അൻവർ അൻവറാണ്, ഒപ്പം കൂട്ടുന്നവർ ആപത്ത് കൈനീട്ടി വാങ്ങും, മുന്നണിയിൽ ചേരാനുള്ള രാഷ്ട്രീയ അച്ചടക്കമില്ല -ഡോ. ആസാദ്
text_fieldsഡോ. ആസാദ്, പി.വി. അൻവർ
മലപ്പുറം: സി.പി.എമ്മിനെയും എൽ.ഡി.എഫിനെയും വിമർശിക്കുന്നു എന്നതിന്റെ പേരിൽ പി.വി. അൻവറിനെ യു.ഡി.എഫ് മുന്നണിയിൽ എടുക്കുന്നത് ആപത്ത് കൈനീട്ടി വാങ്ങുന്നതിന് തുല്യമാണെന്ന് ഇടതുചിന്തകൻ ഡോ. ആസാദ്. ആര്യാടൻ ഷൗക്കത്തിനെതിരായി രണ്ടു ദിവസമായി നടത്തുന്ന പ്രതികരണങ്ങൾ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനും എൽ.ഡി.എഫിനും വലിയ പിന്തുണയായാണ് ഭവിച്ചതെന്നും അദ്ദേഹത്തിൽ ഇപ്പോഴും എൽ.ഡി.എഫ് താൽപര്യം പാലിക്കുന്ന സ്വതന്ത്രനാണ് ഉള്ളതെന്നും ആസാദ് അഭിപ്രായപ്പെട്ടു.
പാർട്ടി ഏതായാലും അൻവർ അൻവറാണ്. സ്വതന്ത്രനായേ അയാൾക്ക് പെരുമാറാൻ കഴിയൂ. ആ സ്വാതന്ത്ര്യം, രാഷ്ട്രീയഅച്ചടക്കം പാലിക്കേണ്ട ജനാധിപത്യ പാർട്ടികൾക്കും മുന്നണികൾക്കും തീരെ ഉൾക്കൊള്ളാനാവുന്നതല്ല. അത് എൽ.ഡി.എഫിന് അറിയാമായിരുന്നു. ആ അകലം പാലിച്ചതിനാൽ ഒമ്പതു കൊല്ലം ഭരണപക്ഷ എം.എൽ.എ ആയിട്ടും അൻവറിന്റെ വാക്കും പ്രവൃത്തിയും എൽ.ഡി.എഫിന്റെ സംഘടനാ രൂപത്തിന് മാരകമായ പ്രഹരമായില്ല. ഇക്കാര്യം യു.ഡി.എഫിന് അറിയാതെ വരില്ല -ഡോ. ആസാദ് അഭിപ്രായപ്പെട്ടു.
ഡോ. ആസാദിന്റെ കുറിപ്പിന്റെ പൂർണരൂപം:
അൻവറിനെ രണ്ടു തവണ നിലമ്പൂരിൽ മത്സരിപ്പിച്ച് നിയമസഭയിലെത്തിച്ചു സി പി എമ്മും എൽ ഡി എഫും. അദ്ദേഹത്തെ സ്വതന്ത്രനായേ സി പി എമ്മും എൽ ഡി എഫും പരിഗണിച്ചിട്ടുള്ളു. രാഷ്ട്രീയ തീരുമാനമെടുക്കാൻ കഴിയുന്ന ഒരു സമിതിയിലും അദ്ദേഹത്തെ അടുപ്പിച്ചില്ല.
യു ഡി എഫിനോട് വിലപേശുന്ന അൻവർ സ്വതന്ത്രനല്ല. ആദ്യം ഡി എം കെയായും പിന്നീട് തൃണമൂലായും രാഷ്ട്രീയ പാർട്ടി പ്രാതിനിധ്യം നേടാൻ പാടുപെട്ടു. തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടിയുടെ പ്രാതിനിധ്യമാണ് ഇപ്പോഴത്തെ വിലപേശലിന്റെ മൂലധനം.
പാർട്ടി ഏതായാലും അൻവർ അൻവറാണ്. സ്വതന്ത്രനായേ അയാൾക്ക് പെരുമാറാൻ കഴിയൂ. ആ സ്വാതന്ത്ര്യം, രാഷ്ട്രീയഅച്ചടക്കം പാലിക്കേണ്ട ജനാധിപത്യ പാർട്ടികൾക്കും മുന്നണികൾക്കും തീരെ ഉൾക്കൊള്ളാനാവുന്നതല്ല. അത് എൽ ഡി എഫിന് അറിയാമായിരുന്നു. ആ അകലം പാലിച്ചതിനാൽ ഒമ്പതു കൊല്ലം ഭരണപക്ഷ എം എൽ എ ആയിട്ടും അൻവറിന്റെ വാക്കും പ്രവൃത്തിയും എൽ ഡി എഫിന്റെ സംഘടനാ രൂപത്തിന് മാരകമായ പ്രഹരമായില്ല. ഇക്കാര്യം യു ഡി എഫിന് അറിയാതെ വരില്ല.
കോൺഗ്രസ് ആരെ നിലമ്പൂരിൽ മത്സരിപ്പിക്കണം എന്ന് അൻവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ട സന്ദർഭത്തിൽതന്നെ കോൺഗ്രസ് നേതൃത്വം അൻവറിന്റെ സാന്നിദ്ധ്യം ഉണ്ടാക്കാവുന്ന ആപത്ത് മനസ്സിലാക്കി കാണും. കൗശലപൂർവ്വം ആ പ്രതിസന്ധിയെ മറികടക്കാനാണ് കോൺഗ്രസ് ശ്രമിച്ചത് എന്ന് ഷൗക്കത്തിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച നിമിഷത്തിൽ രാഷ്ട്രീയ കേരളത്തിന് ബോദ്ധ്യമായി. അൻവറിനെ യു ഡി എഫിൽ ചേർക്കുന്ന പ്രഖ്യാപനം വൈകിക്കുന്നതിന്റെ കാരണവും വെളിപ്പെട്ടു. എല്ലാം കലങ്ങിത്തെളിയാതെ ആ പ്രഖ്യാപനം ഇനി ഉണ്ടാവാൻ ഇടയില്ല.
ഒരു തെരഞ്ഞെടുപ്പ് മുനമ്പിൽ സ്ഥാനാർത്ഥിയെയും മുന്നണിയെയും പ്രതിസന്ധിയിലാക്കിയ ഒരാളെ മുന്നണിയുടെ ഭാഗമാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നത് ആത്മഹത്യാപരമാണ്. അൻവറിനെ ഒപ്പം നിർത്തി കിട്ടാവുന്ന വിജയത്തെക്കാൾ മുന്നണിയെയും കോൺഗ്രസ്സിനെയും ശക്തിപ്പെടുത്തുക അൻവറിനെ കുട്ടാതെ തെരഞ്ഞെടുപ്പിൽ ഏൽക്കാവുന്ന പരാജയമാണ്. എന്നാൽ അൻവർ എവിടെ നിന്നാലും നേരിട്ട് മത്സരിച്ചാലും ഈ തെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന്റെ വിജയസാദ്ധ്യതയെ അത് ബാധിക്കാൻ ഇടയില്ല. മറ്റ് രാഷ്ട്രീയ സാഹചര്യങ്ങളെ കണക്കിലെടുത്ത് മുന്നോട്ടു പോകാൻ ശ്രദ്ധിക്കുകയേ വേണ്ടൂ.
പി വി അൻവർ ഒരു രാഷ്ട്രീയ പാർട്ടിക്കും ചേർന്ന പ്രതികരണമല്ല നടത്തുന്നത്. ഒറ്റയ്ക്കു നിൽക്കുന്ന ഒരാൾക്ക് ഏതളവിലും പ്രതികരിക്കാം. ഒരാൾ താനാണ് പാർട്ടി എന്ന മട്ട് പെരുമാറുകയാണ്. നാളെ താൻ എത്തുന്ന മുന്നണിക്ക് ഭാരമാവുന്ന പ്രതികരണം അയാളിൽനിന്ന് ഉണ്ടാവില്ലെന്ന് എങ്ങനെ ഉറപ്പിക്കും? ഒരു മുന്നണിക്കും ഒപ്പം നിർത്താൻവേണ്ട രാഷ്ട്രീയ അച്ചടക്കം അയാളിലില്ല.
സി പി എമ്മിനെയും എൽ ഡി എഫിനെയും വിമർശിക്കുന്നു എന്നത് ഒപ്പം കൂട്ടാൻ വേണ്ട യോഗ്യതയായി എഴുന്നെള്ളിക്കുന്നവർ ആപത്ത് കൈനീട്ടി വാങ്ങുകയാണ്. ആര്യാടൻ ഷൗക്കത്തിനെതിരായി രണ്ടു ദിവസമായി നടത്തുന്ന പ്രതികരണങ്ങൾ തെരഞ്ഞെടുപ്പിൽ സി പി എമ്മിനും എൽ ഡി എഫിനും വലിയ പിന്തുണയായാണ് ഭവിച്ചത്. അതിനാൽ അൻവർ പഴയ താവളത്തിൽനിന്ന് പുറത്തു കടന്നു എന്ന് കരുതാനാവില്ല. അദ്ദേഹത്തിൽ ഇപ്പോഴും എൽ ഡി എഫ് താൽപ്പര്യം പാലിക്കുന്ന സ്വതന്ത്രനാണ് ഉള്ളത്.
ആസാദ്
28 മെയ് 2025
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

