'സിനിമ പാളിയാൽ അടുത്ത വെള്ളിയാഴ്ച വേറെ പടം വരും, ജീവിതം പാളിയാൽ അവിടെ തീരും എല്ലാം'; അശ്വന്ത് കോക്കിനെ ട്രോളി കേരള പൊലീസ്
text_fieldsമദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രമുഖ വ്ലോഗർ അശ്വന്ത് കോക്കിനെ ട്രോളി കേരളാ പൊലീസ്. അശ്വന്ത് സിനിമ റിവ്യൂ ചെയ്യുന്ന സമയത്ത് പിന്തുടരുന്ന ശൈലിയിൽത്തന്നെ അദ്ദേഹത്തിന്റെ ഡ്രൈവിങ്ങിന് 'അര സ്റ്റാർ' റേറ്റിങ് നൽകിയാണ് പൊലീസ് ട്രോളിയത്. സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് പോലീസ് പോസ്റ്റ് പങ്കുവെച്ചത്. 'ഡ്രിങ്ക് & ഡ്രൈവ്: ഒരു അനാവശ്യ ത്രില്ലർ' എന്ന തലക്കെട്ടിൽ ഒരു സാങ്കൽപ്പിക സിനിമാ പോസ്റ്റർ രൂപകൽപന ചെയ്താണ് പൊലീസിന്റെ ഇത്തരത്തിലുള്ള ബോധവൽക്കരണം.
'മദ്യപിച്ച് വാഹനമോടിക്കുന്നത് ഒരു തമാശയോ സാഹസമോ അല്ല. സ്വന്തം ജീവൻ മാത്രമല്ല, റോഡിലെ മറ്റ് നിരപരാധികളായ യാത്രക്കാരുടെ സുരക്ഷ കൂടിയാണ് ഇതിലൂടെ അപകടത്തിലാകുന്നത്. ഒരു നിമിഷത്തെ തെറ്റായ തീരുമാനം പലരുടെയും ജീവിതം തകർത്തേക്കാം. അതിനാൽ മദ്യപിച്ചാൽ ദയവായി ഡ്രൈവ് ചെയ്യാതിരിക്കുക. സുരക്ഷിതമായി വീട്ടിലെത്താൻ മറ്റ് മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുക," എന്ന് പോസ്റ്റിലൂടെ പൊലീസ് പങ്കുവെച്ചു.
പൊലീസ് പങ്കുവെച്ച പോസ്റ്ററിലെ കുറിപ്പ് ഇങ്ങനെ:
കഥ: സ്ഥിരം അബദ്ധം, ഒട്ടും യുക്തിയില്ലാത്ത തിരക്കഥ
ക്ലൈമാക്സ്: ഒന്നുകിൽ ലോക്കപ്പ്, അല്ലെങ്കിൽ ഹോസ്പിറ്റൽ
പ്രൊഡക്ഷൻ കോസ്റ്റ്: പിഴ, ആശുപത്രി ചെലവ്
ഓഡിയൻസ് റെസ്പോൺസ്: വീട്ടുകാരുടെ കണ്ണീരും നാട്ടുകാരുടെ ശാപവും
ഫസ്റ്റ് ഹാഫ്: ഫുൾ സ്പീഡ്
സെക്കൻഡ് ഹാഫ്: ഫൈനും കേസും
പടം വൻ പരാജയം!
തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് അശ്വന്ത് കോക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് എരഞ്ഞിപ്പാലത്ത് വെച്ച് മദ്യപിച്ചുകൊണ്ട് വാഹനമോടിച്ച് അപകടം സൃഷ്ട്ടിച്ചതിനെത്തുടർന്ന് നാട്ടുകാർ അശ്വന്തിന്റെ വാഹനം തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ നടക്കാവ് പൊലീസ്, വാഹനത്തിൽ നിന്ന് ഇറക്കുമ്പോൾ ലക്കുകെട്ട അവസ്ഥയിലായിരുന്ന അശ്വന്തിനെ കസ്റ്റഡിയിലെടുത്തു. ശേഷം വൈദ്യപരിശോധനക്ക് വിധേയനാക്കി. അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ ഉടമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

