Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_right‘ഇവിടെ പൊങ്കാലക്ക്...

‘ഇവിടെ പൊങ്കാലക്ക് പള്ളി തുറന്നു കൊടുക്കുന്നു, അവിടെ ഹോളിക്ക് ടാർപോളിൻ കൊണ്ടുമൂടുന്നു; ഉത്തരേന്ത്യ കേരളത്തോളമെത്താൻ 100വർഷം കാത്തിരിക്കണം’

text_fields
bookmark_border
‘ഇവിടെ പൊങ്കാലക്ക് പള്ളി തുറന്നു കൊടുക്കുന്നു, അവിടെ ഹോളിക്ക് ടാർപോളിൻ കൊണ്ടുമൂടുന്നു; ഉത്തരേന്ത്യ കേരളത്തോളമെത്താൻ 100വർഷം കാത്തിരിക്കണം’
cancel

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ആറ്റുകാൽ പൊങ്കാലയും ഉത്തരേന്ത്യയുടെ ഹോളിയും താരതമ്യം ചെയ്ത് സമൂഹമാധ്യമങ്ങളിൽ നിരവധിപേരാണ് കുറിപ്പുകൾ പങ്കുവെക്കുന്നത്. പൊങ്കാലയിടുന്ന അമ്മമാർക്കും സഹോദരിമാർക്കും മുന്നിൽ മസ്ജിദും ചർച്ചും അമ്പലവും ഹോസ്റ്റലു​മെല്ലാം മലർക്കെ തുറന്നിടു​മ്പോൾ, ഉത്തരേന്ത്യയിൽ ഹോളിക്ക് മുന്നോടിയായി പള്ളികൾ ടാർപോളിൻ കൊണ്ട് മൂടിയും ആയിരങ്ങളെ കരുതൽ തടങ്കലിൽവെച്ചും ഭരണകൂടം തന്നെ വിഭാഗീയത സൃഷ്ടിക്കുകയാണ്.

പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അകലുന്നു എന്നതാണ് ഹോളിയുടെ വിശ്വാസമെന്നും എന്നാൽ, ഹോളി ദിനത്തിൽ ഒരു മതത്തിന്റെ ആരാധനാലയങ്ങളെ ടാർപോളിൻ കൊണ്ട് മൂടി ഇല്ലാത്ത ശത്രുത ഉണ്ടാക്കുകയാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ഹോളി എന്ന ആഘോഷം മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾക്ക് നേർ വിപരീതമാണിതെന്നും ഇവർ അ ഭിപ്രായപ്പെട്ടു. അതേസമയം, തിരുവനന്തപുരത്ത് പൊങ്കാല മത ചടങ്ങ് മാത്രമല്ല, മുഴുവൻ ജനങ്ങളുടെയും ആഘോഷമാണ്. അവിടെ ജാതിയില്ല മതമില്ല പള്ളിയില്ല അമ്പലമില്ല... ടാർപോളിൻ കൊണ്ട് മറക്കലില്ല, ഭീഷണിപ്പെടുത്തലില്ല മാറിനിൽക്കാൻ പറയലില്ല. പരസ്പരം സ്നേഹവും സഹകരണവും മാത്രം. വഴിയരികിൽ ഇരുന്ന് പൊങ്കാലയിടുന്ന സ്ത്രീകൾക്ക് അവശ്യമായതെന്തും കൊടുക്കുന്ന കുറെയധികം ജനങ്ങളുണ്ടവിടെ. വിവിധ മതസ്ഥരായ പൊങ്കാല വളന്റിയർമാരുടെ കാർഡുകൾ പങ്കുവെച്ച് ഈ സാഹോദര്യത്തെ ആഘോഷിക്കുകയാണ് സമൂഹമാധ്യമങ്ങൾ.

കുറിപ്പുകൾ വായിക്കാം:

രാജ്യതലസ്ഥാനത്ത് ഹോളി ആഘോഷങ്ങൾക്ക് വേണ്ടി മുസ്ലിം പള്ളികൾ താർ പായകൊണ്ട് മറക്കുമ്പോൾ ഇങ് കേരളത്തിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ വന്ന ഭക്തർക്ക് വിശ്രമിക്കാൻ പള്ളി തുറന്ന് കൊടുകുന്നു ....

കേരളവും

മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളും തമ്മിൽ പ്രകാശവർഷങ്ങളുടെ ദൂരത്തിലാണിപ്പോഴും .....

മത വിശ്വാസങ്ങൾ മുറിവേല്പിക്കാത്ത നാട്

മനുഷ്യന്റെ അന്തസ്സ് ഉയർത്തുന്ന നാട്

കേരളം 💞💞💞

(എഴുതിയത്: അഡ്വ. സരിൻ ശശി)

---------------------------

നമ്മുടെ ഈ കൊച്ചു കേരളത്തിൽ ജനിക്കാൻ സാധിച്ചത് എന്നതുതന്നെ ഒരു വലിയ മഹാഭാഗ്യമാണ്. ഇവിടെ ആറ്റുകാൽ പൊങ്കാല നടക്കുന്ന സമയത്ത് ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും എല്ലാവരും ഒരുപോലെയാണ്. എന്നാൽ, ഹോളി ആഘോഷിക്കാൻ പോകുന്ന യുപിയിൽ എത്ര മുസ്ലിം പള്ളികൾ ആണ് പ്ലാസ്റ്റിക് ഉപയോഗിച്ച് മറച്ചിരിക്കുന്നത്?. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? ഹോളി ആഘോഷം ഒരു സ്ഥലത്ത് നടക്കും, പള്ളികളുടെ നിസ്കാരം അവിടെ നടക്കും. പക്ഷേ ഇതിനെ മുതലെടുക്കാൻ ശ്രമിക്കുന്നവർ ഇതുപോലുള്ള നാടകങ്ങൾ നടത്തിക്കൊണ്ടേയിരിക്കുന്നു. നമ്മുടെ കേരളം മതേതരത്വം കാത്തു സൂക്ഷിക്കുന്ന സംസ്ഥാനമാണ്. ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരനാണ്. എന്നാൽ എന്നെപ്പോലെ മറ്റു രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്നവരും നമ്മുടെ മതേതരത്വം കാത്തുസൂക്ഷിക്കുവാൻ ശ്രമിക്കുന്നു. നമ്മുടെ കേരളത്തിൻറെ മാത്രം പ്രത്യേകതയാണ് ഇത് അഭിമാനിക്കുക ഓരോ കേരളീയനും.

(എഴുതിയത്: വിനോദ് ഡി. കാവാലം)

--------------------

ഇതാണ് കേരളം

ഹോളി ആഘോഷിക്കാൻ യു.പിയിൽ മുസ്‍ലിം പള്ളികൾ പ്ലാസ്റ്റിക്കിട്ട് മുടുന്നു. സർക്കാർ ഒരു വർഗീയ കലാപം ഭയക്കുന്നു. ഇവിടെ പൊങ്കാല അടപ്പു കൂട്ടാൻ പള്ളികൾ തുറന്നിടുന്നു..

( സുധീർ പവിത്രൻ)

----------------

ഇന്നും നാളെയുമായി നമ്മുടെ ഭാരതത്തിൽ രണ്ട് പ്രധാനപെട്ട ആഘോഷങ്ങൾ നടക്കുകയാണ്.

തിരുവനന്തപുരത്ത് പൊങ്കാല ഉത്തരേന്ത്യയിൽ ഹോളി...

പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അകലുന്നു എന്നതാണ് ഹോളിയുടെ വിശ്വാസം.

എന്നാൽ ഹോളി ദിനത്തിൽ ഒരു മതത്തിന്റെ ആരാധനാലയങ്ങളെ ടാർപോളിൻ കൊണ്ട് മൂടി മറ്റൊരു കൂട്ടർ ഹോളി ആഘോഷിക്കുന്നു.

ഇല്ലാത്ത ശത്രുതയെ ഉണ്ടാക്കുന്നു എന്നുള്ളതാണ് ഇത്തരം നടപടികളുടെ അനന്തര ഫലമെന്ന് ബോധമുള്ളവർ മനസ്സിലാക്കണം. ഹോളി എന്ന ആഘോഷം മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾക്ക് നേർ വിപരീതമാണിത് .

തിരുവനന്തപുരത്തുണ്ടായിരുന്നപ്പോൾ ഒരുപാട് പൊങ്കാലകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

തിരുവനന്തപുരംകാർക്ക് അതൊരു മത ചടങ്ങ് മാത്രമല്ല, മുഴുവൻ ജനങ്ങളുടെയും ആഘോഷമാണ്. അവിടെ ജാതിയില്ല മതമില്ല പള്ളിയില്ല അമ്പലമില്ല...

ടാർപോളിൻ കൊണ്ട് മറക്കലില്ല, ഭീഷണിപ്പെടുത്തലില്ല മാറിനിൽക്കാൻ പറയലില്ല.

പരസ്പരം സ്നേഹവും സഹകരണവും മാത്രം.

വഴിയരികിൽ ഇരുന്ന് പൊങ്കാലയിടുന്ന സ്ത്രീകൾക്ക് അവശ്യമായതെന്തും കൊടുക്കുന്ന കുറെയധികം ജനങ്ങളുണ്ടവിടെ ...

എനിക്ക് തോന്നുന്നത് സെക്രട്ടറിയേറ്റും നിയമസഭാ മന്ദിരവും ഒഴിച്ച് ബാക്കിയെല്ലാ സ്ഥലങ്ങളിലും സ്ത്രീകൾ തലേന്ന് സ്ഥാനം പിടിക്കും എന്നാണ്.

യൂണിവേഴ്സിറ്റി കോളേജിന്റെ അന്തരീക്ഷമൊക്കെ മുഴുവൻ 'പുക'മയമായിരിക്കും.

വഴിയരികിൽ നിരന്നു കിടക്കുന്ന കട്ടകൾക്കടുത്ത് സ്ത്രീകളും കുട്ടികളും രാത്രി പന്ത്രണ്ടു മണിക്കും ഒരുമണിക്കും സ്ഥാനം പിടിക്കും. ചിലർ പാ വിരിച്ച് കിടക്കും. ചിലർ വട്ടംകൂടി വർത്തമാനം പറയും. പട്ടണവാസികൾ അന്നുറങ്ങില്ല.

എന്റെ അറിവിൽ പാളയം മുസ്ലിം പള്ളിയിൽ ആ രണ്ടു ദിവസം സാധാരണയിൽ കവിഞ്ഞ് മൂന്നോ നാലോ പ്രാവശ്യം ടാങ്കുകളിൽ വെള്ളം നിറക്കേണ്ടി വരും എന്നാണ്. കുറച്ചു വെള്ളം ചോദിച്ച് ദൂരെ നിന്നും വരുന്ന ഭക്തർക്ക് ഉപയോഗിക്കാൻ വേണ്ടി. അതിപ്പോൾ ക്രിസ്ത്യൻ പള്ളിയായാലും അങ്ങനെ തന്നെ.

തിരിച്ചു ഹോസ്റ്റലിൽ വരുമ്പോൾ പാതി രാത്രിയിലും ഹോസ്റ്റലിനകത്ത് നിറയെ പെണ്ണുങ്ങളായിരിക്കും. ആൺ ഹോസ്റ്റലിൽ ഒരു രാത്രിയും പകലും നിറയെ പെണ്ണുങ്ങൾ. ആരും ആരോടും ഒന്നും പറയില്ല. അമ്മമാർക്കും പെങ്ങന്മാർക്കും പൊങ്കാലയർപ്പിക്കാൻ വേണ്ട സഹായങ്ങൾ ചെയ്ത് ഞങ്ങൾ അവിടെ മുഴുവൻ കറങ്ങി നടക്കും. ചില വിരുതത്തികളായ പെൺകുട്ടികള് കിട്ടിയ അവസരം പാഴാക്കാതെ ഹോസ്റ്റൽ മുഴുവൻ ചുറ്റികണ്ട് ആർമാദിക്കുന്നതും കണ്ടിട്ടുണ്ട്.

ഞങ്ങൾ ഹോസ്റ്റലിൽ ഉള്ളവർ രാവിലെ 6 മണിക്ക് മുന്നേ കുളിക്കുന്ന ഒരു ദിവസമുണ്ടെങ്കിൽ അത് പൊങ്കാല ദിവസം മാത്രമാണ്. പത്തുമണിയായൽ പിന്നെ വെള്ളം കിട്ടില്ല.

പിന്നീടങ്ങോട്ട് പുകയും ബഹളവും പാട്ടുമൊക്കെയായി അടിപൊളിയാണ്.

തണ്ണിമത്തൻ തിരുവനന്തപുരത്തെ രാജവീഥികളെ കീഴടക്കുന്ന ദിവസവും കൂടിയാണ് പൊങ്കാല ദിവസം. സൗജന്യമായി ഭക്തർക്ക് വിതരണം ചെയ്യുന്ന തണ്ണിമത്തൻ മേടിച്ചു കൂട്ടി അവസാനം തിന്നാതെ റോഡിൽ കളയുന്ന ഏർപ്പാട് ചിലർക്കെങ്കിലും ഉണ്ട്.

എല്ലാം കഴിഞ്ഞിട്ട് ചേച്ചിമാർ ഉപേക്ഷിക്കുന്ന മൺ കലമാണ് അടുത്ത ഒരു വർഷത്തേക്ക് ഞങ്ങളുടെ കുടിവെള്ള സംഭരണി. ചിലർ ആ കലങ്ങൾ ശേഖരിച്ച് ഹോസ്റ്റൽ മുറിയിൽ ചെടി നടും. ചിലർ അതിൽ കളറുകൾ കൊണ്ട് ചിത്രപ്പണികൾ ചെയ്യും. എന്താണെങ്കിലും ആ കുറച്ചു ദിവസങ്ങളിൽ കുടം കൊണ്ട് ആറാട്ടായിരിക്കും അവിടെ.

ഇത് ഞങ്ങളുടെ ആ ഹോസ്റ്റൽ പരിസരത്തു നിന്നുള്ള കാഴ്ചകൾ മാത്രം. ഇങ്ങനെ തിരുവനന്തപുരത്തിന്റെ മുക്കിലും മൂലയിലുമുള്ളവർക്ക് പൊങ്കാലയെ കുറിച്ചു പറയാൻ എന്തൊക്കെ കഥകൾ കാണും.

പക്ഷെ ഇതുപോലെ ഉത്തരേന്ത്യയിൽ നടക്കാൻ അല്ലങ്കിൽ കേരളത്തോളമെത്താൻ അവർ 100വർഷം കൂടി കാത്തിരിക്കണം.

അവിടെ മതത്തിന്റെ നേതാവ് നാട് ഭരിക്കുന്നു...

ഇവിടെ കമ്മ്യൂണിസ്റ്റ് നേതാവ് നാട് ഭരിക്കുന്നു....

(എഴുതിയത്: ഡോ. ഫൈസൽ മുഹമ്മദ്)

---------------

ആദ്യത്തെ ചിത്രം തിരുവനന്തപുരത്ത് നിന്നാണ്. ആറ്റുകാൽ പൊങ്കാല പ്രമാണിച്ചു ഭക്തർക്ക് പ്രാഥമിക സൗകര്യങ്ങൾക്കും മറ്റുമായി മണക്കാട് വലിയ പള്ളി തുറന്നു എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തിരിക്കുന്നു ആ പള്ളിയുടെ മഹല്ല് ഭാരവാഹികൾ

രണ്ടാമത്തെ ചിത്രം. യുപിയിൽ നിന്നാണ്. ഹോളി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ അറുപതോളം പള്ളിക്കൽ ടാർപ്പായ കൊണ്ട് മൂടിയിരിക്കുകയാണ്. ഹോളി ആഘോഷം കടന്നു പോകുമ്പോൾ അവർ അക്രമിക്കാതിരിക്കാൻ. ഇത് പള്ളിക്കമ്മിറ്റി ചെയ്തതല്ല. ഇതിനെല്ലാം സംരക്ഷണം ഒരുക്കേണ്ട ഭരണകൂടം തന്നെ ചെയ്തതാണ്.

മതേതര ഇന്ത്യയുടെ പുതിയ വേർഷൻ!

(എഴുതിയത്: ഇർഷാദ് മൊറയൂർ)

-------------------

ഇതാണ് നമ്മുടെ കേരളം ❤️

ടാർപ്പാള കൊണ്ടു മസ്ജിദ് കെട്ടിമറച്ചില്ല....

പൊങ്കാല ഇട്ട ശേഷം ആ സഹോദരിമാർ മസ്ജിദിൽ വിശ്രമിച്ചു........🥰

ഹോളി ആഘോഷം നടക്കുമ്പോൾ മുസ്ലിം പള്ളികൾ ടാർപ്പാളിൻ കൊണ്ട് മൂടി കെട്ടുന്ന ഈ രാജ്യത്ത് ഇതും ഒരു സന്ദേശമാണ് സ്നേഹത്തിൻ്റെ മതേതരത്വത്തിന്റെ സന്ദേശം.❣️

#The_Real_Kerala_Story 🔥

(ബാവ കരത്തൂർ)

----------------

ആറ്റുകാൽ പൊങ്കാല ഗിന്നസ് വേൾഡ് റിക്കാർഡ് മാത്രമല്ല, മതസൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സവം കൂടിയാണ്. മുസ്‍ലിം ആരാധനാലയങ്ങൾ, ക്രിസ്തീയ ദേവാലയങ്ങൾ എല്ലാം പൊങ്കാല ഇടാനായി ഗേറ്റുകൾ തുറന്നിടുന്നു. ഇതാണ് കേരളം. മറ്റൊരിടത്ത് ഹോളി ആഘോഷങ്ങൾക്ക് വേണ്ടി മറ്റു ആരാധനാലയങ്ങൾ ബലം പ്രയോഗിച്ചു അടപ്പിക്കുന്നു. ഈ കാഴ്ച മറ്റെങ്ങും കാണാൻ കഴിയില്ല, ഇതാണ് കേരളം.

(സതി കുമാർ)

-------------

ഹോളി ആഘോഷത്തിനു മുസ്ലിം പള്ളികൾക്ക് മുകളിൽ ടർപ്പോളിൻ ഇട്ട് മറക്കുന്ന ഉത്തർപ്രദേശ് അല്ല

ഇത് കേരളം

അമ്മമാർക്ക് പൊങ്കാല ഇടാൻ മസ്ജിദ് തുറന്നു കൊടുത്തും, വിശ്രമിക്കാനും, വിശപ്പിന് ഭക്ഷണം കൊടുത്തും പൊങ്കാലക്ക് വരുന്നത് അനുഗ്രഹവും സന്തോഷവും എന്ന് പറയുന്നവരുടെ നാടാണ്.

മണക്കാട് ജുമാ മസ്ജിദ്

ഭാരവാഹികൾ ❤️

(അനിൽ പാറ്റൂർ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HoliPongalaHoli 2025
News Summary - holi pongala celebration masjid
Next Story