500 സബ്സ്ക്രൈബർമാർ ഉണ്ടോ യൂട്യൂബിൽ? കണ്ടന്റ് ക്രിയേറ്റർമാർക്ക് വരുമാനമാർഗ്ഗം
text_fieldsയൂട്യൂബിൽ വിഡിയോകൾ ചെയ്യുന്നവർക്ക് വരുമാനം കണ്ടെത്താൻ പരസ്യവരുമാനം മാത്രമല്ല ഇനി വഴി. തങ്ങളുടെ വിഡിയോകളിൽ പരിചയപ്പെടുത്തുന്ന ഉത്പന്നങ്ങൾ വിറ്റുപോയാലും പണം നേടാൻ അവസരമൊരുക്കുകയാണ് യൂട്യൂബ്. ഇതിനായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോയുമായി പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യയിലെ യോഗ്യരായ കണ്ടന്റ് ക്രിയേറ്റർമാർക്ക് മീഷോയിലെ ഉത്പന്നങ്ങൾ നേരിട്ട് വിഡിയോകളിൽ ഉൾപ്പെടുത്തി വിൽപ്പനയിൽ നിന്ന് കമീഷൻ നേടാനാകും.ലോങ്-ഫോം വിഡിയോകൾ, യൂട്യൂബ് ഷോർട്ട്സ്, ലൈവ് സ്ട്രീമുകൾ എന്നിവയിൽ മീഷോ ഉത്പന്നങ്ങൾ ടാഗ് ചെയ്യാനാണ് പുതിയ സംവിധാനത്തിലൂടെ സാധിക്കുക. വിഡിയോ കാണുന്നവർക്ക് ഈ ടാഗുകൾ വഴി ഉത്പന്നങ്ങൾ പരിചയപ്പെടാനും മീഷോയിലൂടെ വാങ്ങാനും കഴിയും. അങ്ങനെ ഒരു ഉത്പന്നത്തെക്കുറിച്ച് വിഡിയോ തയ്യാറാക്കുന്ന ക്രിയേറ്റർക്ക് അതിൽ നിന്നുള്ള വിൽപനയിലൂടെ അധിക വരുമാനം കണ്ടെത്താം.500 സബ്സ്ക്രൈബർമാരുള്ള ക്രിയേറ്റർമാർക്കും പങ്കെടുക്കാൻ സാധിക്കും. എന്നാൽ സബ്സ്ക്രൈബർമാരുടെ എണ്ണം മാത്രം മതിയാകില്ല. യൂട്യൂബ് പാർട്ണർ പ്രോഗ്രാമിൽ അംഗമായിരിക്കണമെന്നതുൾപ്പെടെ പ്ലാറ്റ്ഫോമിന്റെ മറ്റ് യോഗ്യതാ നിബന്ധനകളും പാലിക്കണം.
മൂന്ന് കോടിയിലധികം ഉത്പന്നങ്ങൾ ലഭ്യമാകും
പുതിയ പങ്കാളിത്തത്തിലൂടെ 40 വിഭാഗങ്ങളിലായി മൂന്ന് കോടിയിലധികം അഫിലിയേറ്റ് ഉത്പന്നങ്ങളാണ് ക്രിയേറ്റർമാർക്ക് ലഭ്യമാകുക. രണ്ട് ലക്ഷത്തിലധികം വിൽപനക്കാരുടെ ഉത്പന്നങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഫാഷൻ, സൗന്ദര്യവർധക വസ്തുക്കൾ, വീട്ടുപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉത്പന്നങ്ങൾ വിഡിയോകളിൽ പരിചയപ്പെടുത്താം.ഉത്പന്നങ്ങളുടെ റിവ്യൂ, ഉപയോഗരീതി, സ്റ്റൈലിങ്, ഷോപ്പിങ് ഹോൾ വിഡിയോകൾ, ലൈവ് അവതരണങ്ങൾ തുടങ്ങിയ ഉള്ളടക്കങ്ങൾ തയ്യാറാക്കുന്നവർക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താം. ഓരോ ഉത്പന്നത്തിനും ലഭിക്കുന്ന കമീഷൻ നിരക്ക് വ്യത്യാസപ്പെടാം. അതത് ഉത്പന്നത്തിന്റെ കമീഷൻ വിവരങ്ങൾ യൂട്യൂബ് ഷോപ്പിങ് സംവിധാനത്തിൽ ലഭ്യമാകും.
പഴയ വിഡിയോകൾക്കും വരുമാനസാധ്യത
ഈ സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത യൂട്യൂബിലെ തിരയൽ സംവിധാനമാണ്. ഒരു ഉത്പന്നത്തെക്കുറിച്ച് തയ്യാറാക്കിയ വിഡിയോ പ്രസിദ്ധീകരിച്ച ഉടൻ മാത്രമല്ല, പിന്നീട് തിരഞ്ഞെത്തുന്ന പ്രേക്ഷകരിലേക്കും എത്താൻ സാധ്യതയുണ്ട്. അതിനാൽ പഴയ വിഡിയോകളിൽ നിന്ന് പോലും ഉത്പന്നങ്ങൾ വിറ്റുപോകാനും അതുവഴി ക്രിയേറ്റർമാർക്ക് കമീഷൻ ലഭിക്കാനും അവസരമുണ്ട്.നിലവിലുള്ള മീഷോ ക്രിയേറ്റർ ക്ലബ് അംഗങ്ങൾക്കും പുതിയ പങ്കാളിത്തം പ്രയോജനപ്പെടുത്താം. മീഷോയിലെ അഫിലിയേറ്റ് പ്രവർത്തനങ്ങൾ യൂട്യൂബിലേക്കും വ്യാപിപ്പിച്ച് കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വലിയ പ്രേക്ഷകസമൂഹമില്ലാത്തവർക്കും അവസരം
മീഷോയുടെ കണക്കുകൾ പ്രകാരം ക്രിയേറ്റർ ക്ലബ് അംഗങ്ങളിൽ 81 ശതമാനവും മെട്രോ നഗരങ്ങൾക്ക് പുറത്തുള്ളവരാണ്. സജീവ ക്രിയേറ്റർമാരിൽ 90 ശതമാനത്തോളം നാനോ ക്രിയേറ്റർമാരുമാണ്. വലിയ പ്രേക്ഷകസമൂഹമില്ലാത്തവർക്കും അഫിലിയേറ്റ് വരുമാനത്തിലേക്ക് കടന്നുവരാനുള്ള സാധ്യതയാണ് ഈ പങ്കാളിത്തം തുറക്കുന്നത്.മലയാളം ഉൾപ്പെടെ പ്രാദേശിക ഭാഷകളിൽ വിഡിയോകൾ ചെയ്യുന്നവർക്കും ഇതിലൂടെ ഉത്പന്നങ്ങൾ പരിചയപ്പെടുത്താം. വരും മാസങ്ങളിൽ രണ്ട് ലക്ഷത്തിലധികം ക്രിയേറ്റർമാരെ യൂട്യൂബ് ഷോപ്പിങ്ങിന്റെ ഭാഗമാക്കാനാണ് മീഷോ ലക്ഷ്യമിടുന്നത്. അഫിലിയേറ്റ് ഉത്പന്നങ്ങളുടെ പട്ടിക വിപുലീകരിക്കുന്നതിനൊപ്പം പ്രാദേശിക ഭാഷാ ക്രിയേറ്റർമാർക്ക് കൂടുതൽ പിന്തുണ നൽകാനും കമ്പനി പദ്ധതിയിടുന്നു.കണ്ടന്റ് ക്രിയേഷനെ പരസ്യവരുമാനത്തിൽ മാത്രം ഒതുക്കാതെ ഉത്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധിപ്പിക്കുന്നതാണ് ഈ നീക്കത്തിന്റെ പ്രധാന പ്രത്യേകത. അതേസമയം, കമീഷൻ ലഭിക്കണമെങ്കിൽ ഉത്പന്നം ടാഗ് ചെയ്യുന്നതു മാത്രം പോരാ; അതുവഴി യോഗ്യമായ വാങ്ങൽ നടക്കുകയും വിൽപന സ്ഥിരീകരിക്കപ്പെടുകയും വേണം.

