‘ഇഹലോകത്തും പരലോകത്തും ഗുണമുള്ള സ്ഥാനാർഥിയാണ് ഫൈസൽ തങ്ങൾ’ -വോട്ടുതേടി കെ.ടി. ജലീൽ നടത്തിയ പ്രസംഗം വിവാദത്തിൽ
text_fieldsമലപ്പുറം: മലപ്പുറം വളാഞ്ചേരി നഗരസഭ തോണിക്കൽ ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർഥിക്കുവേണ്ടി കെ.ടി ജലീൽ എം.എൽ.എ നടത്തിയ വോട്ടഭ്യർഥന വിവാദമാകുന്നു. സ്ഥാനാർഥി ഫൈസൽ തങ്ങൾ ഈ ലോകത്തും പരലോകത്തും ഗുണമുള്ളയാളാണെന്നും അങ്ങനെയുള്ളൊരാളെ നിർത്തിയത് എല്ലാവരുടെയും പിന്തുണ പ്രതീക്ഷിച്ചാണെന്നുമാണ് കെ.ടി. ജലീൽ പറഞ്ഞത്.
വളാഞ്ചേരി മുനിസിപ്പാലിറ്റി തോണിക്കൽ ഡിവിഷനിലെ സ്ഥാനാർഥി ഫൈസൽ തങ്ങൾക്കുവേണ്ടിയാണ് കെ.ടി ജലീൽ വോട്ടു തേടിയത്. ‘നമ്മക്ക് ഇഹത്തിലും പരത്തിലും ഗുണമുള്ള ആളാണ് ഫൈസൽ തങ്ങൾ. ഈ ലോകത്തും പരലോകത്തും ഗുണമുള്ള ആളാണ്. അപ്പോൾ അങ്ങനെ ഉള്ള ഒരാളെ തന്നെ ഈ ഒന്നാം വാർഡിൽ ഞങ്ങൾ നിർത്തിയത് നിങ്ങളുടെ എല്ലാവരുടെയും നിസ്സീമമായ പിന്തുണ ഞങ്ങൾക്കുണ്ടാകും, ഫൈസൽ തങ്ങൾക്കുണ്ടാകും എന്ന പ്രതീക്ഷയിലാണ്. അതുപോലെ തന്നെ രണ്ടാംവാർഡിൽ മത്സരിക്കുന്നത് ഹാജറാ ബീരാൻകുട്ടിയാണ്’ -എന്നായിരുന്നു കെ.ടി. ജലീലിന്റെ പ്രസംഗം.
അതേസമയം, പ്രസംഗം വിവാദമായതോടെ താൻ കളിയാക്കി പറഞ്ഞതാണ് എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് ജലീലിന്റെ ശ്രമം. താനത് പറഞ്ഞപ്പോൾ സ്ഥാനാർത്ഥി ഫൈസൽ തങ്ങളും അദ്ധ്യക്ഷയും ഉൾപ്പടെ സദസ്യരുടെയെല്ലാം മുഖത്ത് പുഞ്ചിരി വിടർത്തിയിരുന്നുവെന്നും ജലീൽ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. ‘എന്റെ മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിൽ മൽസരിക്കുന്ന ഫൈസൽ തങ്ങളെ പരിചയപ്പെടുത്തിയപ്പോൾ ലീഗുകാർ സാധാരണ അവരുടെ നേതാക്കളെ കുറിച്ച് പറയുന്നതിനെ കളിയാക്കി പറഞ്ഞ വാക്കുകൾ പൊക്കിപ്പിടിച്ച് വരുന്നവരോട് സഹതപിക്കാനല്ലേ കഴിയൂ. ആ സദസ്സിൽ ഹൈന്ദവ സുഹൃത്തുക്കളടക്കം പങ്കെടുത്തിരുന്നു. ഫൈസൽ തങ്ങളെ ഞാൻ തമാശയാക്കുകയാണെന്ന് സദസ്യരെല്ലാം മനസ്സിലാക്കിയതു കൊണ്ടാണ് സ്ഥാനാർത്ഥി ഫൈസൽ തങ്ങളും അദ്ധ്യക്ഷയും ഉൾപ്പടെ സദസ്യരെല്ലാം ഞാനത് പറഞ്ഞപ്പോൾ മുഖത്ത് പുഞ്ചിരി വിടർത്തിയത്’ -ജലീൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

