റാപ്പ് എന്തെന്ന് അറിയില്ലെന്ന് കെ.പി. ശശികല; ‘ഞാനൊരമ്മയും അമ്മൂമ്മയും റിട്ട. അധ്യാപികയുമായതിനാൽ വേടന്റെ രാഷ്ട്രീയത്തെ ഭയക്കുന്നു’
text_fieldsപാലക്കാട്: റാപ്പർ വേടനെ ശ്രീലങ്കൻ തമിഴ് പുലിയും തലയറുക്കാൻ മടിയില്ലാത്ത നക്സലിസ്റ്റും ഇസ്ലാമിസ്റ്റുകളുടെ ചട്ടുകവുമാക്കി ചിത്രീകരിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല. നേരത്തെ വേടനെതിരെ നടത്തിയ അധിക്ഷേപ പരാമർശം വിവാദമായതിന് പിന്നാലെയാണ് വീണ്ടും ആരോപണവുമായെത്തിയത്.
വേടന്റെ പ്രമോട്ടർമാർ തീവ്ര ഇസ്ലാമിക സംഘടനകളും ഹിന്ദു വിരുദ്ധ ശക്തികളുമാണെന്നും ശശികല ആരോപിച്ചിരുന്നു. ‘പട്ടികജാതി- പട്ടികവര്ഗ വിഭാഗങ്ങൾക്ക് തനതായ എന്തെല്ലാം കലാരൂപങ്ങളുണ്ട്? റാപ്പ് സംഗീതമാണോ ഇവിടുത്തെ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപം? ഗോത്രസംസ്കൃതി അതാണോ?’ എന്നും പാലക്കാട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയിൽ ശശികല ചോദിച്ചിരുന്നു. താൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിനെ ഭയക്കുന്നത് കൊണ്ടാണ് ശശികല ഇങ്ങനെ ചോദിച്ചതെന്നും റാപ്പ് ചെയ്യുന്നത് എന്തിനാണ് എന്ന ചോദ്യം തന്നെ ജനാധിപത്യവിരുദ്ധമാണെന്നും ഇതിന് മറുപടിയായി വേടൻ പ്രതികരിച്ചു. ഇതിന് പിന്നാലെ, ഞാനൊരമ്മയും അമ്മൂമ്മയും റിട്ട അധ്യാപികയുമായതിനാൽ വേടന്റെ രാഷ്ട്രീയത്തെ ഭയക്കുന്നുവെന്ന് ശശികല ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘ശരിയാണ് മോനെ, ഞാൻ നിൻ്റെ രാഷ്ട്രീയത്തെ ഭയക്കുന്നു. താങ്കളുടെ എന്നു പറയണമെന്നുണ്ട് പക്ഷേ എൻ്റെ ചെറിയ മോൻ പോലും മോനേക്കാൾ പത്തുവയസ്സെങ്കിലും മൂത്തതാണ്. ഞാൻ ഭയക്കുന്നു, ലങ്കൻ പുലികളുടെ മാറാത്ത ദാഹവുമായി ഇന്നാട്ടിൽ അലയുന്ന രാഷ്ട്രീയത്തെ. ഞാൻ ഭയക്കുന്നു, കൊച്ചിക്കായലിൽ തപ്പിയാൽ കിട്ടാത്ത വിധത്തിൽ കേറ്റാൻ മടിയില്ലാത്ത രാഷ്ട്രീയത്തെ. ഞാൻ ഭയക്കുന്നു, ഭാവിയുടെ വാഗ്ദാനമാകേണ്ട യുവത്വം
അത്തരം യുവതക്കുമുന്നിൽ പച്ചത്തെറി വിളിക്കുന്ന രാഷ്ട്രീയത്തെ. ഞാൻ ഭയക്കുന്നു, ജാതിക്കോമരങ്ങളെ സൃഷ്ടിക്കുന്ന രാഷ്ട്രീയത്തെ. ഞാൻ ഭയക്കുന്നു, തീവ്ര ഇസ്ലാമിസ്റ്റുകളുടെ ചട്ടുകമാകുന്ന രാഷ്ട്രീയത്തെ. ഞാൻ ഭയക്കുന്നു, തലയറുക്കാൻ മടിയില്ലാത്ത നക്സലിസത്തെ പുണരുന്ന രാഷ്ട്രീയത്തെ. ഞാൻ ഭയക്കുന്നു, ലഹരി പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയത്തെ. ഞാൻ ഭയക്കുന്നു, സ്ത്രീകളെ പീഢിപ്പിക്കാൻ മടിയില്ലാത്ത രാഷ്ട്രീയത്തെ. കാരണം മോനെ ഞാനൊരമ്മയാണ്, അമ്മൂമ്മയാണ്, ഒരു റിട്ട അധ്യാപികയാണ്. ഈ കേരളം ഭാരതത്തിൻ്റെ ഭാഗമായി നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു മലയാളിയാണ്. പേടിക്കേണ്ടതിനെ പേടിച്ചേ മതിയാകു. അതിൻ്റെ പേരാണ് ജാഗ്രത എന്ന്’ -ശശികല കുറിപ്പിൽ പറഞ്ഞു.
തനിക്ക് എന്താണ് റാപ്പ് എന്ന് ഇപ്പോഴും അറിയില്ലെന്നും റാപ്പു ചെയ്തത് താനിതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും ശശികല പറഞ്ഞു. ‘പട്ടിക ജാതി പട്ടിക വർഗ ഫണ്ടുപയോഗിച്ച് നടത്തുന്ന ഒരു സർക്കാർ പരിപാടിയിൽ അവരുടെ കലകൾ ആദരിക്കപ്പെടണം. ആ കാശ് അത്തരം കലകളുടെ സംരക്ഷണത്തിന് പ്രയോജനപ്പെടണം. കഞ്ചാവ് കേസിൽ പിടിച്ച ഒരു വ്യക്തി വേടനായാലും നാടനായാലും നായരായാലും നമ്പൂരിയായാലും സർക്കാർ അതിഥിയായി വരരുത്.
മോന് ഏത് സ്വകാര്യചടങ്ങിലും പൊതു പരിപാടിയിലും റാപ്പാം. പക്ഷേ സർക്കാർ പരിപാടിയിൽ ഒരു കഞ്ചാവു പ്രതി ആഘോഷിക്കപ്പെടരുത് എന്നു പറയാനുള്ള എന്റെ അവകാശമാണ് എന്റെ പൗരത്വം’ -ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
വേടൻ എന്ന കേരളത്തിലെ യുവാക്കൾ ഇഷ്ടപ്പെടുന്ന കലാകാരനെ ആർഎസ്എസ് ജാതി പറഞ്ഞ് അധിക്ഷേപിക്കുകയാണെന്ന് സന്ദീപ് വാര്യർ അഭിപ്രായപ്പെട്ടു. ‘കെ പി ശശികല ടീച്ചർ കേസരി പത്രാധിപർ മധുവിൽ നിന്ന് വേടൻ വിരുദ്ധ ബാറ്റൺ ഏറ്റുവാങ്ങിയിട്ടുണ്ട്. റാപ്പ് പട്ടികജാതിക്കാരുടെ തനത് കലാരൂപമാണോ എന്നാണ് ശശികല ടീച്ചർ ചോദിക്കുന്നത്. പട്ടികജാതിക്കാർ റാപ്പ് പാടിയാൽ എന്താണ് ടീച്ചറെ ? പട്ടികജാതിക്കാർ അവർക്ക് ഇഷ്ടമുള്ളത് പാടട്ടെ.. റാപ്പ് എന്ന സംഗീതരൂപം ലോകത്ത് എല്ലായിടത്തും വർണ്ണ വംശ വെറിക്കെതിരായ പ്രതിഷേധമായാണ് രൂപം കൊണ്ടിട്ടുള്ളത്. ഇന്ത്യയുടെ സാഹചര്യത്തിൽ അത് ദളിതർക്കെതിരായ സവർണ്ണ ഹിന്ദുത്വയുടെ അതിക്രമങ്ങൾക്കെതിരായ ശബ്ദമായി മാറും. അതിൽ അസ്വസ്ഥപ്പെട്ടിട്ട് കാര്യമില്ല. ഹിന്ദു ഐക്യവേദി നേതാവിന് പരിഹരിക്കാൻ കഴിയുന്ന മറ്റു ചില സമാജ പ്രശ്നങ്ങളുണ്ട് . അതിലൊന്നിലും ഹിന്ദു ഐക്യവേദിയെ കാണാറേയില്ല. കേരളത്തിലെ എത്ര ക്ഷേത്രങ്ങളിൽ പട്ടികജാതിക്കാരായ കലാകാരന്മാർക്ക് ചെണ്ട കൊട്ടാൻ അവകാശമുണ്ട് ? ടീച്ചർ ഇന്നേവരെ അതിൽ ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ടോ ?’ -സന്ദീപ് വാര്യർ ചോദിച്ചു.
നേരത്തെ, റാപ്പർ വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം വളർത്തുന്നുവെന്ന ആർ.എസ്.എസ് നേതാവ് ഡോ.എൻ ആർ. മധുവിന്റെ ആരോപണത്തെ പിന്തുണച്ച് ശശികല രംഗത്തെത്തിയിരുന്നു. വേടന്റെ പ്രമോട്ടർമാർ തീവ്ര ഇസ്ലാമിക സംഘടനകളും ഹിന്ദു വിരുദ്ധ ശക്തികളുമാണെന്നും ശശികല ആരോപിച്ചിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്തതിന് മധുവിനെതിരെ ഭാരതീയ ന്യായസംഹിത 192 വകുപ്പ് പ്രകാരം കേസെടുത്തത് പൗരന്റെ മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും ശശികല ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

