‘എന്നത്തേക്കും ആർക്കും ആരെയും മാറ്റിനിർത്താനാവില്ല’; കൊച്ചി മേയർ പ്രഖ്യാപനത്തിൽ ദീപ്തി മേരിയുടെ പ്രതിഷേധത്തെ പിന്തുണച്ച് മാത്യു കുഴൽനാടൻ
text_fieldsദീപ്തി മേരി വർഗീസ്, മാത്യു കുഴൽനാടൻ
കൊച്ചി: കൊച്ചി മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്ന ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ എം.എൽ.എ രംഗത്ത്. ഒരു വാതിൽ അടയുമ്പോൾ ഒരുപാട് വാതിലുകൾ തുറക്കപ്പെടുമെന്നും രാഷ്ട്രീയത്തിൽ എന്നത്തേക്കും ആർക്കും ആരെയും മാറ്റിനിർത്താനാവില്ലെന്നും കുഴൽനാടൻ ഫേസ്ബുക്കിൽ കുറിച്ചു. ദീപ്തിയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മാത്യു കുഴൽനാടന്റെ പോസ്റ്റ്. വി.കെ. മിനിമോൾക്കും ഷൈനി മാത്യുവിനും രണ്ടര വർഷം വീതം മേയർ സ്ഥാനം പങ്കുവച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിൽ കടുത്ത പ്രതിഷേധമാണ് ദീപ്തി പരസ്യമായി പങ്കുവച്ചത്. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിന് പരാതി നൽകിയ ദീപ്തി, പ്രതിഷേധം പരസ്യമാക്കി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ആദ്യ രണ്ടര വർഷം മഹിള കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ വി.കെ. മിനിമോളെയും രണ്ടാം ടേമിൽ ഷൈനി മാത്യുവിനേയും മേയറാക്കാനാണ് ധാരണ. ഡെപ്യൂട്ടി മേയർ സ്ഥാനവും ടേം വ്യവസ്ഥയിലായിരിക്കും. ഡെപ്യൂട്ടി മേയറായി കെ.വി.പി. കൃഷ്ണകുമാറിനെയാണ് തീരുമാനിച്ചത്. പാർലമെന്ററി പാർട്ടി യോഗത്തിൽ കൂടുതൽ പിന്തുണ ലഭിച്ചത് ഷൈനി മാത്യുവിനായിരുന്നു. 19 പേർ ഷൈനി മാത്യുവിനെയും 17 പേർ മിനിമോളെയും പിന്തുണച്ചെന്നാണ് വിവരം. നാല് പേർ മാത്രമാണ് ദീപ്തി മേരി വർഗീസിന് ഒപ്പം നിന്നത്. പ്രതിപക്ഷ നേതാവിന്റെ കൂടി അനുമതിയോടെയാണ് മിനിമോളും ഷൈനിയും മേയർ സ്ഥാനം പങ്കിടാനുള്ള തീരുമാനമെന്നാണ് വിവരം. ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്ക് ദീപ്തിയോടുള്ള അഭിപ്രായ വ്യത്യാസമാണ് തീരുമാനത്തിന് പിന്നിലെന്നും സൂചനയുണ്ട്.
തന്നെ ഒഴിവാക്കാൻ ബോധപൂർവം ശ്രമം നടന്നെന്നാണ് ദീപ്തിയുടെ പരാതി. മേയറെ നിശ്ചയിച്ചത് കെ.പി.സി.സി മാനദണ്ഡങ്ങൾ മറികടന്നാണ്. രഹസ്യ വോട്ടെടുപ്പ് നടത്തിയില്ല. ജില്ലക്ക് പുറത്തു നിന്നുള്ള നേതാക്കൾ വോട്ടെടുപ്പിന് വന്നില്ല. ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് അടക്കം ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ തനിക്കെതിരെ പ്രവർത്തിച്ചെന്നു ദീപ്തിയുടെ പരാതിയിലുണ്ട്. കെ.പി.സി.സി സർക്കുലർ തെറ്റിച്ചാണ് മേയറെ തെരഞ്ഞെടുത്തു. കെ.പി.സി.സിയുടെ നിരീക്ഷകൻ എത്തി കൗൺസിലർമാരെ കേൾക്കണം എന്നാണ് സർക്കുലറിൽ ഉള്ളത്. കൗൺസിലർമാരിൽ കൂടുതൽ പേര് അനുകൂലിക്കുന്ന ആളെ മേയർ ആക്കണം എന്നതാണ് പാർട്ടി നിലപാട്. എന്നാൽ കൊച്ചിയിൽ അതുണ്ടായില്ല. ഗ്രൂപ്പ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷനും എൻ. വേണുഗോപാലുമാണ് കൗൺസിലർമാരെ കേട്ടത്. ഇവർ പുറത്ത് പറഞ്ഞ കണക്ക് അവിശ്വസനീയമാണെന്നും ദീപ്തി ആരോപിച്ചു.
കൊച്ചി കോർപറേഷനിലെ 76 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 46 സീറ്റും എൽ.ഡി.എഫ് 20 സീറ്റും എൻ.ഡി.എ ആറ് സീറ്റും മറ്റുള്ളവർ നാല് സീറ്റുമാണ് നേടിയത്. 2020ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 31 സീറ്റിലും എൽ.ഡി.എഫ് 34 സീറ്റിലും എൻ.ഡി.എ അഞ്ച് സീറ്റിലും മറ്റുള്ളവർ നാല് സീറ്റിലും വിജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

