'ചന്ദന മരത്തിലെ വിഷപ്പാമ്പ് മുതൽ മൈക്രോ ഫിനാൻസ് തട്ടിപ്പുവരെ' കമന്റ് ബോക്സിൽ നിരത്തി നെറ്റിസൺസ്; ഫേസ്ബുക്കിൽ പോസ്റ്റിട്ട് വെള്ളാപ്പള്ളി കുടുങ്ങി
text_fieldsആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കമന്റ് ബോക്സിൽ 'നിർത്തിപ്പൊരിച്ച്' നെറ്റിസൺസ്. സവർണ ഫ്യൂഡൽ മാടമ്പിത്തരമാണ് സതീശന്റെതെന്നും എസ്.എൻ.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുകയാണെന്നുമുള്ള വെള്ളാപ്പള്ളി നടേശന്റെ നീണ്ട കുറിപ്പിന് താഴെ കടുത്ത വിമർശനമാണ് ഉയരുന്നത്.
എസ്.എൻ.ഡി.പി യോഗത്തെ വി.ഡി. സതീശൻ കുറ്റപ്പെടുത്തിയത് കാണിച്ച് തരാമോ..?, വെള്ളാപ്പള്ളിയുടെ വർഗീയ പ്രസ്താവനയെ അല്ലേ വിമർശിച്ചതെന്ന് ചോദിക്കുന്ന കമന്റുകളാണ് ഭൂരിഭാഗവും. മൈക്രോ ഫിനാൻസ് തട്ടിപ്പ് നടത്തി എസ്.എൻ.ഡി.പി എന്ന മഹാ പ്രസ്ഥാനത്തെ നശിപ്പിച്ചവനല്ലേയെന്നും ചോദിക്കുന്നു ചിലർ.
'താങ്കളാണ് ഏറ്റവും വലിയ ഗുരു നിന്ദ നടത്തുന്നത്. ജാതി ചോദിക്കരുത് പറയരുത് എന്ന പറഞ്ഞയാളാണ് ഗുരുദേവൻ. താങ്കൾ വായയെടുത്താൽ ജാതി മാത്രം പറയുന്നവനായി. മദ്യം വിഷമാണെന്ന് പറഞ്ഞ ഗുരുദേവൻ. താങ്കളാകട്ടെ മദ്യവ്യാപാരിയും. മത മേതായാലും മനുഷ്യൻ നന്നാകണമെന്ന പറഞ്ഞ ഗുരുദേവൻ. നിങ്ങൾ ഈഴവൻ്റെ മാത്രം നേതാവായി. അഴിമതി നടത്തരുത് എന്ന് ഗുരുദേവൻ. താങ്കൾ സ്വയം ചിന്തിക്കൂ താങ്കൾ എന്തായിയെന്ന്. താങ്കൾക്ക് ഈഴവ സമുദായത്തിൻ്റെയോ ശ്രീ നാരായണീയരുടേയോ പിന്തുണയില്ല'- എന്നായിരുന്നു ഒരു കമന്റ്.
'മുസ്ലിം ജനത താങ്കളോട് എന്തപരാധമാണ് ചെയ്തത്. മുസ്ലിംകളെ ഭയന്നാണ് ഇവിടെ കൃസ്ത്യാനികൾ പോലും കഴിയുന്നത് എന്ന് എന്തടിസ്ഥാനത്തിലാണ് പത്രക്കാരോട് പറയുന്നത്. ഇത്രയും വംശീയത പറഞ്ഞിട്ടും വീണ്ടും വീണ്ടും ആവർത്തിക്കാൻ ധൈര്യമാവുന്നത് സി പി എം താങ്കൾക്ക് തരുന്ന പരിരക്ഷയാണ്. രാഷ്ട്രീയപാർട്ടികൾ അതേതായാലും അവർക്ക് നേരെ ആർക്കും വിമർശനം ഉന്നയിക്കാം. അത് മനസ്സിലാക്കാം. ഒരു മത ജനതയെ ഇങ്ങനെ ഇത്രയും മലിനമായി അടച്ചാക്ഷേപിക്കുവാൻ മാത്രം താങ്കളോട് എന്ത് ദ്രോഹമാണ് ഈ ജനത ചെയ്തത് .ആർക്ക് വേണ്ടിയാണ് ഈ വംശീയവെറുപ്പ് നിരന്തരം ഉൽപാദിപ്പിക്കുന്നത്. അതിന് ഉത്തരം പറയാതെ ഈ സതീശൻ വിമർശനം കൊണ്ട് തീരുന്നതാണോ താങ്കളുടെ വർഗീയ പ്രചാരണം.'-എന്നായിരുന്നു മറ്റൊരു പ്രതികരണം.
എസ്.എൻ.ഡി.പി യോഗമെന്ന ചന്ദനമരത്തിലെ വിഷപ്പാമ്പാണ് വെള്ളാപ്പള്ളിയെന്ന് സുകുമാർ അഴീക്കോട് മുമ്പ് പറഞ്ഞ വാക്കുകൾ പലരും ആവർത്തിക്കുന്നു.
വെള്ളാപ്പള്ളി നടേശൻ പങ്കുവെച്ച പോസ്റ്റ്
"പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എസ്.എൻ.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്ന വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം. സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥയാണ് സതീശന്റേത്. എല്ലാ മതസാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും ആക്ഷേപിക്കുന്ന നിലപാടാണ് സതീശൻ സ്വീകരിക്കുന്നത്.
ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളിലൂന്നി രാജ്യംമുഴുവൻ പ്രചരണം നടത്തുന്ന ലോക് സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയുടേയും, പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പ്രതിനിധിയായ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെയും അറിവോടെയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് വ്യക്തമാക്കണം. ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ പിന്നാക്ക വിഭാഗങ്ങൾക്ക് അധികാരത്തിൽ ഉൾപ്പെടെ അർഹമായ നീതി ഉറപ്പാക്കുമെന്നു പറഞ്ഞു പ്രചാരണം നടത്തിയ രാഹുൽ ഗാന്ധിയെ സതീശൻ വെല്ലുവിളിക്കുകല്ലേ ഇതിലൂടെ ചെയ്യുന്നത്. ശ്രീനാരായണഗുരുദേവ തൃക്കരങ്ങളാൽ സ്ഥാപിതമായ എസ്.എൻ.ഡി.പി യോഗത്തെ മാത്രമല്ല ഗുരുദേവ ദർശനങ്ങളെകൂടിയാണ് സതീശൻ ആക്ഷേപിക്കുന്നത്. ഇതാദ്യമായല്ല സതീശൻ എസ്.എൻ.ഡി.പി യോഗത്തെ ആക്ഷേപിക്കുന്നത്. പറവൂരിൽ ഉൾപ്പെടെ ഈഴവ സമുദായത്തിന്റെ പിന്തുണ മറന്നുകൊണ്ടാണ് സതീശന്റെ നീക്കങ്ങൾ. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ തുടച്ചു നീക്കിയ ഉച്ചനീചത്വത്തിന്റെയും തൊട്ടുകൂടായ്മയുടെയും കാലത്തേക്കു കേരളത്തെ തിരികെ വീണ്ടും കൊണ്ടുപോകാനാണു സതീശന്റെ ശ്രമം.
സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്നു വീമ്പിളക്കുന്ന സതീശൻ എൻ .എസ്.എസ് ആസ്ഥാനത്ത് ഒന്നര മണിക്കൂർ തിണ്ണ നിരങ്ങിയ കഥ പുറത്തു വന്നുകഴിഞ്ഞു.കൊച്ചിയിൽ സിറോ മലബാർ സഭയുടെ സിനഡ് നടന്നപ്പോൾ അവിടെ മറ്റൊരു കാറിൽ ആരും അറിയാതെ സതീശൻ പോയത് എന്തിനാണെന്നും വെളിപ്പെടുത്തണം. ആരുമറിയാതെ തിണ്ണ നിരങ്ങുന്ന സതീശന്റെ ഇരട്ടമുഖമാണിത്. എസ്.എൻ.ഡി.പി യോഗത്തെ ആക്ഷേപിക്കുന്ന സതീശൻ, ശിവഗിരിയിൽ പ്രസംഗിക്കാൻ പോയപ്പോൾ എന്തുകൊണ്ട് ഇതേ നിലപാട് സ്വീകരിച്ചില്ല.അതു സതീശന്റെ പ്രീണന നയവും ഇരട്ടത്താപ്പുമാണ്. അതുകൊണ്ട് തന്നെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ എസ്.എൻ.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്ന വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം."
എസ്.എൻ.ഡി.പിക്ക് മുസ്ലിം വിരോധമില്ല- വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗത്തിന് മുസ്ലിം വിരോധമില്ലെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗിനെതിരെ പറയുന്നത് മുസ്ലിം സമുദായത്തിനെതിരെ പറയുന്നതായി ചിത്രീകരിക്കുകയാണ്. എൻ.എസ്.എസുമായി ഇനി ഒരിക്കലും കൊമ്പുകോർക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വി.ഡി സതീശൻ പുകഞ്ഞ കൊള്ളിയാണെന്നും ഇനി അക്കാര്യത്തിൽ ചർച്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.
സുകുമാരൻ നായരുമായുള്ള തുടർ ചർച്ചക്കായി തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരുമായി സംസാരിച്ചതിന് ശേഷം ചർച്ച നടത്താനുള്ള തീയതി തീരുമാനിക്കും. വിവാദ പ്രസ്താവനയിൽ സജി ചെറിയാൻ ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സത്യം പറഞ്ഞതിന് എന്തിനാണ് ഖേദം പ്രകടപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
മുസ്ലിം സംഘടനകൾ ഉൾപ്പടെ ആരുമായും സഹകരിക്കാൻ തയാറാണെന്ന് തുഷാർ വെള്ളാപ്പള്ളിയും പറഞ്ഞു. മുസ്ലിം ലീഗ് ഒഴികെയുള്ള സംഘടനകളുമായി ചർച്ച നടത്താൻ തയാറാണ്. ജമാഅത്തെ ഇസ്ലാമിയുമായും ചർച്ച നടത്താൻ തയാറാണെന്നും വെളളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
ഇന്ന് നടന്ന എസ്.എൻ.ഡി.പിയുടെ യോഗത്തിൽ എൻ.എസ്.എസ് ഐക്യം സംബന്ധിച്ച് പ്രമേയം പാസാക്കിയിരുന്നു. ഐക്യ നീക്കത്തിന് യോഗം പിന്തുണ അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

