ഫലസ്തീനികളുടേത് പ്രത്യാക്രമണം; അതെങ്ങനെ വേണമെന്ന് മക്കൾ നഷ്ടപ്പെടാത്ത, ഭൂമി നഷ്ടപ്പെടാത്തവരല്ല പറയേണ്ടത് -സജി മാർക്കോസ്
text_fields1. വടക്കൻ ഗസ്സയിലെ ജബാലിയയിൽ സ്കൂളിനു നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞനുജന്റെ ചേതനയറ്റ ശരീരം കൈകളിലേന്തിയ ഫലസ്തീനി ബാലൻ, 2. ഇസ്രായേൽ ബോംബാക്രമണത്തിൽ പരിക്കേറ്റ ഫലസ്തീൻ ബാലൻ (ഫയൽ ചിത്രം)
ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ നടത്തുന്നതാണ് ആക്രമണമെന്നും ഫലസ്തീനികൾ നടത്തുന്നത് പ്രത്യാക്രമണമാണെന്നും എഴുത്തുകാരനും സഞ്ചാരിയുമായ സജി മാർക്കോസ്. പ്രത്യാക്രമണമാണം എങ്ങിനെ ഒക്കെ ആകാം എന്ന് മക്കൾ നഷ്ടപ്പെടാത്ത, ഭൂമി നഷ്ടപ്പെടാത്ത, അഭയാർഥി ക്യാമ്പിൽ താമസിക്കാത്ത, എ.സി റൂമിൽ ഇരുന്നു അഭിപ്രായം പറയുന്ന ആരും അല്ല പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സജിമാർക്കോസിന്റെ വാക്കുകളിൽനിന്ന്:
‘മനുഷ്യത്വത്തിന്റെ പേരിലും അതിനു വേണ്ടിയും നടത്തുന്ന യുദ്ധം എപ്പോൾ എങ്കിലും നീതീകരിക്കപ്പെടും എങ്കിൽ ഒരു വംശത്തെ ഒട്ടാകെ പൈശാചികിമായി ദ്രോഹിക്കുന്നതിനെ തടയാൻ ജർമനിക്ക് എതിരെ യുദ്ധം ചെയ്യുന്നത് നീതീകരിക്കപ്പെടും’ എന്ന് ഗാന്ധിജി
‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ (പുറം 73) പറഞ്ഞിട്ടുണ്ട്. നാസികൾ നടത്തിയ ഹോളോകോസ്റ്റിനെതിരെ അഹിംസയുടെ അപ്പോസ്തോലോൻ പറഞ്ഞ വാക്കുകൾ ആണ്. ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഗസ്സ ഹോളോകോസ്റ്റിനെതിരെയും അദ്ദേഹം ഇത് തന്നെ പറയില്ലേ?.
ഇത് തന്നെയാണ് അരുന്ധതി റോയിയും പറഞ്ഞത്: ‘പ്രത്യാക്രമണം എങ്ങിനെ നടത്തണം എന്ന് പറയാൻ ഞാൻ ആളല്ല - ആദ്യം നിർത്തേണ്ടത് ആക്രമണം ആണ്’. ഇസ്രായേൽ നടത്തുന്നത് ആണ് ആക്രമണം, ഫലസ്തീനികൾ നടത്തുന്നത് പ്രത്യാക്രമണം ആണ്. അത് എങ്ങിനെ ഒക്കെ ആകാം എന്ന് മക്കൾ നഷ്ടപ്പെടാത്ത, ഭൂമി നഷ്ടപ്പെടാത്ത, അഭയാർഥി ക്യാമ്പിൽ താമസിക്കാത്ത, എ.സി റൂമിൽ ഇരുന്നു അഭിപ്രായം പറയുന്ന ആരും അല്ല പറയേണ്ടത്.
അവിടെ നടക്കുന്നത് decolonisation ആണ്, Decolonization is always nasty. അത് ഇന്ത്യ ചെയ്തപ്പോഴും സൗത്ത് ആഫ്രിക്ക ചെയ്തപ്പോഴും അങ്ങിനെ തന്നെ ആയിരുന്നു. അതിനു 2,000 കൊല്ലത്തെ പഴക്കം ഒന്നുമില്ല- ഫലസ്തീനിലേക്ക് നടത്തിയ സംഘടിത കുടിയേറ്റം തുടങ്ങിയ 1881 മുതലുള്ള ചരിത്രം അറിഞ്ഞാൽ മതി. ഒരു ആധുനിക ദേശ രാഷ്ട്രം ഉണ്ടാക്കേണ്ടത് മിത്തുകളുടെയും വേദ ഗ്രന്ഥങ്ങളുടെയും അടിസ്ഥാനത്തിൽ അല്ല എന്ന് പറഞ്ഞ ഗാന്ധിയോളം വലിയ പ്രവാചകൻ ആരുണ്ട്?
ഒരു കാര്യം കൂടി. ബ്രിട്ടൻ അവരുടെ അധീനതയിൽ കഴിഞ്ഞ കോളനികളെ അവരുടെ ഇഷ്ടം പോലെ വിഭജിച്ചിട്ടുണ്ട് എന്നൊരു വാദം സോഷ്യൽ മീഡിയയിൽ വായിച്ചു. ‘അവർ ഇന്ത്യയെ രണ്ടായി വിഭജിച്ചില്ലേ? അതുപോലെ പലസ്തീനെയും രണ്ടായി വിഭജിച്ചു’ എന്ന്.
ലോർഡ്മൗണ്ട് ബാറ്റൻ ഇന്ത്യ വിഭജനം നടത്താൻ നടത്തിയ ശ്രമങ്ങൾ അറിയാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു വാദം.
മുഹമ്മദ് അലി ജിന്നയും നെഹ്റുവും പട്ടേലും മൗണ്ട് ബാറ്റനും ചേർന്ന് 1947 ജൂൺ മൂന്നാം തീയതി ഏഴുമണിക്ക് അഖിലേന്ത്യാ റേഡിയോയുടെ ഡൽഹി നിലയത്തിൽ നിന്ന് രണ്ടു സ്വതന്ത്ര രാജ്യങ്ങളായി വെട്ടിമുറിക്കുവാനുള്ള തീരുമാനം പ്രഖ്യാപിക്കുന്ന ദിവസം ഗാന്ധിജി മൗനവ്രതത്തിൽ ആയിരുന്നു. അന്നും ഗാന്ധിജിക്ക് രണ്ട് രാജ്യങ്ങളാക്കുന്നത് സമ്മതമല്ലായിരുന്നു. ഗാന്ധിജിയെ സമ്മതിപ്പിക്കാൻ മൗണ്ട് ബാറ്റൻ നടത്തിയ ശ്രമങ്ങൾ ചരിത്രം ആണ്. അവസാനം മനസ്സില്ല മനസോടെ ഗാന്ധിജിയും കൂടി സമ്മതിച്ചില്ലെങ്കിൽ വിഭജനം ഇല്ല. അല്ലാതെ, പാകിസ്താനിൽ യൂറോപ്പിൽനിന്നും കുറേ കുടിയേറ്റക്കാരെ കൊണ്ടുവന്നു ഇന്ത്യ അറിയാതെ, ഇന്ത്യൻ നേതാക്കളും ജനതയും അറിയാതെ നടന്നതല്ല ഇന്ത്യ വിഭജനം. അതല്ല ഫലസ്തീനിൽ നടന്നത്.
അതുകൊണ്ട്, ബ്രിട്ടൻ കോളനികളെ ഇഷ്ടം പോലെ വെട്ടി മുറിച്ചിട്ടുണ്ട്, ഇസ്രായേൽ അങ്ങിനെ ഉണ്ടാക്കിയത് ആണ് എന്ന വാദം ചരിത്രം അറിയാത്തതുകൊണ്ടാണ് എന്ന് പറയേണ്ടി വരും.
ബ്രിട്ടീഷ് ആധിപത്യത്തിൽ ആയിരുന്നു ഇന്ത്യ എങ്കിലും, ഇന്ത്യ ഇന്ത്യക്കാരുടേത് ആയിരുന്നു. അതുപോലെ ഫലസ്തീൻ ഫലസ്തീനികളുടേത് ആയിരുന്നു. സ്വദേശികിളുടെ അറിവും സമ്മതവുമില്ലാതെ വെട്ടിമുറിക്കാൻ ബ്രിട്ടന് അധികാരമില്ല. ഇന്ത്യയിൽ അത് നടന്നിട്ടുമില്ല. ഫലസ്തീൻ സ്വദേശികളുടെ അറിവും സമ്മതവുമില്ലാതെ, അവരോട് ചർച്ച ചെയ്യാതെ വെട്ടിമുറിച്ച ബ്രിട്ടനും അത് അംഗീകരിച്ച യു.എന്നും ആണ് ഒന്നാം പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

