യാ സയ്യിദരെ! വീര്യം കുറഞ്ഞ മദ്യം എന്നാണ് മതത്തിൽ ഹലാലായത്? -കെ.ടി. ജലീൽ
text_fieldsമലപ്പുറം: വീര്യം കുറഞ്ഞ ആൽക്കഹോളിക് മദ്യത്തിന് 131 ശതമാനം വരെ നികുതിയിളവ് നൽകാനുള്ള നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ എം.എൽ.എ കെ.ടി. ജലീൽ. ‘യാ സയ്യിദരെ! അല്ലയോ ഖാളിമാരെ, എന്നാണ് വീര്യം കുറഞ്ഞ മദ്യം മതത്തിൽ ഹലാലായത്? (അനുവദനീയം). ഒരു മത സംഘടനക്കും ഒരു പരാതിയുമില്ല. ഒരു മതനേതാവും വെള്ളിയാഴ്ചയോ, ഞായറാഴ്ചയോ, ആരാധനാലയങ്ങളിൽ പ്രസംഗിച്ചതും കേട്ടില്ല’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് കർണ്ണാടകയിൽ നിന്ന് ഒഴുകിയ കോടികൾക്കുള്ള പ്രത്യുപകാരമായാണ് നികുതി കുറച്ചതെന്നും അദ്ദേഹം ആരോപിച്ചു.
‘ഖാളിമാരെ! വീര്യം കുറഞ്ഞത് ഹലാലായോ? വീര്യം കുറഞ്ഞ മദ്യത്തിത്തിന് ടീം യു.ഡി.എഫ് നികുതി കുറച്ചിരിക്കുന്നു. ഇനി ഇഷ്ടം പോലെ വീര്യം കുറഞ്ഞ മദ്യം കഴിക്കാം. കർണ്ണാടകയിൽ നിന്ന് തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ഒഴുകിയ കോടികൾക്കുള്ള പ്രത്യുപകാരം!! അല്ലെങ്കിലും യു.ഡി.എഫിന് എന്തൊക്കെ സൗകര്യങ്ങളാണ്. അവരുടെ ദുഷ്ചൈതികൾക്കും അഴിമതികൾക്കും ചൂട്ടുപിടിക്കാനും കൂട്ടുനിൽക്കാനും മത നേതാക്കളും മതമേലദ്ധ്യക്ഷൻമാരും മൽസരിക്കുകയല്ലേ!
മദ്യവർജന സമിതിക്കാരും ഇയ്യാച്ചേരിയും നല്ല "മയക്കത്തി"ലാണ്. ഒരു സർക്കാരിൻ്റെ ആദ്യ ബഡ്ജറ്റിൽ തന്നെ ഇങ്ങിനെ ഒരു മഹാമനസ്കത കാണിച്ച യു.ഡി.എഫ് സർക്കാറിനെ അഭിനന്ദിച്ചുള്ള മതവിധികളാകും പള്ളിമേടകളിൽ നിന്നും കോഴിക്കോട്ടെ ഖാളീ ഭവനിൽ നിന്നും വൈകാതെ ഉയരുക! ലീഗിൻ്റെ ചുണക്കുട്ടികൾ എവിടെ? 22 എണ്ണം ഉണ്ടായിട്ട് "നോ" പറയാൻ ഉപ്പീ സഹിബിന് കേരള നിയമസഭയിൽ ഒരു പിൻമുറക്കാരൻ പോലും ഉണ്ടായില്ലല്ലോ? കഷ്ടം! മുസ്ലിംലീഗിൻ്റെ ചരിത്രത്തിൽ 'തങ്കലിപികളാൽ' എഴുതപ്പെടും ഈ മൗനം! പി.എം.ശ്രീ റെഡി! വില കുറച്ച് വീര്യം കുറഞ്ഞ മദ്യവും റെഡി! ഇതിൽപരം എന്തുവേണം സമുദായത്തിനും നാടിനും അഭിമാനിക്കാൻ! ന്യൂനപക്ഷമേ ആഹ്ലാദിപ്പിൻ’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ഇളവ് നൽകുന്നത് 76 മുതൽ 131 വരെ ശതമാനം നികുതി
സ്പിരിറ്റില്‍ നിന്നുള്ള മദ്യത്തിന് 251 ശതമാനം നികുതി നിലനിൽക്കെയാണ് ബജറ്റ് പ്രഖ്യാപനത്തിൽ ‘വീര്യം കുറഞ്ഞ മദ്യ’ത്തിന് (ലോ ആൽക്കഹോളിക് ബവ്റിജസ്) കുറഞ്ഞ നികുതി നിശ്ചയിച്ചത്. ആൽക്കഹോളിന്റെ അളവ് 0.5 ശതമാനം മുതൽ 10 ശതമാനം വരെയുള്ള മദ്യത്തിന് 120 ശതമാനവും, 10 ശതമാനം മുതൽ 20 വരെയുള്ളവക്ക് 175 ശതമാനവുമാണ് നികുതി നിശ്ചയിച്ചത്.
ഫലത്തിൽ നിലവിലെ മദ്യനികുതിയായ 251 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 0.5 -10 കാറ്റഗറിക്ക് 131 ശതമാനവും 10 -20 കാറ്റഗറിയിലുള്ളവക്ക് 76 ശതമാനവും നികുതിയിളവാണ് കമ്പനികൾക്ക് ലഭിക്കുക. ഇനിയും വിപണിയിലെത്താത്തതും എന്നാൽ അനുമതിക്ക് ഊഴം കാക്കുന്നതുമായ ഈ വിഭാഗത്തിന് വിപണിയിലേക്കുള്ള തടസ്സങ്ങൾ നീക്കും വിധം നികുതി കുറച്ചത് മദ്യക്കമ്പനികളെ സഹായിക്കാനാണെന്നാണ് പ്രതിപക്ഷ ആരോപണം.
കമ്പനികളെല്ലാം നികുതി കുറവുള്ള വീര്യം കുറഞ്ഞ മദ്യത്തിലേക്ക് കേന്ദ്രീകരിക്കുന്നതോടെ ഒരു ഭാഗത്ത് ഖജനാവിന് വലിയ നഷ്ടമുണ്ടാകുമെന്നതും മറുഭാഗത്ത് ഇവ സുലഭമാകുന്നതോടെ മദ്യവ്യാപനത്തിന് വഴിയൊരുക്കുമെന്നതും മുൻനിർത്തിയാണ് സർക്കാറിനെതിരെയുള്ള പ്രതിപക്ഷ കടന്നാക്രമണം.
വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ അനുവദിക്കുന്നതിനുള്ള നീക്കങ്ങൾ 2010ൽ വി.എസ്. അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് ആരംഭിച്ചെങ്കിലും നയപരമായ വ്യക്തത വന്നത് 2023ലെ മദ്യനയത്തിലൂടെയാണ്.
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം അനുവദിക്കുന്നതിനായി 2022-23 ലെ അബ്കാരി നയത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സര്‍ക്കാർ വിദേശമദ്യ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഭേദഗതി പ്രകാരം 0.5 ശതമാനം മുതല്‍ 20 ശതമാനം വരെ ആൽക്കഹോള്‍ വീര്യമുള്ള ബിയറും വൈനും ഒഴികെയുള്ള മദ്യ ഉൽപന്നങ്ങളെ ‘ലോ ആൽക്കഹോളിക്ക് ബവ്റിജസ്’ എന്ന ഒരു പ്രത്യേക വിഭാഗമായി പരിഗണിച്ചു.
എന്നാൽ, ഇടതു സർക്കാർ നികുതി ഘടന നിശ്ചയിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ 42.86 വീര്യമുള്ള മദ്യം (ഇന്ത്യൻ നിർമിത വിദേശമദ്യം) വിൽക്കുന്ന അതേ നികുതിയായ 251 ശതമാനം വീര്യം കുറഞ്ഞവക്കും നൽകേണ്ടിവരുമെന്നതിനാൽ ഒരു കമ്പനിയും ഇവ കേരള വിപണിയിലെത്തിക്കാൻ തയാറായിരുന്നില്ല. ഫലത്തിൽ ബജറ്റിൽ ഈ നികുതി നിശ്ചയിച്ചതോടെ ഈ വിലക്ക് കൂടിയാണ് നീങ്ങുന്നത്. നികുതി പ്രഖ്യാപനം കർണാടക ആസ്ഥാനമായ മദ്യലോബികൾക്ക് വേണ്ടിയാണെന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
കാര്‍ഷിക വിളകളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന് നൽകിയ ഇളവിന്റെ മറവിൽ മദ്യക്കമ്പനികളെ സഹായിക്കുന്നുവെന്നാണ് സി.പി.എം വിമര്‍ശനം. എന്നാൽ, 20-30 ശതമാനം വീര്യമുള്ളതും കാർഷിക വിളകളിൽ നിന്നുള്ളതുമായ ഹോർട്ടി ലിക്കർ ഇതല്ലെന്നാണ് സർക്കാർ വിശദീകരണം. 0.5 മുതൽ 20 ശതമാനം വരെ ആൽക്കഹോൾ സാന്നിധ്യമുള്ളവയുടേതാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. ഈ കാറ്റഗറി നിശ്ചയിച്ചതും സർക്കാറാണ്.
കശുമാങ്ങ പോലുള്ള പഴങ്ങളിൽനിന്ന് ഉൽപാദിപ്പിക്കുന്ന ഹോർട്ടി ലിക്കറിന്റെ നികുതി ഘടന നിശ്ചയിച്ചിട്ടില്ല. നിലവിൽ ആരും ഉൽപാദനം തുടങ്ങിയിട്ടില്ല. അതേസമയം വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് വിൽക്കണമോയെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ബജറ്റ് സമ്മേളനത്തിന് ശേഷമാകും ഇക്കാര്യം തീരുമാനിക്കുകയെന്നും എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

