ഹിജാബ് വിലക്ക്; വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് പോലെ വിരോധാഭാസമല്ലാതെ മറ്റെന്താണ്? - ഡോ. ബഹാഉദ്ധിൻ മുഹമ്മദ് നദ്വി
text_fieldsകോഴിക്കോട് : പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന് കുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞ പോലെ, വിദ്യാര്‍ത്ഥികൾ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് ശിരോവസ്ത്രം ധരിച്ചൊരു അധ്യാപിക പറയുന്നത് വിരോധാഭാസമല്ലാതെ മറ്റെന്താണെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ബഹാഉദ്ധിൻ മുഹമ്മദ് നദ്വി കൂരിയാട്. സംസ്ഥാനത്തെ മതേതര രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും മൗനം ഭജിക്കുന്നത് നിരാശാജനകമാണെന്നും അദ്ധേഹം ഫേസ്ബുക്കിൽ കുറിച്ചു.
മതാചാരങ്ങള്‍ അനുവര്‍ത്തിക്കാനും മതചിഹ്നങ്ങള്‍ പാലിക്കാനും രാഷ്ട്രത്തിന്റെ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവാശത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന സമീപനമാണ് റീത്താസ് സ്കൂള്‍ അധികൃതരില്‍ നിന്നുണ്ടായതെന്നും അനാവശ്യമായ മതധ്രുവീകരണത്തിന് ഹേതുകമാക്കുന്ന പ്രവണതകളെ ഇല്ലാതാക്കുന്നതിനു പകരം അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കോപ്പുകൂട്ടുന്നവരെ കൂടെ നിര്‍ത്താന്‍ ജനപ്രതിനിധികളടക്കം ശ്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ബഹാഉദ്ധിൻ മുഹമ്മദ് നദ്വി പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തില്‍ സംസ്ഥാനത്തെ മതേതര രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും മൗനം ഭജിക്കുന്നത് നിരാശാജനകമാണ്.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന് കുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞ പോലെ, വിദ്യാര്‍ത്ഥികൾ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് ശിരോവസ്ത്രം ധരിച്ചൊരു അധ്യാപിക പറയുന്നത് വിരോധാഭാസമല്ലാതെ മറ്റെന്താണ്?
മതാചാരങ്ങള്‍ അനുവര്‍ത്തിക്കാനും മതചിഹ്നങ്ങള്‍ പാലിക്കാനും രാഷ്ട്രത്തിന്റെ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവാശത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന സമീപനമാണ് റീത്താസ് സ്കൂള്‍ അധികൃതരില്‍ നിന്നുണ്ടായത്. ബഹുസ്വര സമൂഹത്തില്‍ സര്‍വ മതസ്ഥരെയും ഉള്‍ക്കൊള്ളാനും അവരുടെ വിശ്വാസ ആചാരങ്ങളെ ബഹുമാനിക്കാനും പഠിച്ചെടുക്കേണ്ടത് വിദ്യാലയങ്ങളില്‍ നിന്നാണ്; അതു പഠിപ്പിക്കേണ്ടത് അധ്യാപകരും.
വിദ്യാലയങ്ങളിലെ യൂണിഫോം തത്വങ്ങള്‍ക്ക് വിരുദ്ധമാകാത്ത തരത്തില്‍ ഹിജാബ് ധരിക്കുന്നതിന് അനുമതി നൽകുന്ന പാരമ്പര്യമാണ് ലോകമെങ്ങുമെന്ന പോലെ കേരളീയ പൊതുസമൂഹത്തിന്റേത്. അനാവശ്യമായ മതധ്രുവീകരണത്തിന് ഹേതുകമാക്കുന്ന പ്രവണതകളെ ഇല്ലാതാക്കുന്നതിനു പകരം അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കോപ്പുകൂട്ടുന്നവരെ കൂടെ നിര്‍ത്താന്‍ ജനപ്രതിനിധികളടക്കം ശ്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരധ്യാപികയുടെ ശബ്ദ സന്ദേശത്തിന്റെ പേരിൽ തൃശൂർ കുന്നംകുളത്തെ മുസ്ലിം മാനേജ്മെന്റ് സ്കൂളിനെതിരെ കേസും സമരവുമായി രംഗത്തിറങ്ങിയവർ ശിരോവസ്ത്രത്തിന്റെ പേരിൽ ഒരു പെൺകുട്ടിയുടെ പഠനം മുടക്കി കൊലച്ചിരി ചിരിക്കുന്ന സ്കൂളിനെതിരെ മൗനികളാകുന്നതിനു പിന്നിലെ അജണ്ട പൊതുസമൂഹം തിരിച്ചറിയണം. ബ്രിട്ടനിലും റഷ്യയിലും പെൺമക്കളെ പഠിപ്പിക്കുന്ന സാധാരണക്കാരനായൊരു പിതാവിനോട് വിദ്യാഭ്യാസത്തിനു പ്രാധാന്യം കൊടുക്കണമെന്നുപദേശിച്ചു തരംതാഴുന്ന അറുവഷളൻ മാധ്യമപ്രവർത്തനവും ചോദ്യം ചെയ്യപ്പെടണം.
പ്രകാശം പരത്തുന്നതാവണം പള്ളിക്കൂടം. വൈവിധ്യങ്ങളുണ്ടാവുമ്പോൾ അതിന്റെ മിഴിവുമേറുന്നു. ഇസ് ലാമോഫോബിയയുടെയും മതവിരോധത്തിന്റെയും ഇരുട്ടു പരത്തുന്നവരെ ബഹിഷ്കരിക്കാൻ മതേതര കേരളം തീരുമാനിച്ചാൽ ഒരു ബഹുസ്വര സമൂഹമായിത്തന്നെ നമുക്കിനിയും പ്രയാണം തുടരാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

