Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightആംബുലൻസിലെ പീഡനം:...

ആംബുലൻസിലെ പീഡനം: ഉത്തരവാദി സർക്കാർ, പെൺകുട്ടിയോട് മാപ്പ് പറയണം -മുരളി തുമ്മാരുകുടി

text_fields
bookmark_border
ആംബുലൻസിലെ പീഡനം: ഉത്തരവാദി സർക്കാർ, പെൺകുട്ടിയോട് മാപ്പ് പറയണം -മുരളി തുമ്മാരുകുടി
cancel

കോഴിക്കോട്: കോവിഡ് ബാധിതയായ യുവതിയെ ചികിത്സാ കേന്ദ്രത്തിലേക്കുള്ള യാത്രാ മധ്യേ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ പൂർണ ഉത്തരവാദിത്തം സർക്കാറിനാണെന്ന് ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. കേരളത്തെ കൊറോണയെന്ന മഹാമാരിയിൽ നിന്നും രക്ഷിക്കാൻ ഊണും ഉറക്കവുമില്ലാതെ ജോലിയെടുക്കുന്ന അനവധി ആളുകൾക്കും സംവിധാനങ്ങൾക്കും മൊത്തം ഈ സംഭവം ചീത്തപ്പേരുണ്ടാക്കിയിരിക്കയാണ്. ഇതിനെ മാതൃകാപരമായി കൈകാര്യം ചെയ്തേ പറ്റൂവെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

കോവിഡ് ബാധിതയായ പെൺകുട്ടി വീട്ടിൽ നിന്നിറങ്ങുന്ന നിമിഷം മുതൽ സർക്കാറിന്‍റെ സംരക്ഷണയിൽ ആണെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. അവർക്ക് വേണ്ടത്ര സംരക്ഷണം ഒരുക്കിയതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടു എന്നാണ് ഈ സംഭവം കാണിക്കുന്നത്. അതിന് ആ കുട്ടിയോട് സർക്കാർ സംവിധാനങ്ങൾ മാപ്പു പറയണം. ചികിത്സയും പിന്തുണയും നൽകണം, ആ കുട്ടി ആഗ്രഹിക്കുന്നുവെങ്കിൽ സർക്കാരിൽ ജോലി നൽകി ജീവിത സുരക്ഷ ഉറപ്പാക്കുകയും വേണം.

ഒരു ബാക്ക് ഗ്രൗണ്ട് ചെക്കും ഇല്ലാതെ ഒരാളെ ആംബുലൻസ് ഡ്രൈവർ ആയി നിയമിച്ച ഏജൻസിയുടെ ലൈസൻസ് ഉടൻ എടുത്തു കളയണം. കേരളത്തിലുള്ള എല്ലാ ആംബുലൻസ് ഡ്രൈവർമാരുടേയും ബാക്ക്ഗ്രൗണ്ട് പരിശോധനക്ക് ഉത്തരവിടുകയും ചെയ്യണമെന്ന് മുരളി തുമ്മാരുകുടി ആവശ്യപ്പെട്ടു.

ഫേസ്ബുക് പോസ്റ്റ് വായിക്കാം...

ആംബുലൻസിലെ പീഡനം

കോവിഡ് രോഗിയായ ഒരു പെൺകുട്ടിയെ വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്ത് ആംബുലൻസ് ഡ്രൈവർ പീഢിപ്പിച്ചു എന്ന വാർത്ത നിങ്ങളെപ്പോലെ തന്നെ എന്നേയും നടുക്കുന്നുണ്ട്, വിഷമിപ്പിക്കുന്നുണ്ട്, നിരാശപ്പെടുത്തുന്നുണ്ട്.

പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ഈ സംഭവം നിർഭാഗ്യകരമാണെന്നും പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞിട്ടുണ്ട്. നല്ലത്. പക്ഷെ അത് പോരാ.

കേരളത്തെ കൊറോണയെന്ന മഹാമാരിയിൽ നിന്നും രക്ഷിക്കാൻ പകലും രാത്രിയും ഊണും ഉറക്കവുമില്ലാതെ ജോലിയെടുക്കുന്ന അനവധി ആളുകൾക്കും സംവിധാനങ്ങൾക്കും മൊത്തം ഈ സംഭവം ചീത്തപ്പേരുണ്ടാക്കിയിരിക്കയാണ്. ഇതിനെ മാതൃകാപരമായി കൈകാര്യം ചെയ്തേ പറ്റൂ.

കൊറോണ രോഗം ബാധിച്ചു ആശുപത്രിയിലേക്ക് പോകുന്ന പെൺകുട്ടി, വീട്ടിൽ നിന്നിറങ്ങുന്ന നിമിഷം മുതൽ സർക്കാരിന്റെ സംരക്ഷണയിൽ ആണെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. അതങ്ങനെയല്ല, ക്രിമിനൽ പശ്ചാത്തലമുള്ള ഒരാളുടെ കൂടെ, സർക്കാർ സംവിധാനങ്ങളിൽ നിന്നോ കോവിഡ് ബ്രിഗേഡിൽ നിന്നോ, മറ്റു സന്നദ്ധ പ്രവർത്തകരിൽ നിന്നോ ഒന്നും ആരുമില്ലാതെ ഏത് രാത്രിയും രോഗികൾക്ക് യാത്ര ചെയ്യേണ്ടി വരുന്നു എന്നത് എന്നെ അതിശയിപ്പിക്കുന്നു. ഇതിനെ ഒരു ഒറ്റപ്പെട്ട സംഭവം ആയി കണക്കാക്കി ആംബുലൻസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു പതിവ് പോലെ പോലീസ് നടപടികളും ആയി പോയാൽ ഒരു സമൂഹം എന്ന നിലയിൽ നാം ഇതിൽ നിന്നും ഒന്നും പഠിക്കുന്നില്ല എന്ന് തന്നെയാണ് അർഥം.

1. പീഡനത്തിനിരയായ യുവതിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. പീഡനത്തിന് ഇരയായായവരെ സമൂഹവും പോലീസും പിൽക്കാലത്ത് കോടതി സംവിധാനങ്ങളും കൈകാര്യം ചെയ്യുന്നത് വേണ്ടത്ര മാനുഷികപരിഗണകൾ ഇല്ലാതെയാണെന്ന് കാലാകാലമായി പഠനങ്ങൾ ഉണ്ട്. കേരളം ഇക്കാര്യത്തിലെങ്കിലും മാനുഷികമായി മാതൃകാപരമായി പെരുമാറണം.

2. പ്രതിയായ വ്യക്തിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കണം. ഒരു ക്രിമിനൽ കേസിൽ പ്രതിയായിട്ട് പോലും ആംബുലൻസ് ഡ്രൈവർ പോലെ സമൂഹത്തിൽ ഏറ്റവും വിഷമം അനുഭവിക്കുന്നവരെ ചൂഷണം ചെയ്യാനുള്ള അവസരം ലഭിക്കുന്ന തരത്തിൽ ഇറങ്ങി നടക്കാൻ കഴിയുമെന്ന അവസ്ഥ ഉള്ള സമൂഹത്തിൽ ആർക്കാണ് സുരക്ഷിതത്വം ഉള്ളത് ?. ഇത്തരക്കാർ നാളെ സ്‌കൂൾ ബസിന്റെ ഡ്രൈവർ ആയാൽ നമ്മുടെ കുട്ടികൾക്ക് എന്ത് സുരക്ഷയാണ് ഉള്ളത് ?. സിനിമ നടിയെ വഴിയിൽ പീഡിപ്പിച്ച കേസിലെപ്പോലെ ഈ പ്രതി ഇനി കേസിന്റെ വിചാരണ കഴിയുന്നത് വരെ പുറത്തിറങ്ങില്ല എന്ന് ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്.

3. ഞാൻ മുൻപ് പറഞ്ഞത് പോലെ കോവിഡ് രോഗിയെ വീട്ടിൽ നിന്നും ആംബുലൻസിലേക്ക് കയറ്റിയ നിമിഷം മുതൽ അവർ സർക്കാരിന്റെ സംരക്ഷണയിൽ ആണ്. അവർക്ക് വേണ്ടത്ര സംരക്ഷണം ഒരുക്കിയതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടു എന്നാണ് ഈ സംഭവം കാണിക്കുന്നത്. അതിന് ആ കുട്ടിയോട് സർക്കാർ സംവിധാനങ്ങൾ മാപ്പു പറയണം, എല്ലാ മാനസികവും ശാരീരികവുമായ ആരോഗ്യ പ്രശ്നങ്ങൾക്കും സൗജന്യമായും ഉത്തമമായും ഉള്ള ചികിത്സയും പിന്തുണയും നൽകണം, ആ കുട്ടി ആഗ്രഹിക്കുന്നുവെങ്കിൽ സർക്കാരിൽ ജോലി നൽകി ജീവിത സുരക്ഷ ഉറപ്പാക്കുകയും വേണം. നമ്മുടെ നാട്ടിലെ നിയമസംവിധാനങ്ങളുടെ രീതി അനുസരിച്ച് പീഡിപ്പിച്ച പ്രതിക്ക് ശിക്ഷ കിട്ടാനുള്ള സാധ്യത ഒക്കെ ഏറെ കുറവാണ്, ചുരുങ്ങിയത് പെൺകുട്ടിയുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കേണ്ടതാണ്.

4. ഒരു ബാക്ക് ഗ്രൗണ്ട് ചെക്കും ഇല്ലാതെ ഒരാളെ ആംബുലൻസ് ഡ്രൈവർ ആയി നിയമിച്ച ഏജൻസിയുടെ ലൈസൻസ് ഉടൻ എടുത്തു കളയണം. മാത്രമല്ല കേരളത്തിലുള്ള എല്ലാ ആംബുലൻസ് ഡ്രൈവർമാരുടേയും ബാക്ക്ഗ്രൗണ്ട് പരിശോധനക്ക് ഉത്തരവിടുകയും വേണം. ക്രിമിനൽ പശ്ചാത്തലം ഉള്ളവർ, റോഡിൽ അപകടങ്ങൾ ഉണ്ടാക്കിയിട്ടുള്ളവർ, മദ്യപിച്ച് വണ്ടി ഓടിച്ച് പിടിക്കപ്പെട്ടവർ, ഓവർ സ്പീഡിന് ഒന്നിലേറെ തവണ ഫൈൻ കിട്ടിയിട്ടുള്ളവർ ഇവരൊന്നുമല്ല ആംബുലൻസ് ഓടിക്കേണ്ടത്.

5. കോവിഡ് രോഗികളെ വീട്ടിൽ നിന്നും ആശുപത്രിയിലേക്കും ആശുപത്രിയിൽ നിന്നും തിരിച്ചു രോഗം മാറി വീട്ടിലേക്കും എത്തിക്കുന്നതിന്റെ പ്രോട്ടോക്കോൾ പരിശോധിക്കണം. ഏതു രാത്രിയിലും ഒറ്റക്ക് യാതൊരു പരിചയവും ഇല്ലാത്തവരുടെ കൂടെ സ്ത്രീകളെയും കുട്ടികളേയും (?) ഉത്തരവാദിത്തപ്പെട്ട ഒരു സർക്കാർ ഉദ്യോഗസ്‌ഥരും കൂടെയില്ലാതെ അയക്കും എന്നുള്ളത് എന്നെ ശരിക്കും അതിശയിപ്പിക്കുന്നുണ്ട്. രാത്രിയിൽ കമ്പനി നിയോഗിച്ച ഡ്രൈവർമാർ സ്ത്രീകളെ ഉപദ്രവിച്ച എത്രയോ കേസുകൾ നമ്മൾ കേട്ടിട്ടുണ്ട്, അതിൽ നിന്നും നമ്മൾ ഒന്നും പഠിച്ചില്ലേ ? . ഇക്കാര്യത്തിൽ ശരിയായ പ്രോട്ടോക്കോൾ ഉണ്ടായിരുന്നിട്ടും വേണ്ടപ്പെട്ടവർ അത് പാലിക്കാത്തതാണെങ്കിൽ അവർക്കെതിരെ തീർച്ചയായും നടപടി വേണം. അത്തരത്തിൽ പ്രോട്ടോക്കോൾ ഇല്ലെങ്കിൽ തീർച്ചയായും അത് ഉണ്ടാക്കണം.

6. സർക്കാർ സംവിധാനങ്ങൾ മാറാൻ സമയമെടുക്കും, നമ്മുടെ ആംബുലൻസ് ഏജൻസികൾ മാറുമെന്നൊരു പ്രതീക്ഷ പോലും എനിക്കില്ല, അതുകൊണ്ട് തന്നെ നിങ്ങളുടെ കുടുംബത്തിൽ ഇത്തരത്തിൽ ഉള്ള സാഹചര്യം ഉണ്ടായാൽ പകലാണെങ്കിലും രാത്രിയാണെങ്കിലും സ്ത്രീകളെയോ കുട്ടികളെയോ ആശുപത്രിയിൽ കൊണ്ടുപോകാൻ ആംബുലൻസ് വരുന്ന സാഹചര്യം ഉണ്ടായാൽ മറ്റൊരു വാഹനത്തിൽ അതിൻ്റെ പുറകേ പോയി നമ്മുടെ ബന്ധുക്കൾ കോവിഡ് സെന്ററിൽ സുരക്ഷിതമായി എത്തി എന്ന് ഉറപ്പു വരുത്തുക. രോഗം മാറി തിരിച്ചു വരുമ്പോഴും ഇക്കാര്യം ഉറപ്പാക്കുക. സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നാണല്ലോ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murali thummarukudyambulance rapearanmula rape
Next Story