‘ആരാ മോളെ ഇത്? വാര്യമ്പള്ളീലെ മീനാക്ഷി അല്ലേ?’ -ഹിന്ദു മഹാസഭ നേതാവിന്റെ ഇടത്ത് ശിവൻ കുട്ടി, മുന്നിൽ കോടിയേരി; 2020ലെ ഫോട്ടോ പങ്കുവെച്ച് സന്ദീപ് വാര്യർ
text_fieldsനിലമ്പൂർ: എം. സ്വരാജിന് പിന്തുണ നൽകിയ ഹിന്ദുമഹാസഭയുമായി സി.പി.എമ്മിന് നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ഫോട്ടോ പങ്കുവെച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വി. ശിവൻകുട്ടിക്കും ഒപ്പം ഒരുമേശക്ക് ചുറ്റുമിരുന്ന് ചർച്ച നടത്തുന്ന അഖില ഭാരത ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപ്നാഥിന്റെ ഫോട്ടോയാണ് അദ്ദേഹം പങ്കുവെച്ചത്. ഹിന്ദു മഹാസഭ 2020 ഫെബ്രുവരി 25ന് ഹിന്ദു മഹാസഭ അവരുടെ ഒഫിഷ്യൽ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തതാണ് ചിത്രം. ‘ആരാ മോളെ ഇത് ? വാര്യമ്പള്ളീലെ മീനാക്ഷി അല്ലേ ? എന്താ മോളേ സ്കൂട്ടറില്‍ ?’ എന്ന മണിച്ചിത്രത്താഴിലെ കുതിരവട്ടം പപ്പുവിന്റെ പ്രശസ്ത്രമായ ഡയലോഗ് കടമെടുത്താണ് സന്ദീപ് വാര്യർ ഫോട്ടോ പങ്കുവെച്ചത്.
‘ഇതൊക്കെ നിഷേധിക്കാൻ കോടിയേരിയില്ലല്ലോ, നിഷേധം സി.പി.എം രീതിയാണല്ലോ? ഉള്ളിൽ ഒന്ന്, പുറത്ത് മറ്റൊന്ന്.. മുമ്പേ ഇതൊക്കെ സിപിഎം രീതി’ എന്നാണ് ഇതിന് ഒരാളുടെ കമന്റ്. ‘ഒളിഞ്ഞും തെളിഞ്ഞും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ കമ്മ്യൂണിസം പൂർണമായും സംഘപരിവാർ ശക്തികളുമായി യോജിച്ചു പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. മതന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താൻ വേണ്ടി ഇടക്കൊക്കെ പുട്ടിൽ തേങ്ങ ഇടുന്നത് പോലെ സംഘപരിവാറിനെതിരെ അല്ലറ ചില്ലറ പ്രസ്താവനകൾ ഒക്കെ ഇറക്കി രാഷ്ട്രീയപരമായി സംഘപരിവാറുമായി യോജിച്ചു കൊണ്ടാണ് മുന്നോട്ട് പോകുന്നത്’ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ഈ ചിത്രം എ.ഐ ആണെന്ന് പറഞ്ഞു വരുമോ എന്നും വേറൊരാൾ പരിഹസിച്ചു.
ഹിന്ദുമഹാസഭ ആരാണെന്നറിയില്ലെന്നും തങ്ങൾ ആരുമായും ആശയവിനിയമം നടത്തിയിട്ടില്ലെന്നുമായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. സി.പി.എം പി.ബി അംഗം എ. വിജയരാഘവനുമായും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററുമായും കൂടിക്കാഴ്ച നടത്തിയാണ് തങ്ങൾ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജിന് പിന്തുണ നൽകിയതെന്ന് സ്വാമി ദത്താത്രേയ സായി സ്വരൂപ്നാഥ് വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം. എന്നാൽ, കൂടിക്കാഴ്ച നടത്തിയ കാര്യം എ. വിജയരാഘവൻ സ്ഥിരീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ കാവിയുടുത്തവരും പള്ളീലച്ചന്മാരും മൗലവിമാരും വരുമെന്നും ഹിന്ദു മഹാസഭ ഇപ്പോ ഉണ്ടോ എന്ന് തന്നെ തനിക്കറിയില്ലെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
‘ഹിന്ദു മഹാസഭ ഇപ്പോ ഉണ്ടോ? ഇല്ലാത്ത ഒരു രാഷ്ട്രീയ പാർട്ടി എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു എന്ന് പറഞ്ഞിട്ട് വർഗീയമാണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് യഥാർഥത്തിൽ യു.ഡി.എഫിനെ സഹായിക്കാൻ ഉള്ള ശ്രമമാണ്. തെരഞ്ഞെടുപ്പ് കാലത്ത് ആപ്പീസില് പലരും വരും. കാവിയുടുത്തവരും പള്ളീലച്ചന്മാരും മൗലവിമാരും വരും. സാധാരണ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ ആൾക്കാര് വരില്ലേ? പിന്തുണ ഉള്ളവരോടല്ലേ പിന്തുണ സ്വീകരിക്കുക. ആർ.എസ്.എസും ഞങ്ങളും തമ്മിൽ എന്തെങ്കിലും ഐക്യമോ ബന്ധമോ ഇല്ല. അങ്ങനെ ഉണ്ടെങ്കിൽ രാഷ്ട്രീയമായ ചതിപ്രയോഗമാണ്’ -എന്നായിരുന്നു വിജയരാഘവന്റെ പ്രസ്താവന.
എ. വിജയരാഘവനുമായും എം.വി. ഗോവിന്ദൻ മാസ്റ്ററുമായും കൂടിക്കാഴ്ച നടത്തിയാണ് തങ്ങൾ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജിന് പിന്തുണ നൽകിയതെന്ന് അഖില ഭാരത ഹിന്ദുമഹാസഭ പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപ്നാഥ് പറഞ്ഞിരുന്നു. എൽ.ഡി.എഫ് വിജയം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ അഖില ഭാരത ഹിന്ദുമഹാസഭ എൽ.ഡി.എഫിനെ പിന്തുണക്കുന്നുണ്ടെന്നും ഇത്തവണയും അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

