‘അർജന്റീന... അർജന്റീന... ,മെസി... മെസി...’; ഇൻസ്റ്റയിൽ തരംഗമായി മനോജിന്റെ അർജന്റീന ഗാനം
text_fieldsകാസർകോട്: ‘അർജന്റീന... അർജന്റീന... വേൾഡ് കപ്പ്... വേൾഡ് കപ്പ്... മെസി... മെസി... മെസി...’ സോഷ്യൽ മീഡിയയുടെ ഫുട്ബോൾ ആവേശം ഇപ്പോൾ കാസർകോട് കല്ലക്കട്ട പാമ്പച്ചികടവിലെ ബി. മനോജിന്റെ ഈ വരികളിലാണ്. ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തിരയിൽ മനോജ് പാടിയ വരികൾക്കൊപ്പം ലോകമെങ്ങുമുള്ള ആരാധകർ ചുവടുവയ്ക്കുകയാണ്. വെറുമൊരു പാട്ടല്ല, മറിച്ച് ഡിജിറ്റൽ ലോകത്തെ ആവേശമായി മാറിയിരിക്കുകയാണ് ഈ യുവാവിന്റെ സൃഷ്ടി.
ബോളിവുഡ് ചിത്രം ‘ഗംഗാ കീ കസം’ എന്ന സിനിമയിലെ ഹിറ്റ് ഗാനത്തിന് മനോജ് സ്വന്തം ശൈലിയിൽ നൽകിയ വരികൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കകം തന്നെ ഈ പാട്ട് വൈറലായി. 67 ലക്ഷത്തിലധികം വ്യൂസും 40 ലക്ഷത്തിലധികം ലൈക്കുകളും 11 ലക്ഷത്തിലേറെ ഷെയറുകളുമാണ് ഇതിനകം ലഭിച്ചിരിക്കുന്നത്.
ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്ന ‘സീ 5’-ന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മനോജിന്റെ പാട്ട് പശ്ചാത്തലമാക്കി അർജന്റീന ടീമിന്റെ റീൽസ് പങ്കുവെച്ചത് മനോജിന്റെ കഴിവിനുള്ള അംഗീകാരമായി. നടി പാർവതി തിരുവോത്ത് അർജന്റീന ജഴ്സിയിലും, പ്രമുഖ സെലിബ്രിറ്റി ഫിറ്റ്നസ് കോച്ച് റാഹിബ് മുഹമ്മദ് ബ്രസീൽ ജഴ്സിയിലും മനോജിന്റെ പാട്ടിനൊപ്പം ചുവടുവെച്ചതോടെയാണ് ഗാനം സെലിബ്രിറ്റി തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.
ബ്രസീൽ, പോർച്ചുഗൽ, ജർമനി, ഫ്രാൻസ്, ക്രൊയേഷ്യ തുടങ്ങിയ കരുത്തരായ ടീമുകളെക്കുറിച്ചും ഇതിനകം മനോജ് പാട്ടുകൾ ഒരുക്കിക്കഴിഞ്ഞു. ലോകകപ്പിൽ മത്സരിക്കുന്ന ബാക്കി ടീമുകളെക്കൂടി ഉൾപ്പെടുത്തി വരുംദിവസങ്ങളിൽ പുതിയ റീൽസുകൾ പുറത്തിറങ്ങും. ഈ ടീമുകളെല്ലാം ചേർത്ത് ഒരു ‘മെഗാ മിക്സ്’ വീഡിയോ കൂടി ഒരുക്കാനുള്ള ആലോചനയിലാണ് ഈ മുപ്പത്തിയേഴുകാരൻ.
ജോലിക്കിടയിലുള്ള ചെറിയ ഇടവേളകളിലാണ് മനോജ് തന്റെ റീൽസുകൾ ചിത്രീകരിക്കുന്നത്. പാട്ടുകൾ മിക്കതും അപ്പപ്പോൾ ചിട്ടപ്പെടുത്തുന്നതാണ്. ചില വരികൾ നേരത്തേ എഴുതി തയ്യാറാക്കാറുണ്ടെങ്കിലും, സംഗീതത്തിനനുസരിച്ചുള്ള വരികൾ തത്സമയം വിരിഞ്ഞു വരികയാണ് പതിവ്. വ്യത്യസ്തമായ പാട്ടുകളുടെ കരോക്കെ ട്രാക്കുകൾ ഉപയോഗിച്ചാണ് മനോജ് പാടി ഷൂട്ട് ചെയ്യുന്നത്.
കോവിഡ് കാലത്താണ് മനോജ് റീൽസുകളിലേക്കും ഷോർട്സ് വീഡിയോകളിലേക്കും തിരിയുന്നത്. തുടക്കത്തിൽ ചെറിയ പരീക്ഷണങ്ങളായിരുന്നെങ്കിലും, ഇന്ന് ലക്ഷക്കണക്കിന് ആളുകൾ കാത്തിരിക്കുന്ന ഒരു കൗതുകമായി മനോജിന്റെ വീഡിയോകൾ മാറിയിരിക്കുന്നു. പാമ്പച്ചികടവിലെ പരേതരായ കൃഷ്ണന്റെയും നളിനിയുടെയും മൂന്നുമക്കളിൽ ഇളയവനാണ് മനോജ്. കാസർകോടിന്റെ മണ്ണിൽ നിന്ന് ഉയർന്നു കേൾക്കുന്ന ഈ ഫുട്ബോൾ ഗീതം, ഭാഷയുടെ അതിരുകൾ ഭേദിച്ച് ഫുട്ബോൾ പ്രേമികൾക്കിടയിൽ ഒരൊറ്റ വികാരമായി മാറിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

