‘ശ്രീലേഖ നിയമം അറിയാത്ത നിയമപാലക! അടിസ്ഥാന നിയമം പോലും അറിയാത്തവരാണോ നാട് ഭരിക്കാൻ ഇറങ്ങിയിരിക്കുന്നത്?’ -സന്ദീപ് വാര്യർ
text_fieldsപാലക്കാട്: ബിജെപിയുടെ വിവരക്കേടിന്റെയും നിയമലംഘന ശ്രമത്തിന്റെയും ജീവനുള്ള സാക്ഷ്യമാണ് തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലത്ത് സ്ഥാനാർഥിയായ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ ആർ. ശ്രീലേഖയുടെ പേരിനൊപ്പം ഐ.പി.എസ് എന്ന് ചേർത്തതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ വിലക്കിയതോടെ ശ്രീലേഖയുടെ പേരിനൊപ്പം ഐ.പി.എസ് എന്നെഴുതിയത് കറുത്ത മഷി ഉപയോഗിച്ച് മായ്ച്ചുകളഞ്ഞിരുന്നു. ഐ.പി.എസ് മാഞ്ഞതോടെ ബാക്കിയായത് ബിജെപിയുടെ നാണക്കേടാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു.
സിവിൽ സർവിസിൽ നിന്ന് വിരമിച്ചയാൾ പേരിനൊപ്പം ഐ.എ.എസ്, ഐ.പി.എസ്, മറ്റു പദവികൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് നിയമം. അവരെ റിട്ട. ഐ.എ.എസ് എന്നോ റിട്ട. ഐ.പി.എസ് എന്നോ അഭിസംബോധന ചെയ്യാമെങ്കിലും അത്തരത്തിൽ എഴുതാൻ പാടില്ല. ശാസ്തമംഗലത്തെ ആം ആദ്മി പാർട്ടി സ്ഥാനാർഥി ടി.എസ്. രശ്മി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രീലേഖക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുത്തത്.
‘തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി ശ്രീലേഖയുടെ പോസ്റ്ററുകൾക്ക് സംഭവിച്ചത് വെറുമൊരു അക്ഷരത്തെറ്റല്ല, ബിജെപിയുടെ വിവരക്കേടിന്റെയും നിയമലംഘന ശ്രമത്തിന്റെയും ജീവനുള്ള സാക്ഷ്യമാണ്. സംഭവം ലളിതം, നാണക്കേട് വലുത്.
ഒരു മുൻ ഡിജിപി, അവരുടെ പ്രൊമോഷന് വേണ്ടി നിയമം ലംഘിച്ച് 'ഐ.പി.എസ്' എന്ന സർവിസ് പദവി പോസ്റ്ററിൽ അച്ചടിക്കുന്നു. രാജ്യത്തെ നിയമങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പ് ചട്ടങ്ങളെക്കുറിച്ചും യാതൊരു ധാരണയുമില്ലാത്ത ഒരു പാർട്ടിയാണ് അത് അംഗീകരിച്ച് അടിച്ചുകയറ്റുന്നത്. പരാതി വന്നപ്പോൾ എന്തുണ്ടായി? വരണാധികാരിയുടെ ഉത്തരവ് വന്നു. അഭിമാനത്തോടെ അച്ചടിച്ച ആ 'ഐ.പി.എസ്' എന്ന മൂന്നക്ഷരം കറുത്ത മഷി തേച്ച് മായ്ച്ചു കളയേണ്ടി വന്നു. നിയമം അറിയാത്ത നിയമപാലക.. പോലീസിൽ നിന്ന് വിരമിച്ച ഒരാൾക്ക് തിരഞ്ഞെടുപ്പിൽ പഴയ പദവി ഉപയോഗിക്കാൻ പാടില്ലെന്ന അടിസ്ഥാന നിയമം പോലും അറിയാത്തവരാണോ ഈ നാട് ഭരിക്കാൻ ഇറങ്ങിയിരിക്കുന്നത്?
ഇതൊരു അബദ്ധമല്ല, വോട്ട് പിടിക്കാനുള്ള വിലകുറഞ്ഞ തന്ത്രമായിരുന്നു. 'പോലീസ് പവർ', 'ഡി.ജി.പി.' എന്നൊക്കെയുള്ള 'പകിട്ട്' കണ്ട് വോട്ട് ചെയ്യാൻ വരുന്നവരെ അവർ ലക്ഷ്യം വെച്ചു. പക്ഷേ, നിയമം തടസ്സം നിന്നു. ഇപ്പോൾ പോസ്റ്ററുകൾ കാണുമ്പോൾ ഒരു ചോദ്യം മനസ്സിലുയരുന്നു: "ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ പോലും അറിയാത്തവരാണോ 'ദേശീയത'യെക്കുറിച്ച് സംസാരിക്കുന്നത്?"
കറുത്ത മഷി മായ്ച്ചുകളഞ്ഞ ആ 'ഐ.പി.എസ്' അക്ഷരങ്ങൾ, ബിജെപി കേരള ഘടകത്തിന്റെ വിവരമില്ലായ്മയുടെയും, നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയുടെയും, ജനങ്ങൾക്കിടയിലുണ്ടായ വലിയ നാണക്കേടിന്റെയും പ്രതീകമായി ഈ തിരഞ്ഞെടുപ്പിൽ നിലനിൽക്കും.
ഇനിയിപ്പോൾ, കറുത്ത മഷി തേച്ച ആ പോസ്റ്ററുകൾ കാണുമ്പോൾ ഒരു കാര്യം ഉറപ്പിക്കാം: ഇതാണ് ബിജെപി.. തെറ്റായ കാര്യങ്ങൾ ചെയ്യും, പിടിക്കപ്പെട്ടാൽ നാണംകെട്ട് മായ്ച്ചു കളയും. IPS മാഞ്ഞു, നാണക്കേട് ബാക്കിയായി..’ -സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

