‘കാൻസർ രോഗി മരിച്ചുകിടക്കുമ്പോഴാണ് ശവമഞ്ച പ്രതിഷേധം സംഘടിപ്പിച്ചത്, പ്രതിഷേധങ്ങൾക്ക് ജനാധിപത്യ മാർഗങ്ങളുണ്ട്’ -വീണ ജോർജിന് പിന്തുണയുമായി വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: കോട്ടയത്ത് മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധപരിപാടികൾക്കെതിരെ വിദ്യാഭ്യാസമന്ത്രി വി. ശിവർകുട്ടി. വീണാ ജോർജിനെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘തൊട്ടടുത്ത് ഒരു കാൻസർ രോഗി മരിച്ചു കിടക്കുമ്പോൾ ആണ് യാതൊരു മനുഷ്യത്വവുമില്ലാതെ ശവമഞ്ചവുമേന്തി യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധങ്ങൾക്ക് ജനാധിപത്യ മാർഗങ്ങൾ ഉണ്ട്. അതും കടന്ന് മന്ത്രിയെ ശാരീരികമായി അപായപ്പെടുത്താൻ ആണ് ശ്രമമെങ്കിൽ പൊതുസമൂഹം അനുവദിക്കില്ല. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നത് ദൗർഭാഗ്യകരമായ സംഭവമാണ്’ -അദ്ദേഹം പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
ആരോഗ്യമന്ത്രി വീണാ ജോർജിനെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ല. കഴിഞ്ഞ ദിവസം പത്തനംതിട്ട കുമ്പഴയിലെ വീണാ ജോർജിന്റെ കുടുംബ വീട് ആക്രമിക്കാൻ ശ്രമം നടന്നു. തൊട്ടടുത്ത് ഒരു കാൻസർ രോഗി മരിച്ചു കിടക്കുമ്പോൾ ആണ് യാതൊരു മനുഷ്യത്വവുമില്ലാതെ ശവമഞ്ചവുമേന്തി യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധങ്ങൾക്ക് ജനാധിപത്യ മാർഗങ്ങൾ ഉണ്ട്. അതും കടന്ന് മന്ത്രിയെ ശാരീരികമായി അപായപ്പെടുത്താൻ ആണ് ശ്രമമെങ്കിൽ പൊതുസമൂഹം അനുവദിക്കില്ല. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നത് ദൗർഭാഗ്യകരമായ സംഭവമാണ്.
സംഭവത്തിൽ സർക്കാർ ബിന്ദുവിന്റെ കുടുംബത്തോട് ഒപ്പമാണ്. ആരോഗ്യ മന്ത്രി ബിന്ദുവിന്റെ വീട്ടിലെത്തി ഇക്കാര്യം അറിയിക്കുകയും ചെയ്തു. കുടുംബത്തിന് നിയമപരമായ എല്ലാ സഹായവും സർക്കാർ നൽകും.
അക്രമാസക്തരായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കോൺഗ്രസ്, യു ഡി എഫ് നേതൃത്വം ഇടപ്പെട്ട് നിലയ്ക്ക് നിർത്തണം. ക്രമസമാധാനത്തിൽ ഒന്നാം സ്ഥാനത്തുള്ള കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ഒരു നീക്കവും കേരള സമൂഹം അംഗീകരിക്കില്ല.
പ്രതിഷേധം ഭയന്ന് ആരോഗ്യമന്ത്രി എത്തിയത് സുഹൃത്തിന്റെ വാഹനത്തിൽ
തലയോലപ്പറമ്പ് (കോട്ടയം): പ്രതിപക്ഷസംഘടനകളുടെ പ്രതിഷേധം ഭയന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പൊലീസ് സുരക്ഷയില്ലാതെ സുഹൃത്തിന്റെ വാഹനത്തിൽ ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട്ടിലെത്തി. രാവിലെ ഏഴിനെത്തിയ ഇവർ 20 മിനിറ്റ് വീട്ടുകാർക്കൊപ്പം ചെലവഴിച്ചു. മന്ത്രി ശനിയാഴ്ച ഫോണിൽ വിളിച്ച് താൻ വീട്ടിൽ വരുമെന്ന് ബിന്ദുവിന്റെ ഭർത്താവ് വിശ്രുതനെ അറിയിച്ചിരുന്നെങ്കിലും ദിവസം പറഞ്ഞിരുന്നില്ല.
ഞായറാഴ്ച രാവിലെ പത്തനംതിട്ടയിൽനിന്ന് പൊലീസ് സുരക്ഷയില്ലാതെ ഔദ്യോഗിക വാഹനത്തിൽ തലയോലപ്പറമ്പിലെ സുഹൃത്തിന്റെ വീട്ടിലെത്തി. തുടർന്ന് തലയോലപ്പറമ്പ് സ്റ്റേഷനിലും കടുത്തുരുത്തി സ്റ്റേഷനിലും അറിയിച്ചെങ്കിലും പൊലീസ് വാഹനം വരുന്നതിനുമുമ്പ് സുഹൃത്തിന്റെ വാഹനത്തിൽ ബിന്ദുവിന്റെ വീട്ടിലേക്കു വരികയായിരുന്നു.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. അനിൽകുമാർ, ജില്ല സെക്രട്ടറി ടി.ആർ. രഘുനാഥൻ അടക്കം പാർട്ടി നേതാക്കളാണ് ഒപ്പമുണ്ടായിരുന്നത്. ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മി, ഭര്‍ത്താവ് വിശ്രുതന്‍, മക്കളായ നവനീത്, നവമി എന്നിവരെയും ബന്ധുക്കളെയും ആശ്വസിപ്പിച്ച മന്ത്രി, സർക്കാർ കൂടെയുണ്ടാകുമെന്ന് ഉറപ്പുനൽകി. മന്ത്രിസഭയോഗശേഷം മുഖ്യമന്ത്രി സഹായം പ്രഖ്യാപിക്കുമെന്നും അറിയിച്ചു. തലയോലപ്പറമ്പ് പൊലീസിന്റെ സുരക്ഷയിലായിരുന്നു മടക്കം. മന്ത്രി വന്നതിൽ സന്തോഷമുണ്ടെന്നും കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും കുടുംബത്തോടൊപ്പം നിന്നതായും വിശ്രുതൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യൂത്ത് ലീഗ് സമരം ശക്തമാക്കും -പി.കെ. ഫിറോസ്
കോഴിക്കോട്: ആരോഗ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സമരം ശക്തമാക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്. ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി സമരാഗ്നിയെന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിക്കും. തിങ്കളാഴ്ച മിന്നല്‍ സമരങ്ങളും നടത്തും. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ സമരത്തെ പ്രതിരോധിക്കുമെന്ന ഡി.വൈ.എഫ്.ഐ വെല്ലുവിളി മുഖവിലക്കെടുക്കില്ല. ഭയപ്പെട്ട് പിന്മാറുമെന്ന് കരുതേണ്ട. ജനങ്ങളുടെ പ്രതിഷേധമാണ് പ്രതിപക്ഷം ഏറ്റെടുക്കുന്നത്. കെട്ടിടം പൊളിഞ്ഞതിന് രാജിവെക്കണമെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ല. പക്ഷേ, രക്ഷാപ്രവര്‍ത്തനം രണ്ടേകാല്‍ മണിക്കൂര്‍ വൈകിയത് ഗുരുതര പിഴവാണ്. എന്നിട്ടും അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ് മന്ത്രി. കഴിവുകെട്ട മന്ത്രിയാണെന്ന് വീണാ ജോര്‍ജ് വീണ്ടും വീണ്ടും തെളിയിക്കുകയാണെന്നും പി.കെ. ഫിറോസ് പറഞ്ഞു.
ടൂറിസം വകുപ്പിന്റെ പ്രമോഷന് പരിപാടിക്ക് പാകിസ്താനുവേണ്ടി ചാരപ്പണി നടത്തിയതിന് അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര എത്തിയതിനെക്കുറിച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് മറുപടി പറയണം. മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഉത്തരവാദിത്തമില്ലാത്ത തരത്തിലാണ് മന്ത്രി പ്രതികരിച്ചതെന്നും ഫിറോസ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

