ഒഡിഷ ആക്രമണം: കേക്ക് രാഷ്ട്രീയത്തിന്റെ തടവുകാർ ഇനിയെങ്കിലും ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയുക -മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: ഒഡിഷയിൽ കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ നടന്ന സംഘ്പരിവാർ ആക്രമണത്തിൽ പ്രതികരണവുമായി മന്ത്രി ശിവൻകുട്ടി. കേക്ക് രാഷ്ട്രീയത്തിന്റെ തടവുകാർ ഇനിയെങ്കിലും ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയണമെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘കേക്ക് രാഷ്ട്രീയത്തിന്റെ തടവുകാരോട്.. ഒഡീഷയിലും കന്യാസ്ത്രീകൾക്കും മലയാളി വൈദികർക്കും മർദനമേറ്റു.. അക്രമത്തെ അതിശക്തമായി അപലപിക്കുന്നു.. ഇനിയെങ്കിലും ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയുക..’ -ശിവൻ കുട്ടി വ്യക്തമാക്കി.
ക്രിസ്മസിനും ഈസ്റ്ററിനും ക്രൈസ്തവ വീടുകൾ സന്ദർശിച്ച് കേക്ക് വിതരണം ചെയ്ത ബി.ജെ.പിയെയും അവർക്ക് സ്വീകരണമൊരുക്കിയ ക്രൈസ്തവ സഭ നേതാക്കളെയും ലക്ഷ്യമിട്ടാണ് മന്ത്രിയുടെ പോസ്റ്റ്. ഇതുകൂടാതെ, ഛത്തീസ്ഗഢിൽ ജയിലിലടച്ച കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിന് നന്ദിയറിയിക്കാൻ എന്ന പേരിൽ ഏതാനും ക്രൈസ്തവ സഭാ പ്രതിനിധികൾ ബി.ജെ.പി ഓഫിസിൽ എത്തി രാജീവ് ചന്ദ്രശേഖറിന് കേക്ക് നൽകുകയും ചെയ്തിരുന്നു.
ബിലീവേഴ്സ് ചർച്ച്, ആക്ട്സ്, മാർത്തോമാ സഭ, സി.എസ്.ഐ, സാൽവേഷൻ ആർമി, കെ.എം.എഫ് പെന്തകോസ്ത് ചർച്ച് തുടങ്ങിയവയുടെ പ്രതിനിധികളാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ബി.ജെ.പി ആസ്ഥാനമായ മാരാർജി ഭവനിലെത്തിയത്. വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അതിരൂപതാദ്ധ്യക്ഷൻ ബിഷപ് മാത്യൂസ് മോർ സിൽവാനോസ്, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ട്രഷറർ സാജൻ വേളൂർ (മാർത്തോമാ സഭ), റവ. ഷെറിൻ ദാസ് (CSI), ലെഫ്റ്റനൻറ് കേണൽ സാജു ദാനിയൽ, ലെഫ്റ്റനൻറ് കേണൽ സ്നേഹ ദീപം (സാൽവേഷൻ ആർമി), ഡെന്നിസ് ജേക്കബ് (കെ.എം.എഫ് പെന്തകോസ്ത് ചർച്ച്), റവ. ബി.ടി. വറുഗീസ്, യേശു ദാസൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കേക്കിന്റെ മധുരം മാറുംമുമ്പാണ് ബുധനാഴ്ച വൈകീട്ട് ഒഡിഷയിലെ ജലേശ്വറിൽ വൈദികർക്കും കന്യാസ്ത്രീകൾക്കുംനേരെ ബജ്റംഗ്ദൾ പ്രവർത്തകർ വീണ്ടും ആക്രമണം നടത്തിയത്. രണ്ട് വൈദികരും രണ്ട് കന്യാസ്ത്രീകളുമാണ് ആക്രമണത്തിന് ഇരയായത്. പ്രദേശത്തെ രണ്ട് കത്തോലിക്കാ വിശ്വാസികളുടെ രണ്ടാം ചരമ വാർഷികത്തിൽ പ്രാർഥനക്കെത്തിയ ജലേശ്വർ ഇടവക വികാരി ഫാ. ലിജോ നിരപ്പലും ബാലസോർ രൂപതയിലെ ജോഡ ഇടവക വികാരി ഫാ. വി. ജോജോയുമാണ് ആക്രമണത്തിനിരയായ വൈദികർ. രണ്ട് കന്യാസ്ത്രീകളും സംഘത്തിലുണ്ടായിരുന്നു. വൈകീട്ട് ആറിനാണ് കുർബാനയും പ്രാർഥനയും ആരംഭിച്ചത്. രാത്രി ഒമ്പത് മണിയോടെ തിരിച്ചുവരുമ്പോൾ ഗ്രാമത്തിൽനിന്ന് അര കിലോമീറ്റർ അകലെ വനപ്രദേശത്തുള്ള ഇടുങ്ങിയ റോഡിൽവെച്ച് ഏകദേശം 70 ബജ്റംഗ്ദൾ പ്രവർത്തകരുടെ സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ഫാ. ലിജോ പറഞ്ഞു.
തങ്ങളുടെ ആവശ്യപ്രകാരമാണ് വൈദികർ വന്നതെന്ന് ഗ്രാമവാസികൾ പറഞ്ഞെങ്കിലും ആക്രമികൾ ചെവിക്കൊണ്ടില്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അവരുടെ മുന്നിൽവെച്ചും ആക്രമണം തുടർന്നു. ബി.ജെ.ഡി ഭരണം അവസാനിച്ചുവെന്നും ഇപ്പോൾ ബി.ജെ.പി ഭരണമാണെന്നും ആരെയും ക്രിസ്ത്യാനികളാക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞാണ് ബജ്റംഗ്ദൾ സംഘം തങ്ങളെ ആക്രമിച്ചതെന്ന് ആക്രമണത്തിനിരയായ മലയാളി വൈദികർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

