'വെറുമൊരു യാത്രയല്ല, അച്ഛന്റെ വിരൽത്തുമ്പിൽ പിടിച്ച് നടക്കുന്നത് പോലെ, ജനങ്ങളോടും എന്റെ പാണക്കാട് തങ്ങളോടും.. കടപ്പാട്'; വൈകാരിക കുറിപ്പുമായി എ.പി.സ്മിജി
text_fieldsഎ.പി.സ്മിജി ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം, പാണക്കാട് സാദിഖലി തങ്ങളോടൊപ്പം സ്മിജി
മലപ്പുറം: ഔദ്യോഗിക വാഹനം ഏറ്റുവാങ്ങിയ ശേഷം സമൂഹമാധ്യമങ്ങളിൽ വൈകാരിക കുറിപ്പുമായി മലപ്പുറം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി സ്മിജി.
2015-ൽ അച്ഛൻ സഞ്ചരിച്ച അതേ വഴിയിലൂടെ, അതേ സീറ്റിലിരുന്ന് ഇന്ന് ഞാൻ യാത്ര ചെയ്യുമ്പോൾ അത് വെറുമൊരു യാത്രയല്ല, അച്ഛന്റെ വിരൽത്തുമ്പിൽ പിടിച്ച് നടക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നതെന്ന് എ.പി.സ്മിജി ഫേസ്ബുക്കിൽ കുറിച്ചു.
അന്ന് അച്ഛൻ, ഇന്ന് ഞാൻ. മാറ്റമില്ലാത്തത് ഈ കാറിനും ഇതിനുള്ളിലെ അച്ഛന്റെ ഓർമ്മകൾക്കും മാത്രം. വർഷങ്ങൾക്കു മുൻപ്, മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മുറ്റത്ത് അച്ഛൻ ഈ കാറിൽ വന്നിറങ്ങുമ്പോൾ ആ മുഖത്തുണ്ടായിരുന്ന പുഞ്ചിരിയും നാടിനോടുള്ള കരുതലും ഇന്നും എന്റെ മനസ്സിലുണ്ടെന്നും സ്മിജി കുറിക്കുന്നു.
അന്തരിച്ച മലപ്പുറം ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റും ദലിത് ലീഗ് സ്ഥാപക നേതാക്കളിൽ പ്രമുഖനുമായിരുന്ന എ.പി. ഉണ്ണികൃഷ്ണന്റെ മകളാണ് സ്മിജി. മുസ്ലിം ലീഗ് യുവ നേതാവായി വളർന്ന് വന്ന സ്മിജിയെ ജനറല് വനിതാ സീറ്റിൽ മത്സരിപ്പിച്ച് വിജയിപ്പിച്ചാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാക്കിയത്.
എ.പി.സ്മിജിയുടെ ഫേസ്ബുക്ക് പോസ്റ്റ്
"അന്ന് അച്ഛൻ; ഇന്ന് ഞാൻ. മാറ്റമില്ലാത്തത് ഈ കാറിനും ഇതിനുള്ളിലെ അച്ഛന്റെ ഓർമ്മകൾക്കും മാത്രം. വർഷങ്ങൾക്കു മുൻപ്, മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മുറ്റത്ത് അച്ഛൻ (എ.പി. ഉണ്ണികൃഷ്ണൻ) ഈ കാറിൽ വന്നിറങ്ങുമ്പോൾ ആ മുഖത്തുണ്ടായിരുന്ന പുഞ്ചിരിയും നാടിനോടുള്ള കരുതലും ഇന്നും എന്റെ മനസ്സിലുണ്ട്. 2015-ൽ അച്ഛൻ സഞ്ചരിച്ച അതേ വഴിയിലൂടെ, അതേ സീറ്റിലിരുന്ന് ഇന്ന് ഞാൻ യാത്ര ചെയ്യുമ്പോൾ, അത് വെറുമൊരു യാത്രയല്ല; അച്ഛന്റെ വിരൽത്തുമ്പിൽ പിടിച്ച് നടക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്.
ഇതിനെല്ലാം കടപ്പാട് എന്നെ രണ്ട് കൈ നീട്ടി സ്വീകരിച്ച നിങ്ങളുടെ വിലയേറിയ വോട്ടുകൾ നൽകി എന്നെ വൻ ഭൂരിപക്ഷത്തിൽ ജയിപ്പിച്ച ജനങ്ങളായ നിങ്ങളോടും എന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച അച്ഛൻ നെഞ്ചോട് ചേർത്തുപിടിച്ച പാണക്കാട് കുടുബത്തോടും എന്റെ പാണക്കാട് തങ്ങളോടും പികെ കുഞ്ഞാലിക്കുട്ടി സാഹിബിനോടും എൻറെ പാർട്ടിയോടും പാർട്ടിയിലെ സഹപ്രവർത്തകരോടുമാണ് ………"
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

