റെയിൽവേക്ക് 'ക്യാപ്റ്റൻ കെയർ'; വെയിറ്റിങ് ലിസ്റ്റ് യാത്രക്കാരന് തണലായ ടി.ടി.ഇ ഇന്ത്യൻ വോളിബോൾ ടീം നായകൻ, വൈറലായി ഫേസ്ബുക്ക് കുറിപ്പ്
text_fieldsകോഴിക്കോട്: ഇന്ത്യൻ റെയിൽവേയിലെ ജീവനക്കാരുടെ മാന്യവും സുതാര്യവുമായ പെരുമാറ്റത്തെയും സേവനമനോഭാവത്തെയും പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ യാത്രക്കാരന്റെ അനുഭവക്കുറിപ്പ്. വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി യാത്ര ചെയ്യേണ്ടി വന്ന തനിക്ക് കൃത്യമായ വഴികാട്ടുകയും ആശ്വാസമേകുകയും ചെയ്ത ടി.ടി.ഇ അത്ര സാധാരണക്കാരനല്ലെന്നും, ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റനും അന്താരാഷ്ട്ര താരവുമായ മനു ജോസഫ് ആയിരുന്നുവെന്നുമുള്ള തിരിച്ചറിവാണ് യാത്രക്കാരനായ ഹാഷിം ആസിഫിനെ അത്ഭുതപ്പെടുത്തിയത്.
കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് 16630 മലബാർ എക്സ്പ്രസ്സിൽ എ.സി ഫസ്റ്റ് ക്ലാസിൽ യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്ത ഹാഷിമിന്റെ ടിക്കറ്റ് കൺഫേം ആയിരുന്നില്ല. തുടർന്ന് അൺറിസർവ്ഡ് ടിക്കറ്റുമായി വണ്ടിയിൽ കയറിയ ഹാഷിം എ.സി കംപാർട്ട്മെന്റിലെ ടി.ടി.ഇയെ കണ്ട് സീറ്റ് ഒഴിവുണ്ടോ എന്ന് അന്വേഷിക്കുകയായിരുന്നു. യാത്രക്കാരന് വലിയ തുക പിഴ വരാതിരിക്കാൻ സ്ലീപ്പർ ക്ലാസിലെ പിഴ തുക മാത്രം ഈടാക്കി സ്ലീപ്പർ കോച്ചിലേക്ക് അയക്കുകയാണ് ടി.ടി.ഇ മിസ്റ്റർ മനു ജോസഫ് ആദ്യം ചെയ്തത്. എ.സിയിൽ സീറ്റ് ഒഴിവ് വരികയാണെങ്കിൽ വിളിക്കാമെന്ന് ഉറപ്പുനൽകി ഹാഷിമിന്റെ ഫോൺ നമ്പറും വാങ്ങി.
സ്ലീപ്പർ കോച്ചിലെത്തിയ ഹാഷിമിന് അവിടെയുണ്ടായിരുന്ന മറ്റൊരു ടി.ടി.ഇ തിരൂർ വരെ കിടക്കാൻ സീറ്റ് സൗകര്യപ്പെടുത്തി നൽകുകയും ചെയ്തു. പിന്നീട് വടകര കഴിഞ്ഞപ്പോൾ മനു ജോസഫ് ഫോണിൽ വിളിച്ച് എ.സി കോച്ചിൽ സീറ്റ് ഒഴിവുണ്ടെന്ന് അറിയിക്കുകയായിരുന്നു. അധിക തുകയ്ക്കുള്ള കൃത്യമായ റെസീപ്റ്റ് നൽകിയതിനൊപ്പം, ബെഡ്ഷീറ്റ് സൗകര്യം ലഭിക്കാത്തത് ശ്രദ്ധയിൽപെട്ടപ്പോൾ സ്വയം അറ്റൻഡറുടെ അടുത്ത് പോയി ബെഡ്ഷീറ്റ് വാങ്ങിച്ചു നൽകാനും അദ്ദേഹം മടിച്ചില്ല.
യാത്രയിലുടനീളം തന്നോട് കാണിച്ച വലിയ സ്നേഹത്തിനും മാന്യമായ പെരുമാറ്റത്തിനും നന്ദി പറയാനായി ആളുടെ പേര് സെർച്ച് ചെയ്തപ്പോഴാണ് തനിക്ക് വഴി കാട്ടിയത് ഇന്ത്യൻ വോളിബോൾ ടീം നായകനായ സാക്ഷാൽ മനു ജോസഫ് ആണെന്ന് ഹാഷിം തിരിച്ചറിയുന്നത്. ഇത്തരം ജീവനക്കാർ ഇന്ത്യൻ റെയിൽവേയ്ക്ക് തന്നെ വലിയൊരു മുതൽക്കൂട്ടാണെന്ന് ഹാഷിം ഫേസ്ബുക്കിൽ കുറിച്ചു.
ഹാഷിം ആസിഫിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
"ഇന്ത്യൻ റെയിൽവേയിലെ TTE.മാർ എത്ര മാന്യമായും സുതാര്യമായുമാണ് പെരുമാറുന്നത്! ഇന്നലെ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് 16630 മലബാർ എക്സ്പ്രസ്സിൽ യാത്ര ചെയ്തിരുന്നു. എ.സി. ഫസ്റ്റ് ക്ലാസ് ആയിരുന്നു ബുക്ക് ചെയ്തിരുന്നത്; ടിക്കറ്റ് കൺഫേം ആയിരുന്നില്ല, വെയിറ്റിംഗ് ലിസ്റ്റ് 2 ആയിരുന്നു. ലോക്കൽ ടിക്കറ്റ് എടുത്ത് വണ്ടി കയറി AC കംപാർട്ട്മെന്റിലെ TTE ആയ മിസ്റ്റർ മനു ജോസഫിനെ കണ്ട് വല്ല സീറ്റും വേക്കന്റ് ഉണ്ടോ എന്ന് ചോദിച്ചു.
അദ്ദേഹം അവിടെ ഒരു സീറ്റിൽ എന്നോട് ഇരിക്കാൻ പറഞ്ഞു. എന്നിട്ട് വളരെ മാന്യമായി പറഞ്ഞു:
"എ.സി. കോച്ച് ഫുൾ ആണ്. നിങ്ങൾ സ്ലീപ്പറിൽ പോകൂ, ഞാൻ സ്ലീപ്പറിന്റെ ഫൈൻ എഴുതിത്തരാം, എസിയുടെ ആണെങ്കിൽ ഒരുപാട് സംഖ്യ ആകും."
എന്നിട്ട് സ്ലീപ്പർ ക്ലാസ്സിലെ ടി.ടി.ഇ.-ന്റെ സീറ്റിൽ പോയി ഇരുന്നോളാൻ പറഞ്ഞു. AC കോച്ചിൽ വല്ല സീറ്റും ഒഴിവ് വരികയാണെങ്കിൽ വിളിച്ചു പറയാമെന്ന് പറഞ്ഞ് എന്റെ ഫോൺ നമ്പറും വാങ്ങി. ഞാൻ സ്ലീപ്പർ കോച്ചിൽ അദ്ദേഹം പറഞ്ഞ സീറ്റിൽ പോയി ഇരുന്നു. അപ്പോൾ അവിടെയുണ്ടായിരുന്ന ടി.ടി.ഇ.-ഉം എന്റെ ഫൈൻ അടച്ച റെസീപ്റ്റ് നോക്കി, തിരൂർ വരെ ഒരു സീറ്റ് ഒഴിവുണ്ട്, അവിടെ പോയി കിടന്നോളാൻ പറഞ്ഞു. അദ്ദേഹവും വളരെ മാന്യമായാണ് പെരുമാറിയത് (പേര് ശ്രദ്ധിക്കാൻ വിട്ടുപോയി).
പിന്നീട് വടകര കഴിഞ്ഞപ്പോൾ എ.സി. കോച്ചിൽനിന്ന് മിസ്റ്റർ മനു ജോസഫ് എന്നെ ഫോണിൽ വിളിച്ചു അവിടേക്ക് പോകാൻ പറഞ്ഞു. അദ്ദേഹം വിളിക്കുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. ഞാൻ അവിടെ ചെന്നു. അദ്ദേഹം എ.സി. സീറ്റിനുള്ള എക്സ്ട്രാ പേയ്മെന്റ് എഴുതിത്തന്നു. എല്ലാ പേയ്മെന്റിനും കൃത്യമായ റെസീപ്റ്റ് തന്നിരുന്നു. എനിക്ക് ലഭിച്ച സീറ്റിൽ ബെഡ്ഷീറ്റ് ഉണ്ടായിരുന്നില്ല; അത് ശ്രദ്ധയിൽപ്പെട്ട അദ്ദേഹം തന്നെ അറ്റൻഡറുടെ അടുത്തുപോയി വാങ്ങി എനിക്ക് കൊണ്ടുവന്നു തന്നു. ലഗേജുമായി അങ്ങോട്ടും ഇങ്ങോട്ടും പോയി ബുദ്ധിമുട്ടിയോ എന്ന് കുശലന്വേഷണവും നടത്തി.
എത്ര മാന്യമായ പെരുമാറ്റം! ഒരു മുൻപരിചയവുമില്ലാത്ത അദ്ദേഹത്തോട് എനിക്ക് വല്ലാത്ത സ്നേഹവും ബഹുമാനവും തോന്നി. മനു ജോസഫിനെപ്പോലെയുള്ളവരും , പേരറിയാത്ത ആ സ്ലീപ്പർ കോച്ചിലെ TTEനെ പോലുള്ളവർ ഇന്ത്യൻ റെയിൽവേയ്ക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ്.
അദ്ദേഹത്തിന്റെ മുഖം എവിടെയോ കണ്ടതുപോലെ തോന്നിയതുകൊണ്ട് ഒന്ന് സെർച്ച് ചെയ്തപ്പോൾ ഞാൻ ഞെട്ടിപ്പോയി! ഇന്ത്യൻ റെയിൽവേ വോളിബോൾ ടീമിന്റെ ക്യാപ്റ്റനും, അന്താരാഷ്ട്ര വോളിബോൾ താരവുമാണ് മിസ്റ്റർ മനു ജോസഫ്. നേരത്തെ ആളെ തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഒരു സെൽഫി എടുക്കാമായിരുന്നു!
എന്തായാലും, Thank you so much, Mr. Manu Joseph 🙏🏻."
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

