മംദാനിയുടെ 100ാം ദിവസ ചടങ്ങ് എന്റെ ഹൃദയം കവർന്നു, ന്യൂയോർക്കിൽ നിന്ന് കേരളത്തിന് പഠിക്കാനുണ്ട് -ഡോ. തോമസ് ഐസക്
text_fieldsതിരുവനന്തപുരം: ന്യുയോർക്കിലെ മംദാനി ഭരണകൂടത്തിന്റെ പ്രവർത്തന ശൈലിയിൽ നിന്ന് കേരളത്തിന് സുപ്രധാന പാഠങ്ങൾ ഉൾക്കൊള്ളാനുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക്. തന്റെ നൂറ് ദിവസത്തെ ഭരണത്തിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കാൻ മംദാനി തെരഞ്ഞെടുത്ത രീതിയും അതിൽ അദ്ദേഹം നൽകുന്ന മുൻഗണനകളും ശ്രദ്ധേയമാണെന്നും തന്റെ ഹൃദയം കവർന്നുവെന്നും ഐസക് ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി.
തന്റെ നൂറ് ദിവസത്തെ ഭരണത്തിന്റെ വാർഷികാഘോഷത്തിനായി ന്യുയോർക്കിലെ ഒരു പ്രീ-കെ സ്കൂളിൽ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാനാണ് മംദാനി തീരുമാനിച്ചത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രസംഗങ്ങളോ പത്രസമ്മേളനങ്ങളോ ഇല്ലാതെ കുട്ടികളോടൊപ്പം പാട്ടുപാടിയും കളിച്ചും സമയം ചെലവഴിച്ച മംദാനിയെ കൊച്ചുകുട്ടികൾ പോലും 'മേയർ' എന്നാണ് വിശേഷിപ്പിക്കുന്നത്.
ജോലി ചെയ്യുന്ന സ്ത്രീകൾക്ക് വലിയ സഹായമാകുന്ന വിധത്തിൽ ആറ് മാസം പ്രായമുള്ള കുഞ്ഞുങ്ങളെ വരെ നോക്കാൻ ശിശു കേന്ദ്രങ്ങൾ സാർവത്രികമാക്കുമെന്നതാണ് മംദാനിയുടെ ഒരു പ്രധാന വാഗ്ദാനം. നിലവിലുള്ള 3-4 വയസ്സുകാർക്കുള്ള പ്രീ-കെ സ്കൂളുകൾ മെച്ചപ്പെടുത്തുന്നതിനൊപ്പം രണ്ട് വയസ്സുകാർക്കുള്ള പ്ലേ സ്കൂളുകളും ആരംഭിക്കാൻ 10,000 കോടി രൂപയുടെ പദ്ധതിയാണ് നഗരസഭ ആവിഷ്കരിച്ചിട്ടുള്ളത്. ന്യുയോർക്ക് നഗരസഭയുടെ ഏറ്റവും വലിയ പദ്ധതിയായിരിക്കും ഇതെന്ന് ഐസക് ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയ്ക്ക് അത്ര പരിചിതമല്ലാത്ത ‘Pothole Politics’ അഥവാ 'കുഴിയടക്കൽ രാഷ്ട്രീയം' എന്ന ശൈലിയാണ് മംദാനി പിന്തുടരുന്നത്. വലിയ രാഷ്ട്രീയ ആശയങ്ങൾക്കൊപ്പം തന്നെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ ചെറിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇതിൽ മുൻഗണന നൽകുന്നു. റോഡിലെ കുഴികൾ അടയ്ക്കാൻ മംദാനി നേരിട്ട് തെരുവിലിറങ്ങിയിരുന്നു. ഒരു ലക്ഷം കുഴികൾ അടച്ചതിന്റെ ചടങ്ങ് ഏപ്രിൽ 6-ന് നടന്നു. വി.എസ് സർക്കാരിന്റെ കാലത്ത് കേരളത്തിലും സമാനമായ കുഴിയടക്കൽ ക്യാമ്പയിൻ നടന്നിരുന്നു. വിപ്ലവകരമായ മാറ്റങ്ങൾക്കൊപ്പം ജനങ്ങളുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്തുന്നതിൽ വിജയിച്ചതാണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെ സ്വാധീനത്തിന് അടിസ്ഥാനമെന്നും ഐസക് ഓർമ്മിപ്പിച്ചു.
കേരളത്തിലെ അങ്കണവാടികളെ അടിമുടി മെച്ചപ്പെടുത്താൻ മംദാനിയുടെ സാർവത്രിക പ്രീ-സ്കൂൾ പദ്ധതി പാഠമാണെന്ന് ഐസക് ചൂണ്ടിക്കാട്ടുന്നു. അങ്കണവാടികളിൽ 'കളിയിലൂടെയുള്ള പഠനം' മാത്രമാകണം ഉണ്ടാകേണ്ടത്. കേരളത്തിൽ 50 ശതമാനം സ്ത്രീകൾ തൊഴിലിനു പോകണമെന്നാണ് ഇടതുപക്ഷ മാനിഫെസ്റ്റോയിൽ പറഞ്ഞിട്ടുള്ളത്. ഇത് യാഥാർത്ഥ്യമാക്കണമെങ്കിൽ ജോലിക്ക് പോകുന്ന സ്ത്രീകളുടെ കുട്ടികളെ പരിപാലിക്കുന്ന പ്രീ-സ്കൂൾ കളി-പരിപാലന കേന്ദ്രങ്ങൾ അനിവാര്യമായ ഇടപെടലാണെന്നും ഐസക് ഓർമിപ്പിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
കേരളത്തിനും ന്യുയോർക്കിൽ നിന്നു പഠിക്കാം. തന്റെ നൂറ് ദിവസത്തെ മേയർ ഭരണത്തെ ഷോക്കേസ് ചെയ്യുന്നതിന് മംദാനി തെരഞ്ഞെടുത്ത ചടങ്ങ് എന്റെയും ഹൃദയം കവർന്നു. മുൻ അമേരിക്കൻ പ്രസിഡന്റ് ഒബാമയും മംദാനിയും ന്യുയോർക്കിലെ ഒരു പ്രീ-കെ സ്കൂളിൽ കുട്ടികളോടൊപ്പം സമയം ചെലവഴിച്ചതാണ്. ഒരു പ്രസംഗമോ പത്രസമ്മേളനമോ ഉണ്ടായില്ല. കുട്ടികളോടൊപ്പം പാട്ട് പാടുക, കളിക്കുക, വർത്തമാനം പറയുക അത്രതന്നെ. “ആരാണ് ഇദ്ദേഹം?” “മംദാനി”. “ആദ്യത്തെ പേര് എന്ത്?” ഒരു വിരുതൻ വിളിച്ചുപറഞ്ഞു “മേയർ”. കൊച്ചുകുട്ടികൾക്കു വരെ മേയർ എന്നു പറഞ്ഞാൽ മംദാനി ആണ്.
പ്രീ-കെ സ്കൂൾ എന്നു പറഞ്ഞാൽ കിന്റർഗാർട്ടന് മുമ്പുള്ള പ്ലേ സ്കൂൾ. ഇപ്പോൾ 3-4 വയസുകാർക്ക് ഇത്തരം പ്ലേ സ്കൂളുകളുണ്ട്. നഗരസഭയ്ക്കാണ് ഇവയുടെ നടത്തിപ്പ് ചുമതല. മംദാനിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ആറ് മാസം കഴിഞ്ഞ കുഞ്ഞുങ്ങളെ വരെ നോക്കാൻ ശിശു കേന്ദ്രങ്ങൾ സാർവത്രികമാക്കുമെന്നാണ്. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഇത്തരം സൗകര്യങ്ങൾ കൂടിയേതീരൂ.
നിലവിലുള്ള 3-4 പ്രീ-കെ പ്ലേ സ്കൂളുകൾ സാർവത്രികമാക്കുക, സൗകര്യങ്ങൾ മെച്ചപ്പെടുത്തുക. അതോടൊപ്പം രണ്ട് വയസുകാർക്കുള്ള പ്ലേ സ്കൂളുകൾ (2 പ്രീ-കെ) ആരംഭിക്കുവാനും പരിപാടിയുണ്ട്. 2000 കുട്ടികൾക്കുള്ള കേന്ദ്രങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇതിന് ചെലവ് എത്രയാണെന്നോ? 10,000 കോടി രൂപ. ന്യുയോർക്ക് നഗരസഭയുടെ ഏറ്റവും വലിയ പദ്ധതി ആയിരിക്കും കുട്ടികളുടെ പ്രീ-സ്കൂൾ വിദ്യാഭ്യാസം.
ഇതുകൊണ്ടാണ് ഒബാമയും മംദാനിയും ആദ്യമായി കണ്ടുമുട്ടുന്നതിന് ഒരു പ്രീ-കെ പ്ലേ സ്കൂളിനെ തെരഞ്ഞെടുത്തത്. കുട്ടികൾക്കൊരു കഥ, ഒരു കൂട്ടപ്പാട്ട്, ഒരു കളി, പിന്നെ കുറച്ചു കുട്ടിവർത്തമാനം. മുൻ അമേരിക്കൻ പ്രസിഡന്റും മേയറും കുട്ടികളോടൊപ്പം കളിക്കുന്നത് കാണാൻ ഏറെ കൗതുകമുണ്ട് (ഇവയുടെ വീഡിയോസ് കാണണമെങ്കിൽ ആദ്യത്തെ കമൻറ് നോക്കുക).
അമേരിക്കയ്ക്ക് പരിചിതമല്ലാത്ത ഒരു രാഷ്ട്രീയശൈലിയാണ് മംദാനി കൊണ്ടുവന്നുകൊണ്ടിരിക്കുന്നത്. ‘Pothole Politics’ എന്നാണ് ഇതിനു പേര് വീണിരിക്കുന്നത്. ഇടതുപക്ഷക്കാർ എപ്പോഴും വലിയ വലിയ കാര്യങ്ങളാണ് പറയുകയെന്നാണ് വയ്പ്പ്. മംദാനിയും അതിൽ പിന്നിലല്ല. പക്ഷേ, ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ചെറിയ, ചെറിയ കാര്യങ്ങൾ ചെയ്തു തീർക്കുന്നതിനും മുൻഗണന നൽകണമെന്നതാണ് പുതിയ ശൈലി.
മഞ്ഞുകാലം കഴിയുമ്പോൾ റോഡുകളിലെല്ലാം വലിയ കുഴികളായിരിക്കും. മഴക്കാലത്തെ നമ്മുടെ ചില റോഡുകൾ പോലെ. പിന്നെ ഒരു വർഷംകൊണ്ടാണ് കുഴിയെല്ലാം അടച്ചു തീരുക. ഇത്തവണ കഴിയടക്കാൻ മംദാനി തന്നെ റോഡിലിറങ്ങി. ഏപ്രിൽ 6-ന് ആയിരുന്നു ഒരുലക്ഷം കുഴി അടച്ചതിന്റെ ചടങ്ങ്. വി.എസ് സർക്കാരിന്റെ കാലത്ത് ഇതുപോലൊരു ക്യാമ്പയിൻ കേരളത്തിൽ നടത്തിയതിന്റെ ഓർമ്മ എനിക്കുണ്ട്.
നമ്മൾ മലയാളികൾക്ക് ഇതിൽ വലിയ അത്ഭുതമുണ്ടാകില്ല. സംസ്ഥാനത്തെ ഇടതുപക്ഷത്തിന്റെ സ്വാധീനത്തിന്റെ അടിത്തറ വിപ്ലവകരമായ പരിവർത്തനത്തെക്കുറിച്ചുള്ള ആദർശങ്ങൾ ഉയർത്തിപ്പിടിക്കുമ്പോഴും ജനങ്ങളുടെ ദൈനംദിന ജീവിതത്തെ മെച്ചപ്പെടുത്തുന്നതിനുള്ള ഒട്ടനവധി ചെറിയ, ചെറിയ കാര്യങ്ങൾ ചെയ്യുന്നതിൽ വിജയിച്ചതാണല്ലോ.
എങ്കിലും മംദാനിയുടെ ന്യുയോർക്കിൽ നിന്ന് സാർവത്രിക പ്രീ-സ്കൂൾ പദ്ധതിയിൽ നിന്നും നമുക്കും ചില പാഠങ്ങൾ ഉൾക്കൊള്ളാനുണ്ട്. നമ്മുടെ അങ്കണവാടികളെ അടിമുടി മെച്ചപ്പെടുത്തണം. കളിയേ പാടുള്ളൂ. കളിച്ചു പഠിക്കണം. ജോലിക്ക് പോകുന്ന സ്ത്രീകളുടെ കുട്ടികളെ പരിപാലിക്കുന്നതിന് ശിശുകേന്ദ്രങ്ങൾ ഉണ്ടാകണം. 50 ശതമാനം സ്ത്രീകൾ തൊഴിലിനു പോകുന്ന കേരളം ആണല്ലോ ഇടതുപക്ഷം മാനിഫെസ്റ്റോയിൽ പറഞ്ഞിട്ടുള്ളത്. ഇത് നേടണമെങ്കിൽ അനുപേക്ഷണീയമായ ഒരു ഇടപെടലാണ് പ്രീ-സ്കൂൾ കളി-പരിപാലന കേന്ദ്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

