‘മെസ്സി രാഹുൽ ഗാന്ധിയെ ആദ്യംകണ്ടതിന് മോദി പിണങ്ങി നാടുവിട്ടു, മെസ്സിയെ സ്നേഹിക്കുന്നവർ പൊറുക്കില്ല’
text_fieldsപാലക്കാട്: ലയണൽ മെസ്സിയുമായുള്ള കൂടിക്കാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി റദ്ദാക്കിയതിനെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. മോദിയെ കാണുംമുൻപ് രാഹുൽ ഗാന്ധിയെയാണ് മെസ്സി കണ്ടത്. ഇതിൽ പിണങ്ങിയാണ് നിശ്ചയിച്ച കൂടിക്കാഴ്ച നടത്താതെ നരേന്ദ്ര മോദി നാടുവിട്ടതെന്ന് സന്ദീപ് വാര്യർ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. മെസ്സിയെ സ്നേഹിക്കുന്നവർ മോദിയോട് പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘തന്നെ കാണുന്നതിനു മുന്നേ രാഹുൽ ഗാന്ധിയെ കണ്ടതിനു മെസ്സിയോട് പിണങ്ങി നിശ്ചയിച്ച കൂടിക്കാഴ്ച നടത്താതെ നരേന്ദ്ര മോദി നാടുവിട്ടു. ഈ നാടിന്റെ പ്രധാനമന്ത്രിയാണ് മെസ്സിയെ പോലെ ലോക ജനത ആരാധിക്കുന്ന ഒരു ഫുട്ബോളറെ അവഹേളിച്ചിരിക്കുന്നത്. ഈ നാട്ടിലെ ഫുട്ബോളിനെ സ്നേഹിക്കുന്ന, മെസ്സിയെ സ്നേഹിക്കുന്നവർ മോദിയോട് പൊറുക്കില്ല’ -സന്ദീപ് പറയുന്നു.
ന്യൂഡൽഹിയിലെ കനത്ത പുകമഞ്ഞ് കാരണം മെസ്സിയുടെയും സംഘത്തിന്റെയും വിമാനം മൂന്ന് മണിക്കൂർ വൈകിയാണ് ഡൽഹിയിലെത്തിയത്. മുംബൈയിൽ നിന്നുള്ള മെസ്സിയുടെ വരവ് വൈകിയതോടെ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടക്കാനിരുന്ന കൂടിക്കാഴ്ച റദ്ദാക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ മുംബൈയിൽ നിന്നും തലസ്ഥാനത്ത് എത്തേണ്ടിയിരുന്നു മെസ്സിയും സംഘവും മൂന്ന് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. ഇതോടെ, മെസ്സിയും പ്രധാനമന്ത്രിയും തമ്മിലെ കൂടിക്കാഴ്ച അവസാന നിമിഷം റദ്ദാക്കി. 21 മിനിറ്റ് കൂടിക്കാഴ്ച നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. ഇതിനനുസരിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രോട്ടോകോളും തയ്യാറാക്കിയിരുന്നു. എന്നാൽ, ജോർഡൻ, ഇത്യോപ്യ, ഒമാൻ സന്ദർശനത്തിനായി പ്രധാനമന്ത്രി പുറപ്പെടുന്നതിനാൽ കൂടിക്കാഴ്ച റദ്ദാക്കുകയായിരുന്നു.
രണ്ടു ദിവസംകൊണ്ട് മൂന്ന് നഗരങ്ങളിലെ പര്യടനം പൂർത്തിയാക്കിയ ശേഷമാണ് ഫുട്ബാൾ ഇതിഹാസം രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിലെത്തിയത്. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ നഗരങ്ങളിലെ ഗോട്ട് ടൂർ പൂർത്തിയാക്കിയാണ് മെസ്സിയും കൂട്ടുകാരും തിങ്കളാഴ്ച ഉച്ചോയടെ ന്യൂഡൽഹിയിലെത്തിയത്. രാവിലെ ഒമ്പതിന് മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെടുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. എന്നാൽ, ഡൽഹിയിലെ വായുമലിനീകരണ പ്രശ്നങ്ങൾ വിമാന യാത്രക്ക് തിരിച്ചടിയായതോടെ ഫുട്ബാൾ ഇതിഹാസത്തിന്റെ പുറപ്പെടൽ അനിശ്ചിതമായി വൈകി. കനത്ത പുകമഞ്ഞ് കാരണം തിങ്കളാഴ്ച ഡൽഹിയിൽ വിമാന സർവിസുകൾ റദ്ദാക്കിയിരുന്നു. ഇതോടെ മൂന്ന് മണിക്കൂർ വൈകിയാണ് മെസ്സിയുടെ വിമാനം മുംബൈയിൽ നിന്നും ന്യൂഡൽഹിയിലേക്ക് പുറപ്പെട്ടത്.
അതിനിടെ, ഹൈദരാബാദിൽ മെസ്സിയുടെ മാനേജർക്ക് പറ്റിയ നാക്കുപിഴ ഏറെ ചർച്ചയായിരുന്നു. രാഹുൽ ഗാന്ധിയെ ഇന്ത്യൻ പ്രധാനമന്ത്രിയായാണ് മെസ്സിയുടെ മാനേജർ വിശേഷിപ്പിച്ചത്. ലയണൽ മെസ്സി, സഹതാരങ്ങളായ ലൂയി സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവർക്കായി ഹൈദരാബാദിൽ നൽകിയ സ്വീകരണ പരിപാടിക്കിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എത്തിയപ്പോഴായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു നാക്കുപിഴയുടെ തുടക്കം. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കുടി പങ്കെടുത്ത ചടങ്ങിൽ ഇന്ത്യയിലെ സന്ദർശനത്തിനും സ്നേഹത്തിനും ആരാധകരോടും രാജ്യത്തോടുമുള്ള മെസ്സിയുടെ നന്ദി പറയവെ മാനേജർ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുകയായിരുന്നു.
നിറഞ്ഞു കവിഞ്ഞ ഗാലറിക്കു മുമ്പാകെ, ലയണൽ മെസ്സി സ്പാനിഷിലായിരുന്നു സംസാരിച്ചത്. ഇത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയപ്പോഴാണ്മെസ്സിയുടെ മാനേജർക്ക് രാഹുൽ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയാക്കിയത്. ‘ഹൈദരാബാദിനും ഇന്ത്യക്കും പ്രധാനമന്ത്രിക്കും നന്ദി’ -എന്നായിരുന്നു വാക്കുകൾ. വീഡിയോയുടെ ഭാഗം പങ്കുവെച്ച സാമൂഹിക മാധ്യമ ഹാൻഡിലുകൾ രാഹുലിനെ പരിഹസിച്ചും, പ്രധാനമന്ത്രിയായി കാണട്ടെ എന്ന് ആശംസിച്ചും രംഗത്തുവന്നു.
2019ൽ തന്നെ എന്റെ മനസ്സിൽ രാഹുൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നായിരുന്നു കോൺഗ്രസ് അനുകൂല സോഷ്യൽമീഡിയ ഹാൻഡിലായ ലത ടൗറോയുടെ പ്രതികരണം. വോട്ട് ചോരി നടന്നിട്ടില്ലായിരുന്നെങ്കിൽ രാഹുൽ പ്രധാനമന്ത്രിയാണെന്നും കുറിച്ചു. അതേസമയം, രാഹുലിനെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് എതിർ രാഷ്ട്രീയക്കാരുമുണ്ട്.
ഗോട്ട് ടൂറിന്റെ രണ്ടാം ദിനത്തിലായിരുന്നു ലയണൽ മെസ്സിയും സംഘവും ഹൈദരാബാദിലെത്തിയത്. കൊൽക്കത്തയിൽ ആരാധക സംഘർഷത്തിൽ കാലശിച്ചതിനു പിന്നാലെ, ഹൈദരാബാദിൽ ഹൃദ്യമായ സ്വീകരണമായിരുന്നു ഒരുക്കിയത്. മെസ്സിയും മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പന്തു തട്ടി ആരാധക ഹൃദയം കവർന്നു. മെസ്സിയും സംഘവും സ്റ്റേഡിയത്തിലെ ആരാധകരെ വലയം ചെയ്തു. ഏതാനും പന്തുകൾ സ്റ്റേഡിയത്തിലെ ആരാധകർക്കുനേരെ അടിച്ചുകൊടുത്തു. പിന്നാലെ രാഹുൽ ഗാന്ധിക്ക് കൈകൊടുക്കുകയും ഒരുമിച്ചു ഫോട്ടോയെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

