'സംഘ്പരിവാറിൽ മാംസം കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്, വെറുതേ കല്ലിൽ കടിച്ച് പല്ല് കളയണ്ട'; ടി.എസ്. ശ്യാംകുമാറിനോട് ശശികല
text_fieldsശശികല, ടി.എസ്.ശ്യാം കുമാർ
മലപ്പുറം: സംഘ്പരിവാറിൽ മാംസം കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ടെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല. പഴയിടം മോഹനൻ നമ്പൂതിരിയെ വിമർശിച്ച സാമൂഹിക വിമർശകനും അധ്യാപകനുമായ ടി.എസ്. ശ്യാംകുമാറിന് മറുപടി പറയുകയായിരുന്നു ശശികല.
സസ്യാഹാരമാണ് മനുഷ്യ ശരീരത്തിന് കൂടുതല്‍ അനുയോജ്യമെന്നും എന്നാല്‍ ആളുകളെല്ലാം ഇപ്പോള്‍ മാംസാഹാരമാണ് കഴിക്കുന്നതെന്നും മോഹനന് നമ്പൂതിരി പറഞ്ഞിരുന്നു. ഇതിനെ വിമര്‍ശിച്ചു കൊണ്ട് ശ്യാം കുമാർ രംഗത്ത് വന്നിരുന്നു.
മനുഷ്യര്‍ക്ക് ഏറ്റവും കൂടുതല്‍ അനുയോജ്യം സസ്യാഹാരമാണെന്ന വിവരം വാല്മീകി രാമായണത്തിലെ ഭരദ്വാജ മഹര്‍ഷിക്ക് അറിയാത്തത് കൊണ്ടായിരിക്കും, തന്റെ ആശ്രമത്തിലെത്തിയ ഭരതനെയും സൈന്യത്തെയും കോഴി, പന്നി എന്നിവയുടെ ഇറച്ചി നല്കി അദ്ദേഹം സത്ക്കരിച്ചതെന്നും ശ്യാം കുമാര്‍ പറഞ്ഞു. ഈ വാർത്ത പങ്കുവെച്ചാണ് ശശികലയുടെ വിമർശനം.
പഴയിടം നമ്പൂതിരി അദ്ദേഹത്തിന്റെ ഇഷ്ടമാണ് പറഞ്ഞതെന്നും വേറെ ആരോടും തിന്നരുതെന്ന് പറഞ്ഞില്ലല്ലോയെന്നും ചോദിച്ച ശശികല, സംഘപരിവാറിനോടാണ് യുദ്ധമെങ്കിൽ ഞങ്ങളിൽ മാംസം കഴിക്കുന്നവരും കഴിക്കാത്തവരും എല്ലാം ഉണ്ട്. വെറുതേ കല്ലിൽ കടിച്ച് പല്ല് കളയണ്ടെന്നും വേറെ വല്ല വിഷയവുമെടുക്കുവെന്നും പറഞ്ഞു.
കേരളത്തിൽ മദ്യത്തേയും മാംസഭക്ഷണത്തേയും നിശിതമായി വിമർശിച്ച ആധ്യാത്മിക ആചാര്യൻ ശ്രീ നാരായണ ഗുരുവല്ലേ, അദ്ദേഹം രാമായണം അറിയാത്ത ആളാകുമോയെന്നും ശശികല ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
പഴയിടം മോഹനൻ നമ്പൂതിരിയെ വിമർശിച്ച് ടി.എസ്.ശ്യാം കുമാർ പങ്കുവെച്ച കുറിപ്പ്
"സസ്യാഹാരമാണ് ഏറ്റവും കൂടുതൽ മനുഷ്യർക്ക് അനുയോജ്യമെന്ന വിവരം വാല്മീകി രാമായണത്തിലെ ഭരദ്വാജ
മഹർഷിക്ക് അറിയില്ലായിരിക്കാം. ഭരദ്വാജൻ തന്റെ ആശ്രമത്തിലെത്തിയ ഭരതനും സൈന്യങ്ങൾക്കും കോഴി, പന്നി എന്നിവയുടെ ഇറച്ചി നൽകിയാണ് സൽക്കരിച്ചത്. ദശരഥന് കുതിരയുടെ ഇറച്ചിയായിരുന്നു ഇഷ്ടമെന്ന് വാല്മീകി രാമായണം പറയും. ഇന്ദ്രന് ആടിന്റെ ഇറച്ചിയായിരുന്നു പഥ്യമെന്ന് ഋഗ്വേദം പ്രസ്താവിക്കുന്നു. സീത ഗംഗക്ക് വഴിപാടായി നേർന്നത് ഇറച്ചി ചേർന്ന ചോറാണ് (ഇന്നത്തെ നിലക്ക് ബിരിയാണി). കാട്ടിൽ നിന്ന് ഭക്ഷണത്തിനായി മാനിനെയും രുരുക്കളെയും വധിച്ച് മാംസവുമായി വരുന്ന രാമലക്ഷ്മണന്മാരുടെ ചിത്രം വാല്മീകി വരച്ചിടുന്നുണ്ട്. ഇവരാരും സാമ്പാറും തോരാനും കൂട്ടിയല്ല ഭക്ഷണം കഴിച്ചിരുന്നത്."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

