എനിക്ക് വയസായിട്ടാണോ? ഇതൊന്നും മനസിലാകുന്നേയില്ല; ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ പാടുപെടുന്നതിനെ കുറിച്ച് നിധിൻ കാമത്ത്
text_fieldsഇൻസ്റ്റഗ്രാമിൽ സജീവമാകാൻ ശ്രമിച്ചപ്പോൾ നേരിട്ട പ്രശ്നങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സെറോധ സ്ഥാപകൻ നിധിൻ കാമത്ത്. 'എങ്ങനെയാണ് ഇൻസ്റ്റഗ്രാം പ്രവർത്തിക്കുന്നത് എന്നു പോലും അറിഞ്ഞുകൂടായിരുന്നു. അത് മനസിലാക്കാൻ ശ്രമിച്ചു. എനിക്ക് വയസായത് കൊണ്ടാണോ ഇത് ഇത്രയും സങ്കീർണമായി തോന്നുന്നത്'-എന്നാണ് നിധിൻ കാമത്ത് എക്സിൽ കുറിച്ചത്.
ഇൻസ്റ്റഗ്രാമിലെ കണ്ടന്റുകൾ ഇടുന്നതിനെ കുറിച്ച് തന്റെ ടീമുമായി നടത്തിയ സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് കാമത്ത് എക്സിൽ പോസ്റ്റിട്ടത്.
ഇൻസ്റ്റഗ്രാമിലെ ഫീച്ചറുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നായിരുന്നു 45കാരനായ കാമത്തിന്റെ പ്രധാന സംശയം. സ്റ്റോറികളും പോസ്റ്റുകളും എങ്ങനെയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം തന്റെ ടീമംഗങ്ങളോട് ചോദിച്ചറിയുകയായിരുന്നു. അവരിൽ നിന്ന് രസകരമായ മറുപടിയും ലഭിച്ചിട്ടുണ്ട്.
സഹോദരനും സെറോധ സഹസ്ഥാപകനുമായ നിഖിൽ കാമത്തിന്റെ പോസ്റ്റ് എങ്ങനെയാണ് ഇൻസ്റ്റയിൽ പങ്കുവെക്കുകയെന്നും കാമത്ത് ചോദിച്ചു. അതുപോലെ ഇൻസ്റ്റഗ്രാമിലെ സ്റ്റോറിയും പോസ്റ്റും തമ്മിലുള്ള വ്യത്യാസം മനസിലാക്കാനും കാമത്ത് പാടുപെട്ടു. ഗ്രൂപ്പ് ചാറ്റിനിടെ, ഇതുപോലുള്ള സമൂഹ മാധ്യമ ആപ്പുകൾ പഠിപ്പിക്കാനായി കാമത്തിന് പ്രത്യേകം സെഷൻ വെക്കണമെന്ന് ടീമംഗങ്ങളിൽ ഒരാൾ നിർദേശം മുന്നോട്ടുവെക്കുകയും ചെയ്തു. തങ്ങളുടെ സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെക്കാനും മറ്റൊരാൾ നിർദേശിച്ചു.
നിരവധി പേരാണ് കാമത്തിന്റെ പോസ്റ്റിന് രസകരമായ പ്രതികരണവുമായി രംഗത്തുവന്നത്. ട്വിറ്റർ ഉപയോഗിക്കാൻ സാധിക്കുന്നുവെങ്കിൽ മറ്റേത് സോഷ്യൽ മീഡിയ ആപ്പും ഉപയോഗിക്കാൻ എളുപ്പം സാധിക്കുമെന്ന് ഒരാൾ നിരീക്ഷിച്ചു. ചിത്രങ്ങളുള്ള ട്വിറ്ററാണ് ഇൻസ്റ്റഗ്രാമെന്നും അയാൾ പറഞ്ഞു.
പണമുണ്ടാക്കുന്നത് എങ്ങനെയെന്ന് പറഞ്ഞു തന്നാൽ ഞങ്ങൾ നിങ്ങളെ ഇൻസ്റ്റ ഉപയോഗിക്കാമെന്ന് പഠിപ്പിക്കാമെന്നായിരുന്നു ഒരാളുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

