ഒരച്ഛന്റെ മനസ് പൊളിക്കുന്നതാണ് ആ കുഞ്ഞിന്റെ അടക്കിപ്പിടിച്ച വിതുമ്പൽ; എല്ലാവരുമുണ്ടായിട്ടും ആരുമില്ലാതായിപ്പോയ നൂറനാട്ടെ ഒമ്പത് വയസുകാരിയെ ചേർത്തു പിടിച്ച് കെ.സി. വേണുഗോപാൽ
text_fieldsപ്രതീകാത്മക ചിത്രം
ആലപ്പുഴ നൂറനാട്ടിൽ രണ്ടാനമ്മയുടെ ക്രൂരമർദനമേറ്റ നാലാംക്ലാസുകാരിയെ ചേർത്തുപിടിച്ച് കെ.സി. വേണുഗോപാൽ എം.പി. ഒരച്ഛന്റെ മനസ് പൊളിക്കുന്നതാണ് ആലപ്പുഴ നൂറനാട്ട് നിന്ന് കേൾക്കുന്ന കുഞ്ഞിന്റെ അടക്കിപ്പിടിച്ച വിതുമ്പലെന്നാണ് ഈ വാർത്തയറിഞ്ഞ കെ.സി. വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചത്. ചോര കല്ലിച്ച് വീങ്ങിയ കവിളിൽക്കൂടി ഉപ്പുരസമുള്ള കണ്ണീർ എത്ര ഒഴുകിയിട്ടുണ്ടാവും. അതെന്തുതന്നെയായാലും ഒരൊമ്പത് വയസ്സുകാരിയുടെ ഹൃദയം നൊന്തതിനേക്കാൾ നീറ്റൽ അതിനുണ്ടാക്കാൻ കഴിയില്ല. എന്റെ വാപ്പീ എന്ന അവളുടെ വിളിയിൽ ആ വേദനയുണ്ട്. നൊന്തുപെറ്റതല്ലെങ്കിലും ഉമ്മിയെന്ന് വിളിച്ചുശീലിച്ച സ്ത്രീയെയും ജന്മം നൽകിയ വാപ്പിയെയും വരെ അവൾ തള്ളിപ്പറഞ്ഞെങ്കിൽ, അത് ഉള്ളുപൊട്ടിയിട്ടാണ്, കുഞ്ഞുഹൃദയം തേങ്ങിയിട്ടാണെന്നും കെ.സി. വേണുഗോപാൽ എഴുതുന്നു.
പ്രയാസം അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി, ആ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണം. പ്രയാസമനുഭവിക്കുന്ന കുട്ടികളെ കണ്ടെത്താൻ ആശാ പഞ്ചായത്ത് തല ജാഗ്രതാ സമിതികൾ രൂപീകരിക്കാനും കഴിയും. പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തേണ്ട ചുമതല കൂടി സർക്കാർ സംവിധാനത്തിനാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ഏത് ഇടപെടലുകൾക്കും ഒപ്പമുണ്ടാവുമെന്നും എം.പി ഉറപ്പുനൽകി.
സംഭവത്തിൽ മാതാപിതാക്കള്‍ക്കെതിരെ നൂറനാട് പൊലീസ് കേസെടുത്തിരുന്നു. മര്‍ദ്ദനം, അസഭ്യപ്രയോഗം, കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടിയുടെ പിതാവും രണ്ടാനമ്മയും ചേര്‍ന്ന് മുഖത്തും കാലിലും മർദിച്ച പാടുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. പിതാവും രണ്ടാനമ്മയും ഉപദ്രവിക്കാറുണ്ടെന്ന് പറയുന്ന കുട്ടിയുടെ കുറിപ്പ് പുറത്തു വന്നിരുന്നു. സ്കൂളിലെത്തിയ കുട്ടിയുടെ മുഖത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ട് ക്ലാസ് ടീച്ചര്‍ ചോദിച്ചപ്പോഴാണ് രണ്ടാനമ്മ മര്‍ദിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്. ഉടന്‍ തന്നെ സ്കൂള്‍ ഹെഡ്മാസ്റ്ററെ അറിയിച്ചതിനെ തുടര്‍ന്ന് ബാലാവകാശ കമീഷന് വന്ന് കുട്ടിയുടെ മൊഴിയെടുക്കുകയും ചെയ്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
"എനിക്ക് അമ്മയില്ല കേട്ടോ. എനിക്ക് രണ്ടാനമ്മയാണ് കേട്ടോ. എന്റെ വാപ്പിയും ഉമ്മിയും എന്നോട് ക്രൂരതയാണ് കാണിക്കുന്നത്.
എനിക്ക് സുഖമില്ല സാറേ.
വിഷം തന്ന് കൊല്ലുമെന്നാണ് വാപ്പി പറയുന്നത്. എന്റെ വാപ്പീ.. കഷ്ടമുണ്ട്."
ചോര കല്ലിച്ച് വീങ്ങിയ കവിളിൽക്കൂടി ഉപ്പുരസമുള്ള കണ്ണീർ എത്ര ഒഴുകിയിട്ടുണ്ടാവും. അതെന്തുതന്നെയായാലും ഒരൊമ്പത് വയസ്സുകാരിയുടെ ഹൃദയം നൊന്തതിനേക്കാൾ നീറ്റൽ അതിനുണ്ടാക്കാൻ കഴിയില്ല. എന്റെ വാപ്പീ എന്ന അവളുടെ വിളിയിൽ ആ വേദനയുണ്ട്. നൊന്തുപെറ്റതല്ലെങ്കിലും ഉമ്മിയെന്ന് വിളിച്ചുശീലിച്ച സ്ത്രീയെയും ജന്മം നൽകിയ വാപ്പിയെയും വരെ അവൾ തള്ളിപ്പറഞ്ഞെങ്കിൽ, അത് ഉള്ളുപൊട്ടിയിട്ടാണ്, കുഞ്ഞുഹൃദയം തേങ്ങിയിട്ടാണ്.
ഒരച്ഛന്റെ മനസ്സ് പൊളിക്കുന്നതാണ് ആലപ്പുഴ നൂറനാട്ട് നിന്ന് കേൾക്കുന്ന കുഞ്ഞിന്റെ അടക്കിപ്പിടിച്ച വിതുമ്പൽ. എല്ലാവരുമുണ്ടായിട്ടും ആരുമില്ലാതായിപ്പോയ ഒരൊമ്പത് വയസ്സുകാരി തന്റെ നോട്ടുബുക്കിന്റെ പേജിൽ അറിയാവുന്ന കടുത്ത ഭാഷയിൽ എഴുതിയതാണ് ആദ്യം വായിച്ചത്. 'എന്റെ അനുഭവം' എന്ന തലക്കെട്ടിലുള്ള വാക്കുകൾ ഒരിക്കൽക്കൂടി വായിച്ചുനോക്കൂ. ഒരുപാട് കുട്ടികളുടെ, ഒരുപാട് കാലത്തെ വിങ്ങലിന്റെ പ്രതിധ്വനിയാകും ഒരുപക്ഷേ, ആ വരികൾ.
ഒരുവർഷമായി തുടരുന്ന ക്രൂരതയുടെ ചുരുക്കെഴുത്ത് മാത്രമേ അവൾക്കെഴുതാൻ കഴിഞ്ഞിട്ടുള്ളൂ. ജനിച്ച് ഏഴാം ദിവസം ഉമ്മിയെ നഷ്ടപ്പെട്ടെങ്കിലും കുറച്ചുവർഷങ്ങൾക്കിപ്പുറം ഉമ്മിയുടെ സ്ഥാനത്ത് മറ്റൊരാൾ വന്നപ്പോൾ അവൾ സന്തോഷിച്ചിട്ടുണ്ടാകണം. പക്ഷേ, ഉറക്കത്തിൽ മുടിയിൽ കുത്തിപ്പിടിച്ചെഴുന്നേൽപ്പിച്ച്, ഉമ്മിയും സ്വന്തം വാപ്പിയും ചേർന്ന് ഇരുകരണത്തും മാറി മാറി അടിച്ച് വേദനിപ്പിക്കുമെന്ന് അവൾ കരുതിയിട്ടുണ്ടാവില്ല, സ്വപ്നത്തിൽ പോലും. കാലുകളുടെ ഇരുമുട്ടുകളിലും കാണാം, അടിച്ചുചതച്ച പാടുകൾ. വാപ്പി തന്നെ കൊല്ലുമെന്ന് പറയണമെങ്കിൽ അവൾ അത്രത്തോളം ഭയക്കുന്നുണ്ടാവും, ഇനിയും അവർക്കൊപ്പം, ആ വീട്ടിൽ നിൽക്കാൻ.
സമൂഹത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്നത് നിരന്തരം ആവർത്തിച്ചുചോദിക്കാൻ തന്നെ ലജ്ജ തോന്നുകയാണ്. ക്രിയാത്മകമായ ഇടപെടലുകൾ നടത്തി ഒരിക്കൽപ്പോലും ഒരു കുഞ്ഞും ഇങ്ങനെയൊന്നും അനുഭവിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അധികൃതർ തന്നെയാണ്. വിദ്യാഭ്യാസ വകുപ്പും ശിശുക്ഷേമ സമിതിയും ഇക്കാര്യത്തിൽ നേതൃത്വം നൽകണം. കുട്ടികൾക്ക് കൃത്യമായ ഇടവേളകളിൽ കൗൺസിലിംഗ് നൽകണം. കൂടാതെ അധ്യാപകരുടെയും സ്കൂളുകളിലെ കൗൺസിലർമാരുടെയും കുട്ടികളുമായുള്ള ആശയവിനിമയത്തിൽ വർധനവുണ്ടാകണം. പ്രവർത്തകരെ ഉപയോഗിക്കാൻ കഴിയുന്ന സാധ്യത കൂടി പരിശോധിക്കണം. പ്രയാസം അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി, ആ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണം. പ്രയാസമനുഭവിക്കുന്ന കുട്ടികളെ കണ്ടെത്താൻ ആശാ പഞ്ചായത്ത് തല ജാഗ്രതാ സമിതികൾ രൂപീകരിക്കാനും കഴിയും. പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തേണ്ട ചുമതല കൂടി സർക്കാർ സംവിധാനത്തിനാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ഏത് ഇടപെടലുകൾക്കും ഒപ്പമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

