'അൽഗോരിതത്തെ തോൽപ്പിക്കാനാവില്ല മക്കളേ'; ഫേസ്ബുക്കിൽ കുത്തിട്ടതുകൊണ്ട് കാര്യമില്ലെന്ന് പൊലീസ്
text_fieldsഫേസ്ബുക്കിൽ പോസ്റ്റുകൾക്ക് റീച്ച് കൂടാനും കൂടുതൽ പോസ്റ്റുകൾ കാണാനും 'അൽഗോരിത'ത്തെ തോൽപ്പിക്കാനുമായി കുത്തിട്ട് പോകുന്നതിൽ കാര്യമില്ലെന്ന് പൊലീസ്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഫേസ്ബുകിലെ പുതിയ ട്രെൻഡിനെ കുറിച്ച് പൊലീസ് പറയുന്നത്. 2020ലും സമാനമായ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. അന്നും ഇക്കാര്യം വിശദമാക്കിയിരുന്നെന്ന് പൊലീസ് പറയുന്നു.
പൊലീസ് പറയുന്നത് ഇങ്ങനെ;
കുത്തും കോമയും... പിന്നെ ഫേസ്ബുക്ക് അൽഗോരിതവും. ആശങ്കകൾ അടിസ്ഥാനരഹിതം
"ഹായ് തരൂ, ലൈക് തരൂ, കോമായെങ്കിലും തരൂ... മിനിമം ഒരു കുത്തെങ്കിലും..!" പുതിയ ഫേസ്ബുക്ക് അൽഗോരിതം മൂലം ഒറ്റപ്പെടാൻ ചാൻസ് ഉണ്ടെന്ന ചിന്തയിൽ കോപ്പി പേസ്റ്റ് പോസ്റ്റിന്റെ പുറകിലാണ് പലരും. "കേശുമാമൻ സിൻഡ്രോം" എന്നൊക്കെ സോഷ്യൽ മീഡിയ ഓമനപ്പേരിൽ അറിയപ്പെടുന്ന, ഇടവിട്ട് പ്രത്യക്ഷപ്പെടുന്ന ഒരു സിൻഡ്രോം. ഒരാൾ പോസ്റ്റിടുകയേ വേണ്ടൂ... പിന്നെ കോപ്പി പേസ്റ്റ് ആണ്. ഉള്ള സുഹൃത്തുക്കൾ കൊഴിഞ്ഞു പോകാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും. ഫേസ്ബുക്ക് അൽഗോരിതം മാറ്റിയത്രേ.. ഇനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാൻ കഴിയൂ എന്നും.
പ്രധാനപ്പെട്ട പോസ്റ്റുകൾ അടങ്ങിയ ന്യൂസ് ഫീഡുകൾ മാത്രമാണ് അല്ലെങ്കിലും നമുക്ക് കാണാൻ കഴിയുക. എല്ലാ സുഹൃത്തുക്കളുടെയും എല്ലാ പോസ്റ്റുകളും കാണണം എന്ന് പറഞ്ഞാൽ ഫെസ്ബൂക് മുതലാളിയും ബുദ്ധിമുട്ടിലാകും. നമുക്ക് കേൾക്കാനും കാണാനും കൂടുതൽ താല്പര്യമുള്ളവരെ ഫിൽറ്റർ ചെയ്താണ് ഫെയ്സ്ബൂക് കാണിക്കുക. കൂടുതൽ സംവദിക്കാൻ ഇഷ്ടപ്പെടുന്നവരുടെ പോസ്റ്റുകൾ സ്വാഭാവികമായും ഫീഡുകളിൽ മുന്നിട്ട് നിൽക്കുന്നു.
ഒരാളുടെ ഇഷ്ട വിഷയങ്ങൾ അടങ്ങിയ പോസ്റ്റുകൾ, അല്ലെങ്കിൽ പോസ്റ്റ് ചെയ്യുന്നവയിൽ ജനപ്രീതി നേടിയവ ആദ്യം കാണുവാൻ സഹായിക്കുക എന്ന രീതിയിലാണ് സ്വാഭാവികമായും ഫെസ്ബൂക് അൽഗോരിതം സെറ്റ് ചെയ്തിരിക്കുന്നത്. അതിനാൽ കുത്ത്, കോമ ആവശ്യപ്പെട്ടുകൊണ്ടുള്ള നമ്മുടെ പോസ്റ്റിൽ നമുക്ക് മറുപടി തരുന്നവർ നമ്മുടെ അടുത്ത പോസ്റ്റ് കൃത്യമായി കാണും. എന്നാൽ പിന്നീടുള്ള പോസ്റ്റുകൾ ഒരു പക്ഷേ അവർ കാണണമെന്നില്ല.
2018 മുതൽ ഫേസ്ബുക്ക് അൽഗോരിതം ഏറെക്കുറെ ഇങ്ങനെ തന്നെയാണ്. ഒരാളുടെ ടൈംലൈനിലെ നൂറുകണക്കിന് സ്റ്റോറികളിൽ നിന്നും ഒരു നിശ്ചിത എണ്ണം മാത്രമേ മുൻഗണന പ്രകാരം ഈ അൽഗോരിതം തിരഞ്ഞെടുക്കയുള്ളൂ. ഹായ് ഇട്ടാലും ഇല്ലങ്കിലും അൽഗോരിതത്തിലെ ഇത്തരം മുൻഗണനാ ക്രമം ദിനംപ്രതി മാറിക്കൊണ്ടിരിക്കും. അതിനാൽ തന്നെ ഒരു ദിവസം ഹായ് ഇട്ടതുകൊണ്ടോ പ്രതികരിച്ചതുകൊണ്ടോ ആ വ്യക്തിയുടെ പോസ്റ്റുകൾ നമ്മൾ എന്നും കാണണമെന്നില്ല. കാര്യങ്ങൾ മനസ്സിലാക്കാതെയുള്ള വെറുപ്പിക്കൽ കോപ്പി പേസ്റ്റ് ആണ് കഴിഞ്ഞ ദിവസങ്ങളിൽ നാം കാണുന്നത്. ഇത്തരത്തിലുള്ള വ്യാജ സന്ദേശം 2020 ലും വ്യാപകമായി പ്രചരിച്ചിരുന്നു. അന്നും ഈ പേജിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്.
കോപ്പി പേസ്റ്റ് ചെയ്യുന്നവരുടെ ശ്രദ്ധക്ക്: ഇടവിട്ടിടവിട്ട് ഫെയ്സ്ബുക്കിൽ കറങ്ങിനടക്കുന്ന മെസ്സേജ് ആണിത്. ഒരിടവേളക്ക് ശേഷം അത് വീണ്ടും പ്രത്യക്ഷപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

