്ധിച്ച വാർത്തയിൽ കാണുന്നു. എന്തിനാണ് ഈ വളച്ചുപറയലും വളഞ്ഞു നിൽക്കലും എന്നു മനസ്സിലാവുന്നില്ല. പി എം ശ്രീ ലക്ഷ്യമാക്കുന്നത് 2020ലെ വിദ്യാഭ്യാസ നയത്തിന് പ്രയോഗവഴി സുഗമമാക്കലാണ്. പ്രധാനപ്പെട്ട ഉപാധിതന്നെ മൂല്യാധിഷ്ഠിതമായി പാഠ്യപദ്ധതി പൊളിച്ചു പണിയലാണ്. അത് പകൽപോലെ വെളിച്ചമായിരിക്കെ പി എം ശ്രീ സ്വീകാര്യമല്ലെന്ന ഒറ്റനിലപാടേ മതേതര ജനാധിപത്യ രാഷ്ട്രീയ പക്ഷത്തുള്ള ആർക്കും സ്വീകരിക്കാനാവൂ.
2022 -23 വർഷത്തിൽ ആരംഭിച്ച പഞ്ചവത്സര പദ്ധതിയാണ് ഇപ്പോൾ പി എം ശ്രീ. 2026 - 27 വർഷത്തിൽ അവസാനിക്കും. 273.6ബില്യൺ രൂപയാണ് അഞ്ചുവർഷത്തേക്ക് നീക്കിവെപ്പ്. ഓരോ ബ്ലോക്കിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ടു വീതം സ്കൂളുകൾ. 14500 സ്കൂളുകൾ കണക്കാക്കുന്നു. എൻ ഇ പി നടപ്പാക്കാനുള്ള ഈ ആമുഖപദ്ധതി അവസാന വർഷത്തിലേക്ക് എത്തുമ്പോഴാണ് സകല നിയന്ത്രണവും വിട്ട് അതീവ രഹസ്യമായി മന്ത്രിസഭയെപ്പോലും മറച്ചുവെച്ച് പിണറായി വിജയൻ സർക്കാർ ഒപ്പിട്ടത്. വാർത്ത പുറത്തുവന്നപ്പോൾ, പി എം ശ്രീയിൽ ഒപ്പിട്ടാൽ എന്താണ് കുഴപ്പം എന്നാണ് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ചോദിച്ചത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമാനമായ കേന്ദ്രപദ്ധതിയിൽ സർക്കാർ ഒപ്പിടുമ്പോഴും ആരും അറിഞ്ഞിരുന്നില്ല. ആരും പ്രശ്നമുയർത്തിയുമില്ല. ഈ ധൈര്യമാണ് ശിവൻകുട്ടിയിൽ കണ്ടത്.
ഭരണമുന്നണിയിലെ രണ്ടാംകക്ഷിയായ സി പി ഐയും പി എം ശ്രീയ്ക്ക് എതിരായ പൊതുപ്രതിഷേധത്തിൽ പങ്കാളികളായി. ഇതോടെ എം ഒ യു തൽക്കാലം മരവിപ്പിക്കാൻ പിണറായി സർക്കാർ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. പി എം ശ്രീ പദ്ധതിയിൽനിന്നു പൂർണമായും പിൻവാങ്ങുകയാണ് എന്നു തീർപ്പാർന്ന കത്തെഴുതി ആ അദ്ധ്യായം അവസാനിപ്പിക്കാൻ എൽ ഡി എഫ് സർക്കാർ ഒരുക്കമായിരുന്നില്ല. തടഞ്ഞുവെച്ച ഇതര ഫണ്ടുകൾ അനുവദിക്കപ്പെട്ടത് വലിയ ആശ്വാസമായി മന്ത്രി കണ്ടു. തമിഴ്നാട് സർക്കാർ കോടതിയെ സമീപിച്ച് മാന്യമായിത്തന്നെ ഇങ്ങനെ തടയപ്പെട്ട തുകകൾ നേടിയെടുത്തിരുന്നു. പി എം ശ്രീയിൽ ഒപ്പിടാത്തതുകൊണ്ട് ഇതര ഫണ്ടുകൾ തടയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ വിധി മാത്രംമതി നമുക്കും തടയപ്പെട്ട ബാക്കി തുകകൂടി വിട്ടുകിട്ടാൻ.
ഇപ്പോൾ ഒരു പദ്ധതിയുടെ അവസാനവർഷം ആ പദ്ധതി നമുക്ക് യോജിച്ചതല്ലെങ്കിൽ ചെന്നു വണങ്ങി തലയിലേറ്റി പോരേണ്ട കാര്യമില്ല കേരളത്തിന്. പി എം ശ്രീയുടെ പരിമിതമായ ഫണ്ടല്ലാതെ മറ്റൊരു നഷ്ടവും വരാനില്ല. പിണറായി സർക്കാർ പദ്ധതിയിൽ ഒപ്പുവെച്ചതുതന്നെ ചട്ട വിരുദ്ധമായി കാബിനറ്റ് തീരുമാനത്തിന് എതിരായാണ്. പിൻവാങ്ങാൻ ആ കാരണം തന്നെ ധാരാളമാണ്. അത് മുഖ്യമന്ത്രി വി ഡി സതീശന് അറിവുള്ളതാണല്ലോ.
കരിക്കുലത്തിൽ എന്തെങ്കിലും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവില്ല കേന്ദ്ര ബി ജെ പി സർക്കാറെന്ന് ഇതുവരെയുള്ള അനുഭവംകൊണ്ട് അറിഞ്ഞതല്ലേ? പുത്തൻ വിദ്യാഭ്യാസനയത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ലക്ഷ്യം അതല്ലേ? കാവിവത്കരണവും കേന്ദ്രീകരണവും കച്ചവടവത്ക്കരണവും ഇഴചേർത്ത് ഒരുക്കിയ വിദ്യാഭ്യാസ നയത്തിൽ ഇല്ലാത്ത പഴുതു കണ്ടെത്താൻ മുഖ്യമന്ത്രി സതീശൻ ശ്രമിക്കുകയാണോ?
പി എം ശ്രീ തള്ളിക്കളയാനും ഒരു ഫെഡറൽ സംസ്ഥാനത്തിന്റെ അഭിമാനവും അവകാശവും അധികാരവും നിലനിർത്തി നമ്മുടെ ഭാഷയുടെയും വിദ്യാഭ്യാസത്തിന്റെയും കാതൽ സംരക്ഷിക്കാനും നമുക്ക് കഴിയണം. ഒരു യൂണിയൻ ഗവണ്മെന്റിൽനിന്നു ലഭിക്കേണ്ട അവകാശപ്പെട്ട സകലതും നേടിയെടുക്കാൻ ജനാധിപത്യപരവും ഭരണഘടനാപരവുമായ വഴികളെല്ലാം തേടണം. അതിനു നേതൃത്വം നൽകുകയാണ് കേരളസർക്കാർ ചെയ്യേണ്ടത്. സംഘപരിവാര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കാനുള്ള ശാഖകളല്ല കേരളത്തിലെ വിദ്യാലയങ്ങളെന്ന് ഉറപ്പിച്ചു പറയാൻ നമുക്ക് കഴിയണം.
ആസാദ്
17 ജൂൺ 2026
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

