‘ബ്രണ്ണൻ കോളജിലെ ഊരിപ്പിടിച്ച കത്തിയും തോക്കുമെല്ലാം ചുമ്മാ തള്ളായിരുന്നു... മെസ്സിയും റൊണാൾഡോയും നെയ്മറുമെല്ലാം വി.ഡിയിൽ പരകായ പ്രവേശം ചെയ്ത പകൽ’ -ഡോ. ജിന്റോ ജോൺ
text_fieldsകൊച്ചി: പ്രതിപക്ഷ ഗോൾവലയിൽ ഇടമുറിയാതെ പന്തടിച്ചു കയറ്റുന്ന മെസ്സിയും റൊണാൾഡോയും നെയ്മറുമെല്ലാം വി.ഡി. സതീശൻ എന്ന ഒറ്റയൊരാളിൽ പരകായ പ്രവേശം ചെയ്ത പകലായിരുന്നു ഇന്നലെ നിയമസഭയിലെന്ന് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. പിണറായിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം തോക്കിൽ ഉണ്ട നിറക്കുന്നു, ബിജിഎം ഇട്ട് വരുന്നു, കാഞ്ചി വലിക്കുന്നു... സ്വന്തം കാലിൽ നിരന്തരം വെടിവയ്ക്കുന്നു. ബ്രണ്ണൻ കോളജിന്റെ വരാന്തയിലെ ഊരിപ്പിടിച്ച കത്തിയും തോക്കും പീരങ്കിയുമെല്ലാം ചുമ്മാ തള്ളുകൾ ആയിരുന്നുവെന്ന് ഓർമ്മിപ്പിച്ച മറ്റൊരു ഏകപക്ഷീയ പകലായിരുന്നു നിയമസഭയിലെന്നും ജിന്റോ പരിഹസിച്ചു.
‘ചുട്ട കോഴിയെ പറപ്പിക്കുന്നവരെ കുറിച്ചുള്ള കഥകൾ കേട്ടിട്ടുണ്ട്. പക്ഷേ നനഞ്ഞ കോഴിയെ പറപ്പിക്കുന്ന കാഴ്ചയായിരുന്നു ഇന്ന് വി.ഡിയുടെ വിസ്മയം. പ്രതിപക്ഷത്തിന്റെ എല്ലാ ബോളുകളും സിക്സർ അടിക്കുന്ന യുവരാജ് സിംഗ്... പ്രതിപക്ഷ ഗോൾവലയിൽ ഇടമുറിയാതെ പന്തടിച്ചു കയറ്റുന്ന മെസ്സിയും റൊണാൾഡോയും നെയ്മറുമെല്ലാം ഒറ്റൊരാളിൽ പരകായ പ്രവേശം ചെയ്ത പകൽ.
പിണറായിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം തോക്കിൽ ഉണ്ട നിറക്കുന്നു, ബിജിഎം ഇട്ട് വരുന്നു, കാഞ്ചി വലിക്കുന്നു... സ്വന്തം കാലിൽ നിരന്തരം വെടിവയ്ക്കുന്നു. ബ്രണ്ണൻ കോളേജിന്റെ വരാന്തയിലെ ഊരിപ്പിടിച്ച കത്തിയും തോക്കും പീരങ്കിയുമെല്ലാം ചുമ്മാ തള്ളുകൾ ആയിരുന്നുവെന്ന് ഓർമ്മിപ്പിച്ച മറ്റൊരു ഏകപക്ഷീയ പകൽ.
നിയമസഭ ചർച്ചകളിൽ ഇനിയങ്ങോട്ട് അഞ്ചുവർഷവും തോൽവി തന്നെയാകും കാരണഭൂതൻ ടീമിന്റെ ഗതിയെന്ന് പ്രവചിക്കുന്ന രീതിയിൽ യുഡിഎഫിലെ ഓരോ അംഗങ്ങളും വാക്ശരങ്ങളായി ഇടിച്ചുകുത്തി പെയ്ത സഭാദിനങ്ങൾ... ഭരണത്തിനും ജനങ്ങൾക്കുമിടയിൽ നേർത്തൊരു മറയായി പോലും പ്രതിപക്ഷമില്ലാത്ത ടീം യുഡിഎഫ്..’ -ജിന്റോ ഫേസ്ബുക്കിൽ കുറിച്ചു.
ഇന്നലെ നടന്ന ബജറ്റ് ചർച്ചയിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിനെ കുറിച്ചുള്ള പ്രതിപക്ഷ ആരോപണങ്ങളെ മുഖ്യമന്ത്രിയും ഭരണപക്ഷവും ഖണ്ഡിച്ചിരുന്നു. നികുതി നിശ്ചയിച്ചെങ്കിലും യു.ഡി.എഫിന്റെ മദ്യനയത്തിൽ അനുവദിച്ചാൽ മാത്രമേ കേരളത്തിൽ വീര്യം കുറഞ്ഞ മദ്യം വിൽക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യനയം എന്നത് മുന്നണിയുടെ രാഷ്ട്രീയ തീരുമാനമാണ്. യു.ഡി.എഫ് ഇതുവരെ മദ്യനയം നിശ്ചയിച്ചിട്ടില്ല. ഇനി മുന്നണിയുടെ മദ്യനയത്തിൽ, വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ തീരുമാനിച്ചാൽ ഇപ്പോൾ ബജറ്റിൽ നിശ്ചയിച്ചതാകും നികുതി. ഇല്ലെങ്കിൽ ഈ കാറ്റഗറി വിൽക്കില്ല. എല്ലാവരുമായും ചർച്ച ചെയ്താണ് മദ്യനയത്തിന്റെ കരട് തയാറാക്കുകയെന്നും നിയമസഭയിൽ ബജറ്റ് ചർച്ചക്ക് മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
ആൽക്കഹോളിന്റെ അളവ് 0.5 ശതമാനം മുതൽ 10 ശതമാനം വരെയുള്ള മദ്യത്തിന് 120 ശതമാനമായും 10 ശതമാനം മുതൽ 20 ശതമാനം വരെയുള്ളവക്ക് 175 ശതമാനമായുമാണ് ബജറ്റിൽ നികുതി നിശ്ചയിച്ചത്. ഇത് വിവാദമാവുകയും പ്രതിപക്ഷം ആയുധമാക്കുകയും ഭരണ മുന്നണിയിൽതന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുകയും ചെയ്തതോടെയാണ് നിയമസഭയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
ഈ കാറ്റഗറി കഴിഞ്ഞ സർക്കാർ മദ്യനയത്തിൽ ഉൾപ്പെടുത്തിയെങ്കിലും നികുതി നിശ്ചയിച്ചിരുന്നില്ല. ഇക്കുറി നികുതി നിർദേശം ബജറ്റിൽ ഇടംപിടിച്ചതോടെ ഇവ വിപണിയിലെത്തുമെന്ന ആശങ്കകളാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. ഇക്കാര്യത്തിൽ ഒരേസമയം വ്യക്തത വരുത്തുകയും, മറുഭാഗത്ത് പിണറായി സർക്കാറിന്റെ കാലത്ത് മദ്യനയത്തിലെ നീക്കുപോക്കുകളും വെള്ളം ചേർക്കലുകളും നികുതി കുറക്കലുമടക്കം അക്കമിട്ട് നിയമസഭയിൽ തുറന്നുകാട്ടുകയുമായിരുന്നു വി.ഡി. സതീശൻ. ഒരു മുൻ മുഖ്യമന്ത്രിയുടെ കാലത്ത് ഫയലുകൾ ചുമന്നും അടിച്ചുമാറ്റിയും എ.കെ.ജി സെന്ററിലേക്ക് കൊണ്ടുപോയതുപോലെ ഭരണപരമായ കാര്യങ്ങൾക്കുള്ള ഒരു ഫയലും തങ്ങൾ കെ.പി.സി.സി ഓഫിസിലേക്ക് കൊണ്ടുപോകില്ലെന്ന് സതീശൻ പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ കേരളം നിർദേശിച്ചതാണ് ഏറ്റവും കുറഞ്ഞ നികുതി. ‘വീര്യം കുറഞ്ഞ മദ്യം’ എന്ന കാറ്റഗറി നിശ്ചയിച്ചത് ഇടതുസർക്കാറാണ്. സർക്കാർ എന്നത് തുടർച്ചയാണ്. തങ്ങളുടെ മുന്നിൽ വന്ന വിഷയമെന്ന നിലയിലാണ് നിരക്ക് നിശ്ചയിച്ചത്. പാർട്ടിയുമായി ആലോചിച്ചില്ല, എക്സൈസ് മന്ത്രിയുമായി ചർച്ച ചെയ്തില്ല എന്നതാണ് മറ്റൊരു ആക്ഷേപം. ബജറ്റ് തയാറാക്കുമ്പോൾ ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് നിർദേശങ്ങൾ സ്വീകരിക്കുമെന്നല്ലാതെ ഒരു വകുപ്പുമായി നികുതി സംബന്ധിച്ച് സംസാരിക്കില്ല; അതാണ് കീഴ്വഴക്കം. എം. ലിജു നിയമസഭയിൽ മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നാണ് വാർത്തകൾ വന്നത്. താൻ ലിജുവിനോട് ചോദിച്ചപ്പോൾ, ‘മറ്റു വിഷയങ്ങളിൽ രണ്ടുമൂന്ന് കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നു. ഈ വാർത്ത വന്നതുകൊണ്ട് അങ്ങോട്ട് വരാനാകുന്നില്ല’ എന്നാണ് ലിജു പറഞ്ഞത്. ഇതാണ് സാഹചര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

